തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറ പൊലീസ് സ്റ്റേഷനിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂരമായ മർദ്ദനം. ഭാര്യ വീട്ടിലെ വഴിപ്രശ്നവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുന്നതിനായി ഭാര്യാപിതാവിനൊപ്പം എത്തിയതായിരുന്നു യുവാവായ ബ്രാഞ്ച് സെക്രട്ടറി ഫൈസൽ ജോൺ.

എന്നാൽ പൂന്തുറ സ്റ്റേഷനിലെ അജിത്ത് എന്ന സിപിഒ മൊഴി എടുക്കാൻ എന്ന പേരിൽ അദ്ദേഹത്തെ അകത്തേയ്ക്ക് വിളിച്ച് ഒരു മുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നെന്ന് ഫെയ്സലിന്റെ ബന്ധുക്കൾ പറയുന്നു. ക്രൂരമർദ്ദനത്തിനിരയായ ഫെയ്സലിനെ അത്യാസന്ന നിലയിൽ തിരുവനന്തപുരം ജന. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാരമായ പിര്രുകൾ ഫൈസലിന് ഏറ്റിട്ടുണ്ട്. സിപിഎം നേതാക്കൾക്ക് പോലും പൊലീസ് സ്‌റ്റേഷനിൽ നീതി കിട്ടില്ലെന്നതിന് തെളിവാണ് പൂന്തുറ സ്റ്റേഷനിലെ ഈ ക്രൂരത.

പൂന്തുറ ബ്രാഞ്ചിന്റെ സെക്രട്ടറിയാണ് ഫൈസൽ ജോൺ. ഫൈസലിന്റെ ഭാര്യാ വീട്ടിലേയ്ക്കും സമീപമുള്ള മറ്റൊരു വീട്ടിലേയ്ക്കും പോകുന്നത് ഒരു പൊതുവഴിയിലൂടെയാണ്. എന്നാൽ അയൽക്കാരൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നും പുറത്തേയ്ക്കിറങ്ങാനുള്ള സ്ലോപ്പ് റോഡിലേയ്ക്കിറക്കി കോൺക്രീറ്റ് ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് വൃദ്ധനായ ഭർതൃ പിതാവ് ഹിലാരിയെ അയൽക്കാരൻ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഹൃദ്രോഗിയായ അദ്ദേഹം പരിക്കേറ്റ് ആശുപത്രിയിൽ അഡ്‌മിറ്റായി.

മരുമകനോടൊപ്പം പൊലീസിൽ പരാതി നൽകാനെത്തിയ അദ്ദേഹത്തോട് പരാതി ഒത്തുതീർപ്പാക്കാൻ തുടക്കം മുതൽതന്നെ അജിത്ത് സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. എന്നാൽ അവർ അതിന് തയ്യാറാകാതെ വന്നതാണ് വിദ്വേഷത്തിന് കാരണം. സിഐയുടെ ശ്രദ്ധയിൽ ഇക്കാര്യം വന്നപ്പോൾ കേസെടുത്തു. മൊഴി നൽകാൻ പരാതിക്കാരെ വിളിച്ചു വരുത്തി. മൊഴി നൽകാനെത്തിയപ്പോഴും പൊലീസുകാരൻ സമ്മർദ്ദവുമായി എത്തി.

പരാതി പിൻവലിക്കാൻ സാധ്യമല്ല എന്ന് ഉറപ്പിച്ചുപറഞ്ഞ ഫൈസലിനെ കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞ് അകത്തേയ്ക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ക്യാമറ ഇല്ലാത്ത ഒരു മുറിയിൽ കൊണ്ടുപോയി തല്ലിച്ചതച്ചെന്ന് ഫൈസലിന്റെ സഹോദരിഭർത്താവ് മറുനാടനോട് പറഞ്ഞു. സിപിഒ അജിത്തുമായി മുൻ പരിചയമൊന്നുമില്ല. ഫൈസലിന്റെ പേരിൽ മുമ്പ് കേസുകളും ഒന്നുമില്ല. എന്നിട്ടാണ് ഒരു ക്രിമിനലിനെ കൈകാര്യം ചെയ്യുന്നത് പോലെ ക്രൂരമായി മർദ്ദിച്ചതെന്ന് നാട്ടുകാരും പറയുന്നു.

പൊലീസ് മർദ്ദനത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഫൈസൽ തിരുവനന്തപുരം ജന. ഹോസ്പിറ്റലിൽ ചികിൽസയിലാണ്. ഈ സംഭവത്തിൽ പരാതി ഉയർന്നതോടെ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് അന്വേഷണം നടത്തി റിപ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ചുകഴിഞ്ഞു. പൂന്തുറ എസ്എച്ച്ഒയുടെ വിശദീകരണവും വാങ്ങിയിരുന്നു. റിക്കോർഡ് വേഗത്തിലാണ് അന്വേഷണവും റിപ്പോർട്ട് സമർപ്പിക്കലും നടന്നത്. ഇന്നുതന്നെ റിപ്പോർട്ട് പരിശോധിച്ച് കമ്മീഷണർ നടപടി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

പൊലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാകണമെന്നും മറിച്ചുള്ള പ്രവണതകളൊന്നും അംഗീകരിക്കാനാവില്ലെന്നും ശംഖുമുഖം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ മറുനാടനോട് പറഞ്ഞു. പൊലീസ് വകുപ്പിൽ പരിഷ്‌കരണനടപടികൾ അതിവേഗം നടക്കുകയാണ്. അതിന്റെ ഭാഗമായാണ് റിക്കോർഡ് വേഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.