തിരുവനന്തപുരം: ഐഎൻഎൽ വിട്ട് പിഡിപിയിലേക്ക് മടങ്ങി പൂന്തുറ സിറാജ്. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ മുഖവും ശബ്ദവും ഇഷ്ടമില്ലാത്ത സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് ഐഎൻഎൽ വിട്ടതെന്ന് പൂന്തുറ സിറാജ് പ്രതികരിച്ചു.നിലവിൽ ചികിത്സാർത്ഥം സ്വകാര്യആശുപത്രിയിൽ കഴിയുകയാണ് പൂന്തുറ സിറാജ്. മടങ്ങിയെത്തിയ ശേഷം കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

പിഡിപിയുടെ വർക്കിങ് പ്രസിഡണ്ടായിരുന്ന സിറാജിനെ 2019ലെ സംഘടന തെരഞ്ഞെടുപ്പിൽ കാര്യമായി പരിഗണിക്കാൻ പിഡിപി നേതൃത്വം തയ്യാറായിരുന്നില്ല. പിന്നീട് വൈസ് പ്രസിഡണ്ടായി നോമിനേറ്റ് ചെയ്‌തെങ്കിലും സിറാജ് സ്ഥാനമേറ്റെടുക്കാതെ വിട്ടുനിൽക്കുകയായിരുന്നു.  തുടർന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിനോടടുത്ത് അദ്ദേഹം ഐഎൻഎല്ലിൽ ചേർന്നത്. എന്നാൽ സിറാജിന് സീറ്റ് ലഭിച്ചിരുന്നില്ല.തിരുവനന്തപുരം കോർപ്പറേഷൻ മാണിക്യവിളാകം വാർഡിൽ സിറാജിനെ സ്ഥാനാർത്ഥിയാക്കാനാണ് ഐഎൻഎൽ നിശ്ചയിച്ചിരിക്കുന്നത്.

സിറാജിനെ മത്സരിപ്പിക്കാനാവില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വം നിലപാടെടുക്കുകയായിരുന്നു.കോർപ്പറേഷനിലെ സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ തന്നെ ഐഎൻഎല്ലും തങ്ങളുടെ ഏക സീറ്റിലെ സ്ഥാനാർത്ഥിയായി സിറാജിനെ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ സിപിഐഎം പ്രാദേശിക നേതൃത്വം എതിർത്തിരുന്നു. ഒടുവിൽ സീറ്റ് ലഭിച്ചിരുന്നില്ല.

1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പിഡിപി സ്ഥാനാർത്ഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ പി.ഡി.പിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.