ടുത്ത ഐസിസ് ആക്രമണഭീഷണി നിലനിൽക്കുന്ന ഈജിപ്തിന്റെ മണ്ണിലേക്ക് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവാഹകനായി പോപ്പ് ഫ്രാൻസിസ് എത്തി. ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടാനുള്ള സാധ്യത തിരിച്ചറിഞ്ഞിട്ടും പോപ്പിനെ കാണാനും പ്രസംഗം കേൾക്കാനുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്. ഐസിസ് പിടിമുറുക്കിയ ഈജിപ്ഷ്യൻ മണ്ണിൽ ഭീകരതയ്ക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചാണ് പോപ്പ് എത്തിയിരിക്കുന്നത്. കെയ്റോവിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ പോപ്പ് നടത്തിയ പ്രാർത്ഥനയിൽ പങ്കെടുക്കാനായി 15,000 വിശ്വാസികളായിരുന്നു ഇന്നലെ ത്തിച്ചേർന്നിരുന്നത്.

ഈജിപ്തിലെ മതന്യൂനപക്ഷമായ കൃസ്ത്യാനികൾ ഐസിസിൽ നിന്നും കടുത്ത ആക്രമണഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന വേളയിലാണ് സമാധാനവും ധൈര്യവും പകർന്ന് കൊണ്ട് മഹാ ഇടയൻ എത്തിയിരിക്കുന്നത്. പോപ്പിന്റെ സന്ദർശനവും അടുത്ത കാലത്തെ ഭീകരാക്രമണവും കണക്കിലെടുത്ത് കെയ്റോയിൽ കനത്ത സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈജിപ്തിലെ വിവിധ ചർച്ചുകളിൽ ഐസിസ് നടത്തിയ വിവിധ സ്ഫോടനങ്ങളിൽ ഡസൻ കണക്കിന് പേർ സമീപകാലത്തുകൊല്ലപ്പെട്ടതിൽ ഇവിടുത്തെ കൃസ്ത്യൻ ന്യൂനപക്ഷം കനത്ത ആശങ്കയിലാണ് കഴിയുന്നത്.

ഏത് സമയവും മറ്റൊരു ജിഹാദി ആക്രമണമുണ്ടാകുമെന്ന ആശങ്ക കനത്ത് നിൽക്കുമ്പോഴും കെയ്റോയിലെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം നേടാനുള്ള പരിശോധനകൾക്കായി മണിക്കൂറുകളോളം കാത്ത് നിന്നിരുന്നു. സമാധാനത്തിന്റെ സന്ദേശം ഉയർത്തുന്നതിനായി വിശ്വാസികൾ പോപ്പിനൊപ്പം മഞ്ഞയും വെള്ളയും ബലൂണുകൾ പറത്തിയിരുന്നു. തുടർന്ന് പ്രാർത്ഥാഗീതങ്ങൾ ഉയരുകയും ചെയ്തിരുന്നു. തനിക്കൊപ്പം സമാധാനം നേടൂ എന്ന് അറബിയിൽ പറഞ്ഞ് കൊണ്ടായിരുന്നു പോപ്പ് സംസാരം ആരംഭിച്ചത്. ശരിയായ വിശ്വാസിക്ക് ആരെയും ശത്രുക്കളായി കാണാൻ സാധിക്കില്ലെന്നും എല്ലാവരെയയും സഹോദരനോ സഹോദരിയോ ആയി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ പോപ്പ് ഇറ്റാലിയൻ ഭാഷയിൽ തുടർന്നു.

ശരിയായ വിശ്വാസം മറ്റുള്ളവരുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിലേക്കാണ് നയിക്കുകയെന്നും പോപ്പ് വിശ്വാസികളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. കെയ്റോ സ്റ്റേഡയത്തിൽ പോപ്പ് പ്രാർത്ഥന നടത്തുന്നതിനോടനുബന്ധിച്ച് നഗരത്തിൽ പഴുതടച്ച സുരക്ഷയാണേർപ്പെടുത്തിയിരുന്നത്. യൂണിഫോമിലും മഫ്ടിയിലുമുള്ള നിരവധി പൊലീസ് ഓഫീസർമാരെ പോപ്പ് കടന്ന് പോകുന്ന വഴിയിലുടനീളം ഓരോ മീറ്ററിലും വിന്യസിച്ചിരുന്നു. കാറുകളും ടാക്സികളും അരിച്ച് പെറുക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ മിലിട്ടറി ഹെലികോപ്റ്ററുകൾ സൂക്ഷ്മനിരീക്ഷണം നടത്തി ഇടവിട്ട് പറക്കുന്നുമുണ്ടായിരുന്നു.