കോട്ടയം: പൂവരണി പെൺവാണിഭ കേസിൽ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. കോട്ടയം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് (സ്പെഷ്യൽ) ജഡ്ജി കെ ബാബുവാണ് കേസിലെ ആറ് പേരെ കുറ്റക്കാരാണെന്ന് വിധിച്ചത്. ഇവർക്കുള്ള ശിക്ഷ കോടതി പിന്നീട് വിധിക്കും.

പാലാ സെന്റ് മേരീസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ബന്ധുവായ സ്ത്രീ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുന്നതിന് അവസരം ഒരുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2007 ഓഗസ്റ്റ് മുതൽ 2008 മെയ് വരെയുള്ള ലൈംഗിക പീഡനങ്ങളെ തുടർന്ന് എയ്ഡ്സ് രോഗ ബാധിതയായ പെൺകുട്ടി തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. പ്രോസിക്യൂഷൻ ഭാഗത്തിനിന്ന് 183 പേരുടെ സാക്ഷിപ്പട്ടികയാണ് ഹാജരാക്കിയത്. 2014 ഏപ്രിൽ മാസം 29ന് തുടങ്ങിയ വിചാരണ 2 വർഷം കൊണ്ടാണ് പൂർത്തിയായത്. അയർക്കുന്നം സ്വദേശിനിയായ ബന്ധുവായ സ്ത്രീ ഉൾപ്പെടെ കേസിൽ 12 പ്രതികളാണ് ഉള്ളത്.

കേസിൽ വിചാരണ നടക്കുന്നതിനിടെ 10ാം പ്രതി ആത്മഹത്യ ചെയ്തു. ചങ്ങനാശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്‌പി പി ബിജോയ് ആണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവൽ, വിൽപ്പന നടത്തൽ, മാനഭംഗം, ബലാൽസംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കന്യാകുമാരി, എറണാകുളം, കുമരകം, തിരുവല്ല, രാമപുരം, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളിൽ പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. തീക്കോയ്, പൂഞ്ഞാർ, തിരുവനന്തപുരം, തൃശൂർ, പായിപ്പാട്, നെടുംമങ്ങാട്, നെയ്യാറ്റിൻകര, രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് കേസിലെ പ്രതികൾ.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ ഗോപാലകൃഷ്ണനും, പ്രതികൾക്കുവേണ്ടി സുരേഷ് ബാബു തോമസ്, ബോബൻ ടി തെക്കേൽ, സി എസ് അജയൻ, റോയി ജോസ്, രാജു എബ്രഹാം, സുരേഷ് പഴയിടം എന്നിവരും ഹാജരായി.