- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചുവേളിയിൽ കുരിശപ്പന്റെ വാരിയെല്ല് വടികൊണ്ട് അടിച്ചൊടിച്ച കണ്ണാന്തുറയിലെ വില്ലൻ; കൊലക്കേസിൽ ജാമ്യത്തിൽ ഇറങ്ങി മയക്കുമരുന്ന് മാഫിയയുടെ ഭാഗമായി; ആര്യനാട്ടുകാരനും എംഡിഎംഎ കേസിൽ അകത്തു കിടന്ന വില്ലൻ; പൂവാറിൽ ലഹരി പാർട്ടി നടത്തിയതുകൊടും ക്രിമിനലുകൾ; ബോട്ട് യാത്രക്കാരായെത്തി എക്സൈസ് പിടിച്ചത് നിർവ്വാണക്കാരെ
തിരുവനന്തപുരം: തിരുവനന്തപുരം പൂവാറിലെ സ്വകാര്യ റിസോർട്ടിൽ വൻ ലഹരിപ്പാർട്ടി സംഘടിപ്പിച്ചതുകൊടും ക്രിമിനലുകൾ. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ., ഹാഷിഷ് ഓയിൽ എന്നിവയടക്കമുള്ള മയക്കുമരുന്നുകൾ പിടിച്ചെടുത്തിരുന്നു. പൂവ്വാറിലെ കാരക്കാട് റിസോർട്ടിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ഹാഷിഷ് ഓയിലും ഉപയോഗിച്ചായിരുന്നു പാർട്ടി. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്.
സംഘാടകരും അതിഥികളും ഉൾപ്പെടെ 20 പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണ്. മറ്റു 30 പേർ നിരീക്ഷണത്തിലാണ്. രാത്രി വൈകിയും പരിശോധന തുടർന്നു. ഡിജെ പാർട്ടിയുടെ മറവിലാണു ലഹരിപ്പാർട്ടി നടന്നത്. പാർട്ടിക്കൊപ്പം ചൂതാട്ടവും പെൺവാണിഭവും ഉണ്ടായിരുന്നു. മുഖ്യ സൂത്രധാരൻ മുമ്പും ലഹരി മരുന്ന് കച്ചവടം നടത്തിയതിന് പിടിയിലായ ആൾ. കേസിലെ മുഖ്യപ്രതിയും ഡിജെ സംഘാടകനുമായി ആര്യനാട് സ്വദേശി അക്ഷയ് മോഹൻ ലഹരി മരുന്ന് കച്ചവടം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത അക്ഷയ് 22 ദിവസമാണ് ജയിൽ ശിക്ഷ അനുഭവിച്ചത്. നിർവാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിൽ കേരളത്തിനകത്തും പുറത്തുമായി അക്ഷയ് ഡിജെ പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
പാർട്ടിയുടെ സംഘാടകരായിരുന്ന അക്ഷയ് മോഹൻ, അഷ്ക്കർ, പീറ്റർഷാൻ എന്നിവരാണ് പ്രധാന പ്രതികൾ. ബെംഗളൂരിവിൽ നിന്നാണ് ലഹരി വസ്തുക്കളെത്തിച്ചതെന്നാണ് ഇവരുടെ മൊഴി. ഇതിൽ പീറ്റർ ഷാൻ കൊലക്കേസ് പ്രതിയാണ്. ജാമ്യത്തിലാണ് ഇയാൾ. മൽസ്യത്തൊഴിലാളിയായിരുന്ന കൊച്ചുവേളി തൈവിളാകം പുരയിടത്തിൽ ഹെറിക് കുരിശപ്പൻ കൊലക്കേസിലെ പ്രതിയാണ് പീറ്റർ ഷാൻ. കൊച്ചുവേളി സ്വദേശികളായ സുജിത്, പീറ്റർഷാണു, ചില്ലു, ജോൺപോൾ എന്നിവരുമായി ചേർന്നാണ് കുരിശപ്പനെ പീറ്റർ കൊന്നത്.
കുരിശപ്പനും അയൽവാസികളായ ചില യുവാക്കളുമായി കൊച്ചുവേളി കടപ്പുറത്തു രാത്രി ചെറിയ തോതിൽ സംഘട്ടനമുണ്ടായിരുന്നു. തന്നെ പരിഹസിച്ചതു കുരിശപ്പൻ ചോദ്യം ചെയ്തതാണു കയ്യാങ്കളിയിലെത്തിയത്. ഇതിനിടെ യുവാക്കളിൽ ഒരാളുടെ മാതാവ് ഷീലയുടെ തലയ്ക്കു പരുക്കേറ്റിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ യുവാക്കൾ അടുത്ത ദിവസം അർധരാത്രി കഴിഞ്ഞു സംഘടിച്ചെത്തി കുരിശപ്പനെ വീട്ടിൽ നിന്നു വലിച്ചിറക്കി കടൽത്തീരത്തിട്ടു മർദിക്കുകയായിരുന്നെന്നു. വടി കൊണ്ടുള്ള അടിയേറ്റു വാരിയെല്ലു പൊട്ടി. മരണമുറപ്പാക്കി വീട്ടിൽ കൊണ്ടുപോയിട്ടു. ഈ കേസിലെ പ്രധാനിയാണ് പീറ്റർ. തലസ്ഥാനത്തെ തീരമേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘമാണ് ലഹരി പാർട്ടി നടത്തിയതെന്നാണ് ലഭിക്കുന്ന സൂചന.
പൂവാറിനടുത്തുള്ള ദ്വീപിലെ റിസോർട്ടിൽ ശനിയാഴ്ച രാത്രി തുടങ്ങിയ പാർട്ടി ഇന്നലെ ഉച്ചയ്ക്കാണ് അവസാനിച്ചത്. അക്ഷയ് മോഹനാണ് ഇതിനു നേതൃത്വം നൽകിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രവേശനത്തിനായി ഒരാളിൽനിന്ന് ആയിരം രൂപവച്ച് വാങ്ങിയിരുന്നു. ഇതിനുപുറമേ മദ്യത്തിനും മയക്കുമരുന്നിനും വൻതുക ഈടാക്കി. എക്സൈസ് സംഘം എത്തുന്നതിനു മുൻപ് പാർട്ടിയിൽ പങ്കെടുത്ത മുപ്പതോളംപേർ പുറത്തുപോയിരുന്നു. ഇവരും നിരീക്ഷണത്തിലാണ്. പാർട്ടിയിൽ പങ്കെടുത്ത മുഴുവൻപേരുടെയും മേൽവിലാസം ശേഖരിച്ചു വരികയാണ്. സി.സി ടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
കായലിലൂടെ ഏറെദൂരം സഞ്ചരിച്ചാൽ മാത്രമേ പാർട്ടി നടന്ന റിസോർട്ടിൽ എത്താനാകൂ. പാർട്ടിയിൽ പങ്കെടുത്തവർക്കായി സംഘം ബോട്ടുകൾ ഏർപ്പെടുത്തിയിരുന്നു. ഇതിനു മുൻപും ഇവിടെ ഇത്തരത്തിലുള്ള ലഹരിപാർട്ടികൾ നടന്നിരുന്നതായി എക്സൈസിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ നടക്കുന്നതുപോലെയുള്ള ലഹരിപ്പാർട്ടി വിഴിഞ്ഞത്തും കോവളത്തും നടക്കുന്നതായി എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇൻഡോർ സ്വദേശിയായ ഒരു സ്ത്രീയെയും എക്സൈസ് കസ്റ്റഡയിലെടുത്തിരുന്നു. മൂന്നുപേരൊഴികെ മറ്റുള്ളവരെല്ലാം പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരായതിനാൽ ജാമ്യം നൽകി വിട്ടയക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നിർവാണാ മ്യൂസിക് ഫെസ്റ്റ് എന്ന പേരിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹ മാധ്യമങ്ങൾ വഴിയാണ് ലഹരിപാർട്ടിക്കായി ആളെ സംഘടിപ്പിച്ചത്. വൈകീട്ട് ആറ് മണിക്ക് ഒത്ത് കൂടിയ സംഘം 9 മണി വരെ ഡിജെ പാർട്ടി നടത്തി. അതിന് ശേഷമായിരുന്നു എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ എന്നീ മാരക ലഹരി മരുന്നുകൾ ഉപയോഗിച്ച് നടത്തിയ റേവ് പാർട്ടി. പെൺകുട്ടികളടക്കം പങ്കെടുത്ത പാർട്ടി രാവിലെ വരെ നീണ്ടു. ബോബെയിൽ നിന്നും രണ്ട് പേർ പാർട്ടിയിൽ പങ്കെടുക്കാനെത്തി.
രഹസ്യവിവരത്തെ തുടർന്ന് വനിതാ എക്സൈസ് ഉദ്യോഗസ്ഥ അടക്കമുള്ള 20 അംഗ സംഘം ഉച്ചയോടെ റിസോർട്ട് വളഞ്ഞു. ബോട്ട് സഞ്ചാരത്തിനെത്തിയ വിനോദസഞ്ചാരികൾ എന്ന തരത്തിൽ സംശയം തോന്നാത്ത വിധമായിരുന്നു എക്സൈസ് നീക്കം. ഉദ്യോഗസ്ഥരെത്തുമ്പോൾ ഓരോ കോട്ടേജിലും ലഹരി ഉപയോഗം തകൃതിയായി നടക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ഒരു പെൺകുട്ടി ഉൾപ്പടെ 17 പേരെ വൈകിട്ടോടെ ബോട്ടിൽ എക്സൈസ് സംഘം റിസോർട്ടിൽ നിന്ന് മാറ്റി. പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ഉച്ചക്കട സ്വദേശി സഞ്ജിത്തിന്റെ പേരിലാണ് റിസോർട്ട്. പീറ്റർ, ആൽബിൻ, രാജേഷ് എന്നിവർ വാടകയ്ക്കാണ് ഇപ്പോൾ റിസോർട്ട് നടത്തുന്നത്. കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത അക്ഷയ് 22 ദിവസം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ