പ്രാർഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ട് എന്നാണ് പറയാറ്. എന്നാൽ, പ്രാർത്ഥിക്കുമ്പോൾ അത് അതിന്റെ അർഥം ഉൾക്കൊണ്ടുകൂടി വേണ്ടേ? കത്തോലിക്കാ മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനകളിലൊന്ന് പരിഷ്‌കരിക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ് പോപ്പ് ഫ്രാൻസിസ്.

ദൈവമേ, ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ എന്ന പ്രാർത്ഥനയാണ് പരിഷ്‌കരിക്കണമെന്ന് പോപ്പ് നിർദേശിക്കുന്നത്. ലത്തീൻ ഭാഷയിലുള്ള ഈ പ്രാർത്ഥന ഇംഗ്ലീഷിലും മറ്റു പല ഭാഷകളിലും ഉപയോഗിക്കുന്നത് ഈ രീതിയിലാണ്. ഇതുകേട്ടാൽ, പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തുന്നത് ദൈവമാണെന്ന തോന്നലുണ്ടാകുമെന്നാണ് മാർപാപ്പ പറയുന്നത്.

അതൊരു നല്ല തർജമയല്ലെന്ന് മാർപാപ്പ പറയുന്നു. ദൈവം പ്രലോഭനത്തിലുൾപ്പെടുത്തുന്നു എന്ന ധ്വനിയുണ്ടാകുന്നത് ശരിയല്ല. ഇതേ പ്രാർത്ഥനയെ പരിഷ്‌കരിക്കാൻ ഫ്രാൻസിലെ കത്തോലിക്കാ സമൂഹം നടത്തിയ ശ്രമത്തെ അദ്ദേഹം അഭിിനന്ദിച്ചു. ഞങ്ങളെ പ്രലോഭനത്തിൽ അകപ്പെടാൻ അനുവദിക്കരുതേയെന്നാണ് പ്രാർത്ഥനയുടെ ഫ്രഞ്ച് പരിഭാഷ. ഈ രീതി മറ്റുള്ളവർക്കും പിന്തുടരാമെന്ന് അദ്ദേഹം നിർദേശിക്കുന്നു.

മനുഷ്യരുടെ പിഴവുകളിൽനിന്ന് ദൈവം അവരെ ഉയർത്തണേയെന്നാണ് പ്രാർത്ഥിക്കേണ്ടത്. അല്ലാതെ ഉത്തരവാദിത്തം ദൈവത്തിന്റേതുകൂടിയാണെന്ന ധ്വനിയിലല്ല. മാർപ്പാപ്പയുടെ ഈ നിരീക്ഷണം ക്രൈസ്തവ ചരിത്രത്തിൽത്തന്നെ വലിയൊരു വഴിത്തിരിവാകും. നൂറ്റാണ്ടുകളായി പല രാജ്യങ്ങളിലുള്ള കോടാനുകോടി വിശ്വാസികൾ ഉച്ചരിച്ചുവരുന്ന അടിസ്ഥാന പ്രാർത്ഥനകളിലൊന്നാണിത്.

പൗരാണിക ഗ്രീക്ക് ഭാഷയിൽനിന്നും യേശുവിന്റെ കാലത്ത് സംസാരിച്ചിരുന്ന അരാമിക് ഭാഷയിൽനിന്നുമാണ് ഈ പ്രാർത്ഥന ഉടലെടുത്തതെന്നാണ് കരുതുന്നത്. പിന്നീടത് ലത്തീൻ ഭാഷയിലേക്കും അതിൽനിന്ന് ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. വത്തിക്കാന്റെ നിർദേശമനുസരിച്ച് ലോകത്തെ വിവിധ കത്തോലിക്കാ സഭകൾ പിന്തുടരുന്ന പ്രാർത്ഥനകളിലൊന്നാണിത്.