തിരുവനന്തപുരം: പൂവാറിൽ ലഹരിമരുന്ന് മാഫിയ വിലസുമ്പോൾ ആ റിസോർട്ടിലേക്ക് കടന്നു ചെല്ലാൻ പൊലീസിനും എക്‌സൈസിനും അനൗദ്യോഗിക വിലക്ക്. പഞ്ചായത്ത് അധികൃതരും നിയമ ലംഘനത്തെ കണ്ടില്ലെന്ന് നടിക്കുന്നു. നാല് പഞ്ചനക്ഷത്ര റിസോർട്ടുകളാണ് പൂവാറിലുള്ളത്. ഇതിനൊപ്പം പത്തോളം റിസോർട്ടുകളും. ഈ റിസോർട്ടുകളിൽ പലതും നിയമലംഘനത്തിന്റേതാണ്. ഇതിനെതിരെ ആരും നടപടി എടുക്കില്ല. പൂവാർ റിസോർട്ടിലെ ഡിജെ പാർട്ടിയെ വെറുമൊരു ഫാഷൻഷോയാക്കി മാറ്റാനാണ് അണിയറനീക്കം. രാഷ്ട്രീയ ബന്ധുബലമാണ് എല്ലാത്തിനും കാരണമായി മാറുന്നത്.

കുളത്തൂർ പഞ്ചായത്തിന് കീഴിലാണ് പൂവാറിലെ റിസോർട്ടിലേറെയും. ഈയിടെ ലഹരി പാർട്ടി നടന്ന കാരക്കാടും ഇതേ പരിധിയിലാണ്. ഇവിടെ ഒൻപത് ഹട്ടുകളാണുള്ളത്. എന്നാൽ മൂന്നെണ്ണത്തിന് മാത്രമേ പഞ്ചായത്തിന്റെ പെർമിറ്റുള്ളൂ. പഞ്ചായത്തിലെ അധികാരകൾക്ക് കൈക്കൂലി നൽകി കെട്ടുന്ന അനധികൃത ഹട്ടുകളിലാണ് പൂവാറിലെ നിശാ പാർട്ടിയും അടിപൊളികളും എല്ലാം. പ്രത്യേക നിരക്കിൽ കോളേജ് കുട്ടികളേയും ദമ്പതികളേയും എത്തിക്കുന്ന ഏജന്റുമാരുമുണ്ട്. പൂവാറിലെ ദ്വീപുകളിലേക്ക് ആളുകളെ എത്തിക്കുന്ന ബോട്ട് ജീവനക്കാരാണ് ഇടനിലക്കാരുമാകുന്നത്. അതുകൊണ്ട് തന്നെ പൊലീസോ എക്‌സൈസോ ഒന്നും എത്താതെ നോക്കാനുമാകും. പഴുതടച്ച സുരക്ഷയാണ് റിസോർട്ടുകാർ ഒരുക്കുന്നത്.

കാരക്കാട്ടെ റിസോർട്ടിന് പിന്നിൽ സിപിഎം ബന്ധമുള്ള കുടുംബമാണ്. ഈ റിസോർട്ട് നടത്തിയിരുന്ന ആൾ ഇരുതലമൂലിയുടെ ഇടപാടിൽ കുടുങ്ങി. ഇതോടെയാണ് റിസോർട്ട് ലീസിന് പോകുന്നത്. ലീസിന് എടുത്തതും രാഷ്ട്രീയ ബന്ധമുള്ളവർ. പ്രമുഖ പാർട്ടിയിലെ യുവജന സംഘടനയിലെ അഞ്ചു പേരാണ് ഈ റിസോർട്ട് നടത്തിപ്പിന് ഏറ്റെടുത്തത്. വെട്ടുകത്തിയെന്ന് വിളിപ്പേരുള്ള ഒരാളാണ് നേതാവ്. രാഷ്ട്രീയ-ഗുണ്ടാ പിന്തുണയ്‌ക്കൊപ്പം പണവും ആവോളം ഒഴുക്കുന്നു. കുളത്തൂർ പഞ്ചായത്ത് ഭരണം സിപിഎമ്മിനാണ്. പക്ഷേ രാഷ്ട്രീയ എതിർപ്പൊന്നും പൂവാറിലെ റിസോർട്ട് മാഫിയയെ തളർത്തുന്നില്ല. എല്ലാവരും ഹാപ്പി. ഇതിനൊപ്പമാണ് ഗുണ്ടാ നേതാവിന്റെ അനുജൻ സുഗുണന്റെ കൂട്ടുകാരിയുടെ ഇടപെടലും.

ബോട്ടിലൂടെ മാത്രമേ പൂവാറിലെ റിസോർട്ടിലെത്താനാകൂ. റിസോർട്ടിന് ചുറ്റും കണ്ടൽ കാടുകളാണ്. ഇവിടെ സ്വാഭാവിക ഭിത്തി പോലെ കണ്ടൽ കാടുകൾ പ്രവർത്തിക്കുന്നു. ഹട്ടുകൾക്ക് പിന്നിൽ ബോട്ടുകൾ എപ്പോഴും തയ്യാറാണ്. പൊലീസോ എക്‌സൈസോ എത്തിയാൽ ഈ ബോട്ടുകളിൽ ഹട്ടിലുള്ളവർ സാധനങ്ങളുമായി മുങ്ങും. മയക്കുമരുന്നും മറ്റ് ലഹികളെല്ലാം ഇതിനൊപ്പം നെയ്യാറിലേക്ക് കളയുകയും ചെയ്യും. പൂവാറിലെ റിസോർട്ടിൽ പഞ്ച നക്ഷത്ര സൗകര്യം ഇള്ളവയ്‌ക്കൊഴിച്ച് ഒന്നിനും ബാർ ലൈസൻസ് ഇല്ല. എന്നാൽ എല്ലാ റിസോർട്ടിലും മദ്യം സുലഭമായി കിട്ടും. എക്‌സൈസ് ചെക് പോസ്റ്റുകൾ മറികടന്നാണ് മദ്യം ഈ റിസോർട്ടിലെത്തുന്നത്.

ഡിജെ പാർട്ടികളും ഫാഷൻഷോകളുമാണ് പൂവാറിലെ റിസോർട്ടിന്റെ കരുത്ത്. ഇതിന് മറവിൽ മയക്കുമരുന്ന് കച്ചവടവും നടക്കുന്നുണ്ട്. ഇതു സംബന്ധിച്ച് മറുനാടൻ ഹോട്ടലിന്റെ വിശ്വസ്തൻ എന്ന് അവകാശപ്പെട്ട് ഇമെയിൽ അയച്ചിരുന്നു. ഇതിലും മയക്കു മരുന്ന് കച്ചവടത്തെ കുറിച്ച് സമ്മതിക്കുന്നുണ്ട്. റിസോർട്ടിന് ഇതുമായി ബന്ധമില്ലെന്നാണ് വിശദീകരിക്കുന്നത്. ക്രിസ്റ്റി പീറ്റർ എന്ന പേരിലെ വ്യക്തിയാണ് ഈ ഇമെയിൽ അയച്ചത്.

ആ വിശദീകരണ കുറിപ്പ് ചുവടെ

നമസ്‌കാരം,ഞാൻ ഇപ്പോൾ മാധ്യമ വിവാദത്തിൽ നിറഞ്ഞ് നിൽക്കുന്ന നെയ്യാറിന്റെ തീരത്തെ മനോഹാരിത നിറഞ്ഞ ഈ റിസോർട്ടിന്റെ തന്നെ ഭാഗമായി പ്രവർത്തിക്കുന്നയാളാണ് .ഇപ്പോ വളരെ അധികം ചർച്ച ചെയ്യുന്ന നിശാപർട്ടി വിവാദത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്.ഞാൻ ഈ പറയാൻ പോകുന്ന കാര്യങ്ങളിൽ ഇത് വായിക്കുന്ന നിങ്ങൾ എത്രത്തോളം വിശ്വസിക്കും എന്നെനിക്ക് അറിയല്ല.നമ്മുടെ പ്രമുഖരായ മാധ്യമപട പറയുന്ന പോലെ അവിടെ റിസോർട്ട് അല്ല .ലഹരിപർട്ടി നടത്തിയത് മറിച്ച് ഒരു ഫാഷൻ ഷോയ്ക്ക് വേണ്ടി രണ്ടുദിവസം ഉടമ്പടി പ്രമാണങ്ങൾ എല്ലാം എഴുതി നിയമപ്രകാരം ലീസിനുകൊടുത്തതാണ്.ഈ ഫാഷൻ ഷോയിൽ പങ്കെടുത്ത ഒരു ഗസ്റ്റിന്റെ മുറിയിൽ നിന്നുമാണ് ലഹരി മരുന്ന് കണ്ടെടുത്തത്.

അവിടെയും പേരുദോഷം വന്നു വീണത് റിസോർട്ടിന്റെ തലയിലാണ് അത് സ്വാഭാവികം തന്നെയുമാണ്, . ഈ കൊറോണ കാലത്ത് ഏറ്റവുമധികം കഷ്ടപ്പെട്ട ഒരു മേഖലയാണ് ടൂറിസം,വളരെ കഷ്ടപ്പെട്ടു കരകയറാൻ നോക്കുന്നതിന്റെ ഇടയ്ക്കാണ് ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ വന്ന് വീണത് . ,ഞങ്ങൾ വളരെ കഷ്ടപ്പെട്ടു സ്റ്റാളുകളിട്ടും ക്യാൻവാസ് ചെയ്തും കൊണ്ടുവരുന്ന അതിഥികളെ മുടക്കാൻ വേണ്ടി ചിലർ നടത്തിയ ഗൂഢാലോചനയാണ് പിന്നീട് അവിടെ കണ്ടത്. നാട്ടുകാർ എന്നും പറഞ്ഞവിടെ പ്രശ്‌നമുണ്ടാക്കിയത് മറ്റൊരു ബോട്ട് ക്ലബ് ഉടമ തന്നെ ഇറക്കിയ ലോക്കൽ ഗുണ്ടകളാണ് ഇത് ഇവിടെ കുറിക്കുന്നതുകൊണ്ട് നാളെ എനിക്ക് എന്തെങ്കിലും പറ്റുമോ എന്നെനിക്ക് അറിയില്ല എന്നാലും പറയേണ്ടത് എന്റെ കടമയാണ്.ഒരാൾ കുഴിയിൽ വീണപ്പോൾ വീണ്ടും വീണ്ടും ചവുട്ടി താഴ്‌ത്തി ഞങ്ങളുടെ ഉപജീവനത്തിൽ കരി വാരി തേയ്ക്കാൻ നടന്ന സംഘടിത ശ്രമമാണ് നിങ്ങൾ മാധ്യമങ്ങളിൽ കണ്ടത്.. പക്ഷെ ഇങ്ങനെയുള്ള കുബുദ്ധികൾ എത്രയൊക്കെ ശ്രമിച്ചാലും ഞങ്ങൾ അതിജീവിക്കും കാരണം നേര് ഞങ്ങളുടെ കൂടെയാണ്,ഞങ്ങളുടെ റിസോർട്ട് ഉടമസ്ഥർക്കോ മറ്റു ജീവനക്കാർക്കോ ഇതിൽ പങ്കില്ല എന്നത് 100% ഉറപ്പാണ്.എപ്പോഴായാലും സത്യം ജയിക്കും. പൂർവ്വാധികം ശക്തിയോടെത്തന്നെ ഞങ്ങൾ തിരിച്ചുവരും...

ഇവിടെ നടന്ന ആ ഫാഷൻ ഷോയിൽ വരുന്നവരെ പരിശോധിക്കാൻ ഈ ഷോയുടെ തന്നെ ബൗണ്‌സേഴ്‌സ് ആണ് നിന്നത് അല്ലാതെ ഞങ്ങളുടെ റിസോർട്ട് ജീവനക്കാർ ആരും തന്നെ അവിടെ പരിശോധിക്കാൻ ഇല്ലായിരുന്നു.നിയമപ്രകാരം ഉടമ്പടി എഴുതി തയ്യാറാക്കി നടത്തിയ പരിപാടി ആയതുകൊണ്ടു തന്നെ അവരുടെ ക്രമികരണങ്ങൾക്ക് വിട്ടു അതാണ് സംഭവിച്ചത് .ഒരുപാട് പേരുടെ ചോർ ആണ് ഈ സ്ഥാപനം.

കഴിഞ്ഞ ക്രിസ്റ്റമസിനും ഇവിടെ പ്രോഗ്രാം നടന്നതാണ് അപ്പഴൊന്നും യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടായില്ല.ഇവിടെ ഈ ഫാഷൻ പ്രോഗ്രാം നടന്ന സമയത്തു പോലും അവർ ടിക്കറ്റ് വിൽക്കുകയായിരുന്നു എത്തരക്കാരാണ് വരുന്നതെന്ന് നമുക്ക് അറിയാൻ സാധിച്ചില്ല.ഇവിടെ നടന്നതിനെ ന്യായികരിക്കുന്നതല്ല, ഒഴിഞ്ഞു മാറുന്നതുമല്ല, ഞങ്ങളുടെ അവസ്ഥ പറഞ്ഞു പോവുകയാണ് .ഫാഷ ഷോ എന്ന പേരിൽ ബുക്കിങ് വന്നപ്പോൾ എടുത്തു പോയതാണ്. ഞാൻ എന്റെ റിസോർട്ടിനെ സപ്പോർട്ട് ചെയ്യുന്നു കാരണം സത്യം അത് ഞങ്ങളുടെ കൂടെയാണ്. എന്നെ അടുത്തറിയാവുന്നവർക്ക് ഞാൻ എന്താണ് എന്ന് അറിയാം .അതുമാത്രം മതി