തിരുവനന്തപുരം: ഐഎൻഎല്ലിൽ ചേക്കേറി ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയാകാനുള്ള നീക്കങ്ങളെ തുടർന്ന് പിഡിപി മുൻ വർക്കിം​ഗ് ചെയർമാൻ പൂന്തുറ സിറാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. മറ്റൊരു പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതായി ഔദ്യോഗിക വിവരം ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് പി.ഡി.പി.സംസ്ഥാന കമ്മിറ്റി സംഘടനാകാര്യ ജനറൽ സെക്രട്ടറി വി എം.അലിയാർ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ കുറേ കാലങ്ങളായി സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു പൂന്തുറ സിറാജ്. സംഘടനാ അച്ചടക്കലംഘനത്തിന്റെ പേരിൽ പൂന്തുറ സിറാജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ബാംഗ്‌ളൂരിൽ നിന്ന് അറിയിച്ചതായി വി. എം.അലിയാർ അറിയിച്ചു.

അതിനിടെ, സിറാജിനെ തള്ളി മഅ്ദനിയുടെ ഫേസ്‌ബുക്ക് പോസ്റ്റും പുറത്ത് വന്നിരുന്നു. ഭാരം ഏൽപ്പിക്കുന്നത് അല്ലാഹുവിനെയാണെങ്കിൽ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്ന തലക്കെട്ട് നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിൽ ഒരു തൂവൽ നഷ്‌ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ലെന്നും, അതുപോലെ ഒരു പരാജയമോ നഷ്‌ടമോ നമ്മളെ തളർത്താതിരിക്കട്ടെയെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. എന്നാൽ ഈ പോസ്റ്റ് മദനിയുടെ ഔദ്യോ​ഗിക പ്രതികരണമാണോ എന്ന കാര്യത്തിൽ നേതൃത്വം വ്യക്തത വരുത്തിയിട്ടില്ല.

പി.ഡി.പിയുടെ വർക്കിങ് ചെയർമാനായിരുന്ന സിറാജിന് 2019 ഡിസംബറിൽ നടന്ന സംഘടന തെരഞ്ഞെടുപ്പിൽ പ്രാധാന്യം ലഭിച്ചിരുന്നില്ല. താഴേതട്ടിൽ നിന്നും സിറാജിന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്റായി അദ്ദേഹത്തെ പിന്നീട് നോമിനേറ്റ് ചെയ്യുകയായിരുന്നുവെന്നും പി.ഡി.പി സംസ്ഥാന നേതൃത്വം പറഞ്ഞു. എന്നാൽ സ്ഥാനമേറ്റെടുക്കാതെ പൂന്തുറ സിറാജ് വിട്ടുനിൽക്കുകയായിരുന്നുവെന്നും പി.ഡി.പി നേതൃത്വം പറഞ്ഞു.

കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാതെ വരികയും പൗരത്വ പ്രക്ഷോഭത്തിലും മഅ്ദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങളിൽ ഉൾപ്പെടെയുള്ള പാർട്ടി പരിപാടികളിലും സംഘടനാ പ്രവർത്തനങ്ങളിലും പൂന്തുറ സിറാജ് സഹകരിച്ചില്ലെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. 25 വർഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോർപ്പറേഷൻ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാർമീകതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്നും പാർട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു.

പൂന്തുറ സിറാജ് പാർട്ടി വിട്ട് ഐ.എൻ.എല്ലിൽ ചേരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഇടതു സ്ഥാനാർത്ഥിയായി സിറാജ് മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും. ഐ.എൻ.എല്ലിൽ ചേർന്ന് തിരുവനന്തപുരം കോർപറേഷനിൽ മാണിക്ക വിളാകം ഡിവിഷനിൽ നിന്ന് ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കും. നിലവിൽ പി.ഡി.പി ഒറ്റക്ക് മത്സരിക്കുന്ന ഈ ഡിവിഷൻ ഇടതുമുന്നണി ഐ.എൻ.എല്ലിന് നൽകിയതാണ്. നേരത്തേ കോർപറേഷനിലേക്ക് ജയിച്ചിട്ടുള്ള പൂന്തുറ സിറാജ് വഴി ഇത്തവണ സീറ്റ് നേടാമെന്ന കണക്കുകൂട്ടലിലാണ് ഐ.എൻ.എൽ.

പി.ഡി.പിയുടെ വർക്കിങ് ചെയർമാനായിരുന്ന സിറാജ് അടുത്തിടെ നടന്ന സംഘടന തെരഞ്ഞെടുപ്പിൽ പ്രാധാന്യം ലഭിച്ചിരുന്നില്ല. താഴേതട്ടിൽ നിന്നും സിറാജിന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന റിപ്പോർട്ടുകളും വന്നിരുന്നു. നാമനിർദ്ദേശം വഴി ഭാരവാഹികളെ തീരുമാനിച്ചപ്പോഴും സിറാജിനെ തഴഞ്ഞെന്നും ഈ അസംതൃപ്തിയാണ് പി.ഡി.പി വിടാൻ കാരണമെന്നുമാണ് അറിയുന്നത്.