തിരുവനന്തപുരം: വിമർശനങ്ങളും ട്രോളുകളും കളം നിറഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ ഇത്ര പെട്ടെന്ന് ഇത്രയധികം ഹിറ്റായ ഒരു സിനിമാഗാനം അടുത്തെങ്ങും ഉണ്ടായിക്കാണില്ല. പുറത്തിറങ്ങി ഒരുദിവസം കൊണ്ടു തന്നെ ലക്ഷങ്ങളെ ആകർഷിച്ച ഈ പൂമരത്തിലെ ഗാനം വളരെ പെട്ടെന്നു തന്നെ ട്രോളർമാർക്കും ഇഷ്ടവിഷയമായി.

വിമർശനങ്ങളുടെ കൂരമ്പുകളും ഈ പാട്ടിനെതിരെ വന്നു. എന്തു വരികളാണിത്, കപ്പൽ വെറുമൊരു പൂമരം കൊണ്ടാണോ ഉണ്ടാക്കുന്നത്, കപ്പലിൽ എന്തിനാണ് പങ്കായം തുടങ്ങിയ വിമർശകർ പല ചോദ്യങ്ങളാണുന്നയിച്ചത്.

നിരവധി ട്രോളുകളും പാട്ടിനെ ചുറ്റിപ്പറ്റി വന്നു. ഈ ട്രോളുകളിൽ പലതും പാട്ടിൽ അഭിനയിച്ച കാളിദാസൻ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്യുകയും ചെയ്തു.

എന്നാൽ വിമർശനങ്ങളേക്കാളേറെ ഇഷ്ടം പ്രകടിപ്പിക്കുന്നവരായിരുന്നു കൂടുതൽ. നിരവധി കാരണങ്ങളാണ് അതിനുള്ളത്. കാളിദാസൻ എന്ന ബാലതാരത്തോടുള്ള ഇഷ്ടം മുതിർന്നപ്പോഴും പ്രേക്ഷകർ ഉപേക്ഷിച്ചില്ല എന്നതു തന്നെയാണ് ഒരു കാരണം.

ആർക്കും പാടാൻ കഴിയുന്ന തരത്തിലുള്ള ഈണവും ഈ ഗാനത്തെ ഹൃദ്യമാക്കി. എന്നാൽ ഈ ഗാനം ആസ്വാദകരുടെ മനസിൽ ചേക്കേറിയതിനു പിന്നിൽ ഒരു കാരണം കൂടിയുണ്ട്. എറണാകുളത്തെ മഹാരാജാസ് കോളേജ്.

എറണാകുളത്തെ പ്രശസ്തമായ ആ കലാലയത്തിന്റെ ആത്മാവിനോടു ചേർന്നു നിൽക്കുന്ന ഗാനമെന്നാണ് പൂർവവിദ്യാർത്ഥികളുൾപ്പെടെയുള്ളവർ പറയുന്നത്. മഹാരാജാസിന്റെ ഓർമകളെയാണ് ഈ ഗാനം തൊട്ടുണർത്തുന്നതെന്ന് ഏവരും സമ്മതിക്കും. മഹാരാജസിന്റെ മണ്ണിനോടും മരങ്ങളോടും ഓർമകളോടും ഏറെ ചേർന്നു നിൽക്കുന്നു ഈ പാട്ട്. ദൃശ്യങ്ങൾ ചിത്രീകരിച്ചത് മഹാരാജാസിൽ ആണ് എന്നതു മാത്രമല്ല അതിനു കാരണം. പാട്ടിന് ഈണം പകർന്നതും പാടിയതും കോളേജിലെ ഒരു പൂർവ വിദ്യാർത്ഥിയാണ്.

ഫൈസൽ റാസിയെന്ന മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിയാണ് ഏവരും നെഞ്ചേറ്റിയ ഈ ഗാനം പാടിയത്. മഹാരാജാസിലെ കുട്ടികളും അവിടത്തെ പ്രഗത്ഭരായ അദ്ധ്യാപകരിലൊരാളുമായ രോഹിണി ടീച്ചറുമാണ് പാട്ടിലെ ദൃശ്യങ്ങളിലുള്ളവർ എന്നതും മറ്റൊരു പ്രത്യേകതയാണ്. ഗായകൻ ഫൈസലും ദൃശ്യങ്ങളിലുണ്ട്. കോളേജ് കലോൽസവത്തിനായി തയ്യാറെടുക്കുന്ന മഹാരാജാസ് വിദ്യാർത്ഥിയായാണ് കാളിദാസ് ജയറാം ഗാനരംഗത്തിൽ അഭിനയിക്കുന്നത്.

മഹാരാജാസ് കോളേജ് പല തവണ ഏറ്റുപാടിയ ഗാനമാണ് ഞാനും ഞാനുമെന്റാളും എന്ന കവിത. ഇതിനെ പുത്തൻ ഈണത്തിലാണു സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. കോളേജ് കലോൽസവത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്.

ലൈം ലൈറ്റ് സിനിമാസിന്റെ ബാനറിൽ ഡോ. പോൾ വർഗീസും എബ്രിഡ് ഷൈനും ചേർന്നു നിർമ്മിക്കുന്ന പൂമരം സംവിധാനം ചെയ്തത് എബ്രിഡ് ഷൈനാണ്. അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രം തീയേറ്ററിൽ എത്തുമെന്നാണു പ്രതീക്ഷ.

മഹാരാജാസിലെ മണ്ണിന്റെയും കെട്ടിടങ്ങളുടെയും മരത്തണലുകളുടെയും പുസ്തകങ്ങളുടെയും ആത്മാവിൽ നിന്നെത്തിയ ഈ ഗാനം ഹിറ്റായതു പോലെ ചിത്രവും പ്രേക്ഷകമനസു കീഴടക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും.