- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂവാറിലെ റിസോർട്ടിൽ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാർട്ടികൾ; വരുമാനം ഏഴ് ലക്ഷം; റെയ്ഡ് നടന്നത് ബംഗളൂരുവിൽ നിന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ; റിസോർട്ടിന് ബാർ ലൈസൻസ് ഇല്ലെന്നും റിപ്പോർട്ടുകൾ; ലഹരിയുടെ ഹബ്ബായി തലസ്ഥാനനഗരി മാറുമ്പോൾ
തിരുവനന്തപുരം: പൂവാറിലെ കാരക്കാട്ടെ സ്വകാര്യ റിസോർട്ടിൽ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാർട്ടികൾ. കഴിഞ്ഞദിവസം മാത്രം ഇവിടെ നടന്ന പാർട്ടിയിൽ ഏകദേശം ഏഴ് ലക്ഷം രൂപയുടെ വരുമാനം ഉണ്ടായതായാണ് കണക്കുകൾ. പ്രത്യേക എക്‌സൈസ് സംഘമാണ് പൂവാർ ലഹരി കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തെ മോഡലിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പുതുവത്സരാഘോഷം മുന്നിൽ കണ്ട് നഗരത്തിൽ ലഹരി ഒഴുക്കുന്നതിന് മുന്നോടിയായിട്ടാണ് പൂവാറിലെ റിസോർട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഹരി പാർട്ടി നടത്തിയത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പേരിലായിരുന്നു ടിക്കറ്റ് വിൽപ്പന. 3000, 2000, 1000 രൂപക്കാണ് ടിക്കറ്റ് നൽകിയത്.
ബംഗളൂരുവിൽനിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റിസോർട്ടിലെ ഹാർഡ് ഡിസ്‌ക് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ 20 പേരിൽ 17 പേരെ ജാമ്യത്തിൽ വിട്ടയച്ചു. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധയിൽ സ്ത്രീയും കൊലക്കേസ് പ്രതിയും അടക്കമാണ് പിടിയിലായത്. ഹഷീഷ് ഓയിൽ, എം.ഡി.എം.എ ഗുളികകൾ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കളും ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു.
'നിർവാണ' എന്ന വാട്‌സ്ആപ് കൂട്ടായ്മയാണ് പാർട്ടി സംഘടിപ്പിച്ചത്. ആര്യനാട് സ്വദേശി അക്ഷയ് മോഹൻ, ശംഖുംമുഖം കണ്ണാന്തുറ സ്വദേശിയും കൊലക്കേസ് പ്രതിയുമായ പീറ്റർ ഷാൻ, അതുൽ എന്നിവരാണ് സംഘാടകർ. ഇവരെ ചോദ്യം ചെയ്യൽ തുടരുകയാണ്.
ശനിയാഴ്ച രാത്രി ഏഴിന് തുടങ്ങിയ പാർട്ടിയിൽ വിവിധ ജില്ലകളിൽനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും സ്ത്രീകളടക്കം നൂറോളം പേർ പങ്കെടുത്തതായാണ് വിവരം. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലായിരുന്നു പാർട്ടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച ഉച്ചയോടെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സിഐ അനിലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ പാർട്ടി അവസാനിപ്പിച്ച് പലരും സ്ഥലം വിട്ടിരുന്നു. ടൂറിസ്റ്റുകളെന്ന വ്യാജേനയാണ് ഉദ്യോഗസ്ഥരെത്തിയത്.
പൂവാർ കാരക്കാട് റിസോട്ടിൽ ലഹരി വസ്തുക്കളുമായി പിടിയിലായ അക്ഷയ് മോഹൻ, പീറ്റർ ഷാൻ, അതുൽ റിസോർട്ടിൽ അവശേഷിച്ചിരുന്ന 20 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ലഹരിയുടെ ഉപയോഗംമൂലം ബോധം മങ്ങിയ അവസ്ഥയിലായിരുന്നു പലരും. കരയിൽനിന്ന് ബോട്ടിൽ മാത്രമേ റിസോർട്ടിൽ എത്താനാകൂവെന്ന സൗകര്യം ഉപയോഗപ്പെടുത്തിയാണ് ലഹരി പാർട്ടി സംഘടിപ്പിച്ചത്.
റിസോർട്ടിൽ മദ്യം വിളമ്പാൻ ലൈസൻസില്ലെന്നാണ് വിവരം. പാർട്ടിക്കെത്തിയവർക്ക് ബോട്ട് സൗകര്യം ഉൾപ്പെടെ ഒരുക്കിയ റിസോർട്ട് അധികൃതരും സംശയ നിഴലിലാണ്.