യാങ്കോൺ: മ്യാന്മാറിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് മാർപാപ്പ. എല്ലാ വംശീയവിഭാഗങ്ങളെയും അംഗീകരിക്കണമെന്ന് മ്യാന്മാർ സർക്കാരിനോട് ഫ്രാൻസിസ് മാർപാപ്പ. പ്രസംഗത്തിലുടനീളം വംശീയ അവകാശങ്ങൾക്കായി ശക്തമായി വാദിച്ച മാർപാപ്പ പക്ഷേ, തന്റെ പ്രസംഗത്തിലുടനീളം 'റോഹിങ്യ' എന്ന വാക്ക് ഒഴിവാക്കി.

മ്യാന്മാറിന്റെ ഭാവി സമാധാനപരമായിരിക്കണം. ആ സമാധാനം സമൂഹത്തിലെ ഓരോ വ്യക്തിയുടെയും അവകാശങ്ങളിലും സ്വാഭിമാനത്തിലും അധിഷ്ഠിതമായിരിക്കണം. മതപരമായ ചേരിതിരിവ് വിഭാഗീയതയ്ക്കു കാരണമാകരുതെന്ന് മാർപാപ്പ പറഞ്ഞു. മ്യാന്മാർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സ്യൂചിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു മ്യാന്മാറിലെ ജനതയോടുള്ള മാർപാപ്പയുടെ ആഹ്വാനം.

ആഭ്യന്തര കലഹത്തിന്റെയും സംഘർഷത്തിന്റെയം കാലങ്ങളിലാണു രാജ്യം അകപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതേസമയം, സമാധാനം പുനഃസ്ഥാപിപ്പിക്കുന്നതിന് സർക്കാർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം ശ്ലാഖിക്കുകയും ചെയ്തു. സംഘർഷങ്ങൾക്കു പരിഹാരം കാണാനും സമുദായങ്ങൾ തചമ്മിൽ പാലം തീർക്കാനും മതങ്ങൾക്കു കരുത്തുണ്ടെന്നും മാർപാപ്പ ഓർമിപ്പിച്ചു.

എന്നാൽ പ്രസംഗത്തിലുടനീളം റോഹിങ്യ എ്‌ന വാക്ക് മാർപാപ്പ ഉപയോഗിച്ചില്ല. റോഹിങ്യൻ സമൂഹത്തിന് പിന്തുണ നൽകാനായി റോഹിങ്യയെന്ന വാക്ക് മാർപാപ്പ ഉപയോഗിക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വാക്കുപയോഗിക്കുന്നത് മ്യാന്മാറിലെ കത്തോലിക്കാ വിഭാഗക്കാരെ ബാധിച്ചേക്കുമെന്ന കത്തോലിക്കാ നേതൃത്വത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് പോപ്പ് ഈ പദം ഒഴിവാക്കിയതെന്നാണ് സൂചന. റോഹിങ്യകളെ ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരായിമാത്രം കണക്കാക്കുന്ന മ്യാന്മാർ ഒരിക്കലും റോഹിങ്യകൾ എന്ന പേര് ഉപയോഗിക്കാറില്ല. പകരം ബംഗാളികൾ എന്ന വാക്കാണ് ഉപയോഗിക്കുക.

അതേസമയം, മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂ ചി രോഹിൻഗ്യ പ്രശ്‌നത്തെക്കുറിച്ച് പരാമർശിച്ചത് ശ്രദ്ധേയമായി. മുസ്ലിം ന്യൂനപക്ഷ മേഖലയിലെ സംഘർഷം ആഗോള ശ്രദ്ധയാകർഷിച്ചിരിക്കുന്നുവെന്ന് സൂ ചി പറഞ്ഞു. സമാധാനപ്രക്രിയ തടസമില്ലാതെ മുന്നോട്ടു കൊണ്ടു പോകാനാണു രാജ്യത്തിന്റെ തീവ്രശ്രമം. സഹവർത്തിത്വത്തിനു തടസമുണ്ടാക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനു ലോകസമൂഹത്തിന്റെ പിന്തുണ തേടുന്നതായും അവർ വ്യക്തമാക്കി.

മ്യാന്മാറിലെ വിവിധ മതവിഭാഗങ്ങളുടെ നേതാക്കളുമായും മാർപാപ്പ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച യാങ്കോണിൽ നടക്കുന്ന കത്തോലിക്കാ സമ്മേളനത്തെ പോപ്പ് അഭിസംബോധന ചെയ്യും. രണ്ട് ലക്ഷത്തോളം കത്തോലിക്കർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച മാർപാപ്പ ബംഗ്ലാദേശിലേക്ക് പോകും.