വത്തിക്കാൻ സിറ്റി: തന്റെ ക്രിസ്മസ് സന്ദേശത്തിൽ ഇസ്രയേലും ഫലസ്തീനും സമാധാനപരമായ സഹവർത്തിത്വത്തിൽ കഴിയേണ്ടതിന്റെ ആവശ്യത്തിലേക്കു വിരൽചൂണ്ടിയാണ് പോപ് ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചത്. കുടിയേറ്റക്കാരുടെ സങ്കടം കണ്ടില്ലെന്ന് നടിക്കാൻ കത്തോലിക്കന് കഴിയില്ലെന്നും സ്വന്തം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വന്ന അഭയാർഥികളോട് ജോസഫിനെയും മേരിയെയും ഉപമിക്കുകയും മാർപാപ്പ ചെയ്തു.

ജോസഫിന്റെയും മേരിയുടെയും കാലടികൾക്ക് പിന്നിൽ മറ്റൊരുപാട് പേരുടെ കാലടികൾ ചേർത്ത് വെച്ചിട്ടുണ്ട്. നമ്മുടെ കാലത്തും ഇടം നഷ്ടപ്പെട്ട മുഴുവൻ കുടുംബത്തിന്റെയും കാൽപാടുകൾ നമുക്ക് കാണാൻ സാധിക്കും. പോകാൻ മനസ്സില്ലാഞ്ഞിട്ടും സ്വന്തം വീട്ടിൽ നിന്നും ഓടിപ്പോകേണ്ടി വരുന്ന ലക്ഷക്കണക്കിന് പേരുടെ കാൽപ്പാടുകൾ നമുക്ക് കാണാൻ കഴിയുമെന്നും പോപ് ഫ്രാൻസിസ് പറഞ്ഞു.

പല സാഹചര്യങ്ങളും പ്രതീക്ഷയയും പേറിയാണ് ഉറ്റവരുമായി വേർപെട്ട് പലരും നാട് വിടുന്നത്. ഈ വേർപാടിനെ പലപ്പോഴും ഒരു വാക്കു കൊണ്ട് മാത്രമേ നമുക്ക് സൂചിപ്പിക്കാൻ കഴിയുകയുള്ളു. ചില അഭയാർഥികൾ മോഡേൺ ഹെറോദുമാരെ അതിജീവിക്കുകയാണ്. അധികാരം ഉറപ്പിക്കാനും സമ്പത്ത് ഉണ്ടാക്കാനും പാവപ്പെട്ടവരുടെ രക്തം ചീന്താൻ ഒരു മടിയുമില്ലാത്തവരാണ് ഇത്തരം സേച്ഛാധിപതികളെന്നും മാർപാപ്പ പറഞ്ഞു.

സിറിയയിൽ തോക്കുകൾ നിശ്ശബ്ദമാകേണ്ടതുണ്ടെന്നു മാർപാപ്പ പറഞ്ഞു.'കഴിഞ്ഞ ആറു വർഷത്തെ ആഭ്യന്തര കലാപത്തിൽ ആവശ്യത്തിലേറെ രക്തം ചൊരിഞ്ഞു കഴിഞ്ഞു'-കഴിഞ്ഞ നാളുകളിൽ ഭീകരാക്രമണത്തിന് ഇരകളായവരെ അദ്ദേഹം തന്റെ ക്രിസ്മസ് സന്ദേശത്തിൽ ആശ്വസിപ്പിച്ചു.