വത്തിക്കാൻ സിറ്റി: ഇസ്രയേലിനെയും ഫലസ്തീനിനെയും ഊന്നി പറഞ്ഞ് മാർപാപ്പയുടെ ക്രിസ്തുമസ് സന്ദേശം. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ഒഴിവാക്കാൻ സമാധാന ചർച്ച പുനരാരംഭിക്കണമെന്നും മാർപാപ്പ ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു. 'പശ്ചിമേഷ്യയിലെ കുഞ്ഞുങ്ങളിൽ ഞാൻ യേശുവിനെ കാണുന്നു. അതുകൊണ്ടു രണ്ടു രാജ്യങ്ങളും തമ്മിൽ ചർച്ച ആരംഭിക്കുകയും അത് ആത്യന്തികമായി പ്രശ്‌നപരിഹാരത്തിനു വഴി തെളിയിക്കുകയും ചെയ്യട്ടെ എന്നു പ്രാർത്ഥിക്കുന്നു' സെന്റ് പീറ്റേഴ്‌സ് ബെസ്‌ലിക്കയിൽ എത്തിയ ആയിരങ്ങളോടു മാർപാപ്പ തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു.

ഇസ്രയേലിനെ പോലെ തന്നെ സ്വതന്ത്ര്യ രാജ്യമാകാനുള്ള ഫലസ്തീനിന്റെ അവകാശം സംരക്ഷിക്കണം. ്അതുകൊണ്ട് ഇസ്രയേലും ഫലസ്തീനും രണ്ടു സ്വതന്ത്രരാജ്യങ്ങളായി പരസ്പരം അംഗീകരിച്ചുകൊണ്ടു പശ്ചിമേഷ്യൻ പ്രശ്‌നത്തിനു ശാശ്വതപരിഹാരം കാണാൻ ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് ദിന സന്ദേശത്തിൽ അഭ്യർത്ഥിച്ചു.

ഇനി ജറുസലേമിൽ വേണ്ടത് സമാധാനമാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച പശ്ചാത്തലത്തിൽ, സംഘർഷം ഒഴിവാക്കാൻ സമാധാന ചർച്ച പുനരാരംഭിക്കണമെന്നും മാർപാപ്പ നിർദേശിച്ചു. ഈ മാസം ആറിനു ട്രംപ് നടത്തിയ ജറുസലം പ്രഖ്യാപനത്തിനുശേഷം ഇതു രണ്ടാം തവണയാണു മാർപാപ്പ ഈ വിഷയത്തെക്കുറിച്ചു പ്രസംഗിക്കുന്നത്.

ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നിലപാട് പിൻവലിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയത്തെ 120 രാജ്യങ്ങൾ പിന്തുണച്ചിരുന്നു. ഈ വിഷയത്തെച്ചൊല്ലി ഇസ്രയേലും ഫലസ്തീനും തമ്മിൽ സംഘർഷം തുടർന്നാൽ അതു കൂടുതൽ ബാധിക്കുന്നതു പശ്ചിമേഷ്യയിലെ കുഞ്ഞുങ്ങളെയാണെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി.

'ലോകമെങ്ങും യുദ്ധഭീഷണിയുടെ കാറ്റുവീശുന്നു. യുദ്ധമാകട്ടെ, സംഘർഷങ്ങളാകട്ടെ, കുടിയേറ്റ പ്രശ്‌നങ്ങളാകട്ടെ ഇരകളാകുന്നതു കുഞ്ഞുങ്ങളാണ്. നിരാലംബരായ ഈ കുഞ്ഞുങ്ങളുടെ മുഖത്തു 'സത്രത്തിൽ ഇടംകിട്ടാതെ പോയ' യേശുവിന്റെ മുഖമാണു നാം കാണേണ്ടത്' മാർപാപ്പ ഉദ്‌ബോധിപ്പിച്ചു. ഈയിടെ മ്യാന്മറിലും ബംഗ്ലാദേശിലും സന്ദർശനം നടത്തിയപ്പോൾ കണ്ട കുട്ടികളിൽ യേശുവിനെയാണു താൻ കണ്ടതെന്നും മാർപാപ്പ പറഞ്ഞു.