- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുർബല സ്ഥാനാർത്ഥിയെ നിർത്തി ബിജെപി രണ്ട് കൈയും നീട്ടി സഹായിക്കുമ്പോഴും ലൗവ് ജിഹാദ് വിഷയങ്ങളിൽ ഊന്നി ക്രിസ്ത്യൻ വോട്ടുറപ്പിച്ച് മുമ്പോട്ട്; ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിച്ച് പിസി ജോർജ് ജയിക്കുമെന്ന സൂചന പുറത്തു വന്നതോടെ പോപ്പുലർ ഫ്രണ്ടിനും എസ് ഡി പിഐയ്ക്കും ഓശാന പാടിയ ജോർജിന്റെ വീഡിയോകൾ വൈറലാക്കി എതിരാളികൾ; പൂഞ്ഞാറിലേത് സമാനതകളില്ലാത്ത പോരാട്ടം
കോട്ടയം: പൂഞ്ഞാറിന്റെ മനസ്സ് വീണ്ടും പിസി ജോർജ് പിടിക്കുമെന്ന ആശങ്ക ഇടതു വലതു മുന്നണികൾക്കുണ്ട്. മുസ്ലിം വിരുദ്ധനായി പിസി ജോർജിനെ ചിത്രീകരിച്ച് ജയിച്ചു കയറുകയായിരുന്നു എതിരാളികളുടെ ലക്ഷ്യം. ഇതിന് വേണ്ടി ഇടതും വലതും പദ്ധതികൾ ഒരുക്കി. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നിന്ന് പിസിയെ കൂവി ഓടിച്ചു. പിസിയുടെ ജനപിന്തുണ കുറഞ്ഞെന്ന് വരുത്താനായിരുന്നു ഇത്. എന്നാൽ വർഗീയ തീവ്രവാദികളാണ് തന്നെ ഓട്ടിക്കുന്നതെന്ന് പറഞ്ഞ് പിസി തിരിച്ചടിച്ചു. തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് ആവർത്തിക്കുകയും ചെയ്തു.
ഇതോടെ ഭൂരിപക്ഷ സമൂദായത്തിൽ പിസി ഹീറോയായി. ലൗ ജിഹാദിൽ ക്രൈസ്തവ സഭകളോട് പിസി ചേർന്നു നിന്നു. ഇതോടെ ക്രൈസ്തവരും പൂഞ്ഞാറിൽ പിസി പക്ഷത്തേക്ക് മറിയുകാണ്. ഈ ഭയം ഇന്ന് പൂഞ്ഞാറിലെ പിസി ജോർജിന്റെ എതിരാളികൾക്കുണ്ട്. അതുകൊണ്ട് തന്നെ പിസി ജോർജിനുള്ള പഴയ എസ് ഡി പി ഐ-പോപ്പുലർ ഫ്രണ്ട് ബന്ധം ചർച്ചയാക്കുകയാണ് എതിരാളികൾ. ശബരിമലിയിൽ ബിജെപിയെ പിന്തുണച്ച നേതാവാണ് പിസി ജോർജ്. കോന്നി ഉപതെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രനെ പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെയാണ് പോപ്പുലർ ഫ്രണ്ടും എസ് ഡി പി ഐയും ജോർജിനെ ശത്രുവായി പ്രഖ്യാപിക്കുന്നത്.
ദുർബല സ്ഥാനാർത്ഥിയെ നിർത്തി ബിജെപി രണ്ട് കൈയും നീട്ടി സഹായിക്കുമ്പോഴും ലൗവ് ജിഹാദ് വിഷയങ്ങളിൽ ഊന്നി ക്രിസ്ത്യൻ വോട്ടുറപ്പിച്ച് മുമ്പോട്ട് പോവുകയാണ് പിസി ജോർജ്. ബിജെപിയുടെ വോട്ടുകൾ ഇത്തവണ പിസിക്ക് കിട്ടുമെന്ന സൂചന അതിശക്തമാണ്. അയോധ്യയിലും മറ്റും സംഭാവന നൽകി പിസി പരിവാറുകാരുടെ പ്രിയങ്കരനായി കഴിഞ്ഞു. ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിച്ച് പിസി ജോർജ് വീണ്ടും ജയിക്കുമെന്ന സൂചന പുറത്തു വന്നതോടെയാണ് പോപ്പുലർ ഫ്രണ്ടിനും എസ് ഡി പിഐയ്ക്കും ഓശാന പാടിയ ജോർജിന്റെ വീഡിയോകൾ വൈറലാക്കി എതിരാളികൾ മറുതന്ത്രം മെനയുന്നത്. അങ്ങനെ പൂഞ്ഞാറിലേത് സമാനതകളില്ലാത്ത പോരാട്ടം ആയി മാറുകയാണ്. അടിയൊഴുക്കുകളാകും ഇവിടെ വിജയി.
ഈരാറ്റുപേട്ട നഗരസഭയും ഒമ്പത് പഞ്ചാത്തുകളും ചേർന്ന പൂഞ്ഞാർ കേരളത്തിലെ തന്നെ ഏറ്റവും വലിയ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ്. മുസ്ലിം- ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് ഈ മേഖലയിൽ മുൻതൂക്കം. യുഡിഎഫിനോടാണ് ഏറ്റവുമധികം കൂറ് പുലർത്തിയിട്ടുള്ളതെങ്കിലും ഇടയ്ക്കിടെ എൽഡിഎഫിന് അനുകൂലമായ തരംഗവും പൂഞ്ഞാറിലുണ്ടായിട്ടുണ്ട്. ഏഴ് തവണ പൂഞ്ഞാറിൽ എംഎൽഎയായ പിസി ജോർജ് ജനപക്ഷം സ്ഥാനാർത്ഥിയായി ഇക്കുറിയും ഒറ്റയ്ക്ക് നിന്ന് മത്സരിക്കുമ്പോൾ എതിരിൽ യുഡിഎഫിന് വേണ്ടി അഡ്വ. ടോമി കല്ലാനിയും എൽഡിഎഫിന് വേണ്ടി സെബാസ്റ്റ്യൻ കുളത്തുങ്കൽ എൻഡിഎയ്ക്ക് വേണ്ടി എം പി സെന്നും മത്സരരംഗത്തുണ്ട്. ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് ഇക്കുറി പൂഞ്ഞാർ ഒരുങ്ങുന്നതും.
വികസനം എത്താത്ത ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ വികസനം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടോമി കല്ലാനി പറയുന്നു. പഞ്ചായത്തിലെ മുഴുവൻ ഗ്രാമീണ റോഡുകളും നവീകരിക്കുമെന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലും. എന്നാൽ ഇതൊന്നും ഏശാത്ത തരത്തിലേക്കാണ് പൂഞ്ഞാറിലെ പോരാട്ടം മാറുന്നത്. അതുകൊണ്ട് തന്നെ ജോർജിനെ തറപറ്റിക്കാൻ വിവിധ തരത്തിലുള്ള വീഡിയോകൾ വോട്ടർമാരിലേക്ക് എത്തിക്കുയാണ് എതിരാളികൾ. പി.സി. ജോർജിലേക്കു വോട്ട് ചോർന്ന് കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തായ എൽ.ഡി.എഫ്, ആ വോട്ടുകൾ തിരിച്ചെത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണ്.
ഇടതായാലും വലതായാലും കൂടുതൽ തവണ കേരളാ കോൺഗ്രസിനെ വിജയിപ്പിച്ചിട്ടുള്ള മണ്ഡലത്തിൽ പലപ്പോഴും നടന്നിരുന്നതു കേരളാ കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടമായിരുന്നു. വലതു കോട്ടയെന്നാണു വിശ്വാസമെങ്കിലും ഇതിനു മുമ്പ് കോൺഗ്രസിനു മത്സരിക്കാൻ കഴിഞ്ഞത് 1957ലും 1960ലും മാത്രമാണ്. 1980ലും 82 ലും പിന്നീട് 1996 മുതൽ തുടർച്ചയായും പി.സി. ജോർജാണു വിജയി. കഴിഞ്ഞ തവണയൊഴികെ, വിവിധ കേരളാ കോൺഗ്രസ് ഗ്രൂപ്പുകളിലായി മുന്നണികൾ മാറിമാറിയായിരുന്നു ഈ വിജയങ്ങളെല്ലാം. 2016ൽ കേരള ജനപക്ഷമെന്ന പേരിൽ പാർട്ടിയുണ്ടാക്കി ഇടത്-വലത് മുന്നണികളെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടി.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ ഭാഗമായിരുന്ന മുണ്ടക്കയം, എരുമേലി , പാറത്തോട് പഞ്ചായത്തുകൾകൂടി 2011-ലെ മണ്ഡല പുനർനിർണയത്തോടെ പൂഞ്ഞാർ മണ്ഡലത്തിന്റെ ഭാഗമായി. ഈരാറ്റുപേട്ട നഗരസഭയും പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട്, കൂട്ടിക്കൽ, മുണ്ടക്കയം, പാറത്തോട്, എരുമേലി, കോരുത്തോട് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണു പൂഞ്ഞാർ നിയോജകമണ്ഡലം. ഇതിൽ ഈരാറ്റുപേട്ട, നഗരസഭയും കോരുത്തോട്, തീക്കോയി പഞ്ചായത്തുകളുമൊഴികെ ഭരണം ഇടതുമുന്നണിക്കാണ്.
അതിനാൽ ഇക്കുറി അട്ടിമറി വിജയം നേടാനാവുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. രാഷ്ട്രീയ ബലാബലത്തിൽ നാലു പേരും വിജയം അവകാശപ്പെടുമ്പോഴും പൂഞ്ഞാർ മണ്ഡലത്തിൽ അടുത്തയിടെ രൂപപ്പെട്ട ജാതി - മത സമവാകങ്ങളായിരിക്കും വിജയിയെ നിശ്ചയിക്കുക.
മറുനാടന് മലയാളി ബ്യൂറോ