ദോഹ: ഇന്റർനെറ്റ് നമ്മുടെ ജീവിതത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. ദൈനം ദിന ജീവിതത്തിൽ ഇന്റർനെറ്റിന്റെ പങ്കും വളരെ വലുതാണ്. ഖത്തറിലെ സമൂഹം എന്നാൽ ഇപ്പോൾ നെറ്റ് വർക്കിങ് കാര്യത്തിൽ വളരെയേറെ പ്രതിസന്ധി നേരിടുകയാണ്. ടെലികോം സേവനത്തെക്കുറിച്ച് മൊബൈൽ ഉപയോക്താക്കൾക്കുള്ള പരാതികളിൽ ഏറ്റവും കൂടുതൽ ദുർബലമായ ഇന്റർനെറ്റ് നെറ്റ്‌വർക്ക് കവറേജ് സംബന്ധിച്ചാണെന്ന് പുതിയ റിപ്പോർട്ട് പറയുന്നു. കമ്യൂണിക്കേഷൻ റെഗുലേറ്ററി അഥോറിറ്റി(സി.ആർ.എ) ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ടെലികോം, ഡിജിറ്റൽ മീഡിയ, പോസ്റ്റൽ സർവീസ് എന്നീ മേഖലകളിലെ സേവനങ്ങൾ വിലയിരുത്താൻ വിവരസാങ്കേതിക വാർത്താവിനിമയ മന്ത്രാലയത്തിനു (ഐസിറ്റിഖത്തർ)കീഴിൽ ഈവർഷമാണ് സിആർഎ ആരംഭിച്ചത്.

ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രതികരണം അറിയിക്കുന്നതിന് മാർച്ച് മാസത്തിൽ അർസൽ(അയക്കുക) എന്ന പേരിൽ സി.ആർ.എ ഒരു മൊബൈൽ ആപ് പുറത്തിറക്കിയിരുന്നു. ഉപഭോക്താവിന്റെ സ്ഥലം റെക്കോഡ് ചെയ്ത് ഓരോ 48 മണിക്കൂറിലും അപ്‌ഡേറ്റ് ചെയ്യുന്ന ഇന്ററാക്ടീവ് മാപ്പും സി.ആർ.എ തയ്യാറാക്കിയിരുന്നു. ഇതിലൂടെ ഏറ്റവും കൂടുതൽ പ്രശ്‌നം നേരിടുന്ന പ്രദേശം കണെ്ടത്തുകയും ഇടപെടുകയുമായിരുന്നു ലക്ഷ്യം.

ആപ് പുറത്തിറക്കിയതിന് ശേഷം 400ഓളം പ്രതികരണങ്ങൾ ലഭിച്ചതായും ഇതിൽ ഭൂരിഭാഗവും ദുർബലമായ ഇന്റർനെറ്റ് കണക്ഷൻ സംബന്ധിച്ചായിരുന്നുവെന്നും സി.ആർ.എയുടെ കൺസ്യൂമർ ആൻഡ് ഗവൺമെന്റ് അഫയേഴ്‌സ് ഡിപാർട്ട്‌മെന്റ് അറിയിച്ചു. 3ജി, 4ജി നെറ്റ്‌വർക്കുകളുടെ ഇൻഡോർ, ഔട്ട്‌ഡോർ കവറേജ് സംബന്ധിച്ചുള്ളതാണ് പരാതി.

ഖത്തറിലെ സേവനദാതാക്കളായ ഉരീദു, വോഡഫോൺ എന്നിവയുമായി വിഷയം ചർച്ച ചെയ്തതായി കൺസ്യൂമർ ആൻഡ് ഗവൺമെന്റ് അഫയേഴ് സ് മാനേജർ അമൽ അൽഹനാവി പറഞ്ഞു. എന്നാൽ, പരാതികൾ വർധിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു. ഐ.ഒ.എസ്, ബ്ലാക്ക് ബെറി, ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ അർസൽ ആപ് ഡൗൺലോഡ് ചെയ്‌തെടുക്കാം. ഖത്തരി ഐ.ഡി ഉപയോഗിച്ച് ലോഗ് ചെയ്താണ് പ്രതികരണം അറിയിക്കേണ്ടത്. ഇന്റർനെറ്റ് സ്പീഡ് പരിശോധിക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

അതിനിടെ, തങ്ങളുടെ ഡാറ്റാ നെറ്റ്‌വർക്ക് നവീകരിച്ചതായി പ്രഖ്യാപിച്ച ഉരീദുവും വോഡഫോണും പുതിയ മൊബൈൽ ഇന്റർനെറ്റ് പ്രമോഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 31 വരെ റീചാർജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പത്തിരട്ടി ഡാറ്റ വാഗ്ദാനം ചെയ്യുന്നതാണ് പ്രമോഷൻ.അടുത്ത രണ്ട് വർഷത്തിനകം ഖത്തറിലെ 95 ശതമാനം വീടുകളിലും ഉന്നത നിലവാരത്തിലുള്ള ബ്രോഡ്ബാന്റ്‌സർവീസ് മിതമായ നിരക്കിൽ എത്തിക്കുന്നതിന് സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ചുരുങ്ങിയത് സെക്കന്റിൽ 100 എം.ബി ഡൗൺലോഡും 50 എം.ബി അപ്‌ലോഡും സ്പീഡ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.