വത്തിക്കാൻ: അൾത്താര ബാലനെ ലൈംഗികമായി ചൂഷണം ചെയ്ത അമേരിക്കൻ മെത്രാൻ തിയോഡോർ മാക്കാരിക്കിന്റെ കേസിൽ പുതിയ വിശദീകരണവുമായി പോപ്പ് ഫ്രാൻസിസ് രംഗത്തെത്തി. ഇത്തരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ പുരോഹിതന്മാർ ലൈംഗിക കേസുകളിൽ പെടുന്നത് പിശാചിന്റെ പ്രവർത്തനം മൂലമാണെന്നാണ് പോപ്പ് വിശദീകരണം നൽകിയിരിക്കുന്നത്. അതായത് സാത്താൻ മെത്രാന്മാരിലും കയറി വിശ്വാസികൾക്ക് ഒതുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നാണ് മാർപ്പാപ്പ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ കന്യാസ്ത്രീയെ തുടർച്ചയായി ബലാത്സംഗം ചെയ്ത ജലന്ധർ ബിഷപ്പ് ഫ്രാങ്കോയുടെ കാര്യം പോപ്പ് ഇതുവരെ അറിഞ്ഞിട്ടില്ലേ എന്ന ചോദ്യം ഈ അവസരത്തിൽ മലയാളികൾ ചോദിക്കുന്നുണ്ട്.

എന്നാൽ ഇതിനിടെ പുരോഹിതന്മാർ ഭാഗഭാക്കായ നിരവധി ലൈംഗിക കുറ്റങ്ങൾ സഭ മൂടി വയ്ച്ചതിനെക്കുറിച്ചൊന്നും പോപ്പ് പ്രതികരിച്ചിട്ടുമില്ല. 1970കളിൽ മാക്കാരിക്ക് അൽത്താര ബാലനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം സത്യമാണെന്ന് വെളിപ്പെട്ടതിനെ തുടർന്ന് ചർച്ചിന്റെ ചടങ്ങുകൾ നടത്തുന്നതിൽ നിന്നും എല്ലാ ഔദ്യോഗിക സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. മാക് കാറിക്ക് ദീർഘകാലം ബാലപീഡനം നടത്തിയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടും ഇക്കാര്യം മറച്ച് വച്ച് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന കടുത്ത ആരോപണം പോപ്പ് ഫ്രാൻസിന് നേരെ ഉന്നയിച്ച് ഇറ്റാലിയൻ ആർച്ച് ബിഷപ്പായ കാർലോ മരിയ വിഗാനോ രംഗത്തെത്തിയിരുന്നു. 11പേജ് വരുന്ന ആരോപണമാണ് കാർലോ ഇതിനായി എഴുതിത്ത്തയ്യാറാക്കിയിരുന്നത്.

ഇതിനെ തുടർന്ന് പോപ്പ് രാജി വയ്ക്കണമെന്നും വിഗാനോ ആവശ്യപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് ഒരു വാക്ക് പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് പോപ്പ് പ്രതികരിച്ചിരിക്കുന്നത്. ഈ പീഡനത്തിൽ ഭാഗഭാക്കായവർക്കെതിരെ മൗനം പാലിക്കാനും പ്രാർത്ഥിക്കാനുമായിരുന്നു പോപ്പ് കഴിഞ്ഞ മാസം ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ അയർലണ്ടിൽ പുരോഹിതരുടെ പീഡനത്തിന് ഇരകളായവരെ കഴിഞ്ഞ മാസം ഡബ്ലിനിൽ വച്ച് കണ്ടപ്പോൾ ഇത്തരം ലൈംഗിക ചൂഷണങ്ങൾക്കെതിരെ പ്രവർത്തിക്കാത്തതിൽ ഐറിഷ് ചർച്ച് അധികൃതരെ പോപ്പ് വിമർശിക്കുകയും ചെയ്തിരുന്നു.

വിഗാനോയുടെ വെളിപ്പെടുത്തലുകളോട് നേരിട്ട് പ്രതികരിക്കുന്നില്ലെങ്കിലും കഴിഞ്ഞ രണ്ടാഴ്ചക്കിടെ എല്ലാ ദിവസവും മോണിങ് മാസിനിടെ ഇത്തരം ലൈംഗിക ചൂഷണങ്ങൾക്കെതിരെ തന്റെ പ്രഭാഷണത്തിൽ സൂചനകൾ നടത്തി വരുന്നുണ്ട്. വിഗാനോയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ സാത്താന്റെ പ്രലോഭനമാണുള്ളതെന്ന് ഇന്നലത്തെ പ്രാർത്ഥനക്കിടെയാണ് വത്തിക്കാനിൽ വച്ച് പോപ്പ് പ്രസ്താവിച്ചിരിക്കുന്നത്. അതുപോലെ തന്നെ പിശാച് മറ്റ് നിരവധി പുരോഹിതന്മാരെ കൊണ്ട് ലൈംഗിക ചൂഷണങ്ങൾ പ്രവർത്തിപ്പിച്ച് വിശ്വാസികളെ ബുദ്ധിമുട്ടിലാഴ്‌ത്തുന്ന കാര്യവും പോപ്പ് എടുത്ത് പറഞ്ഞിരുന്നു. മാക്കാറിക്ക് ബാലപീഡകനാണെന്ന് പോപ്പിന് ചുരുങ്ങിയത് 2013 ജൂൺ 23 മുതലെങ്കിലും വ്യക്തമായി അറിയാമായിരുന്നുവെന്നും എന്നിട്ടും പോപ്പ് ഇക്കാര്യം മറച്ച് വച്ച് മാക് കാറിക്കിനെ സംരക്ഷിച്ചുവെന്നാണ് വിഗോനോ ആരോപിച്ചിരുന്നത്.