ന്നും ഏറെ ജനകീയനും ആശ്വാസ ദായകനുമാണ് പോപ്പ് ഫ്രാൻസീസ്. ഏതു സന്ദർഭവും നോക്കാതെ സഹായവുമായി ഓടിയെത്തുന്ന പരിപാലകനെയാണ് എപ്പോഴും ലോകം കാണുന്നത്. ഇത്തരത്തിൽ പരിശുദ്ധ പിതാവിന്റെ കരുണചൊരിയുന്ന പ്രവർത്തി ലോകത്തിനു മുന്നിൽ വെളിവാകുന്ന മറ്റൊരു സംഭവം കൂടി അടുത്തിടെ അരങ്ങേറി. ചിലിയിൽ സന്ദർശനം നടത്തുന്ന വേളയിൽ പോപ്പിന്റെ വാഹനം കടന്നു പോകവേ കുതിരപ്പുറത്തു നിന്ന് വീണ പൊലീസുകാരിക്ക് ആശ്വാസവാക്കുകളുമായി ഓടിയെത്തുന്ന ഫ്രാൻസീസി പിതാവിന്റെ ചെയ്തി ലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചിരിക്കുന്നത്.

ആൾക്കൂട്ടത്തിനിടയിലൂടെ പോപ്പിന്റെ വാഹനവ്യൂഹം നീങ്ങുമ്പോൾ ഇടഞ്ഞ കുതിര അതിന്റെ പുറത്തിരുന്ന പൊലീസുകാരിയെ ചവിട്ടിത്തെറുപ്പിക്കുകയായിരുന്നു. പോപ്പ് സഞ്ചരിച്ചിരുന്ന വാഹനം തൊട്ടടുത്തെത്തിയപ്പോഴായിരുന്നു കുതിര ഇടഞ്ഞത്. കുതിര വിളറിപിടിച്ചതോടെ പോപ്പിന്റെ വാഹനം വെട്ടിത്തിരിഞ്ഞ് പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്.

കുതിരപ്പുറത്തു നിന്ന് പൊലീസ് ഉദ്യോഗസ്ഥ വീണതു ശ്രദ്ധയിൽപ്പെട്ട പോപ്പ് ഉടൻ തന്റെ വാഹനം നിർത്തിച്ച് അവർക്കു സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. പോപ്പിനൊപ്പം സെക്യുരിറ്റി ഗാർഡുകൾ ഉണ്ടായിരുന്നുവെങ്കിലും മാർപ്പാപ്പ തന്നെ സ്വയം വാഹനത്തിൽ നിന്ന് ഇറങ്ങുകയായിരുന്നു. ആംബുലൻസ് എത്തി പൊലീസുകാരിയെ കൊണ്ടുപോകും വരെ പോപ്പ് അവർക്ക് ഒപ്പം നിന്ന് ആശ്വാസവാക്കുകൾ ചൊരിയുന്നുണ്ടായിരുന്നു. അതിനു ശേഷം മാത്രമാണ് പോപ്പ് തന്റെ യാത്ര തുടർന്നത്.

ചിലിയിലെ ഇക്വിക്യുവിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം ഭക്തജനങ്ങൾക്കിടയിലൂടെ നീങ്ങുമ്പോഴായിരുന്നു വിളറി പിടിച്ച കുതിര പൊലീസുകാരിയെ പുറത്തു നിന്ന് കുതറിവീഴ്‌ത്തിയത്.

അതേസമയം പറന്നുകൊണ്ടിരുന്ന വിമാനത്തിൽ വിവാഹം ആശീർവദിച്ചും മാർപ്പാപ്പ ചരിത്രം കുറിച്ചു. എട്ടു വർഷം മുമ്പ് നിയമപരമായി വിവാഹം കഴിച്ച വിമാനജോലിക്കാരായ പൗള പോഡസ്റ്റ് റൂവിസിനും കാർലോസ് ഇലോറിഗയ്ക്കും പോപ്പിനെ വിമാനത്തിൽ കണ്ടതോടെ ഉണ്ടായ ആഗ്രഹമാണ് മാർപ്പാപ്പ സാധിച്ചുകൊടുത്തത്. തങ്ങളുടെ ഇടവക പള്ളിയിൽ മതപരമായി വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അക്കാലത്ത് സാന്റിയാഗോയിലുണ്ടായ ഒരു ഭൂകമ്പത്തിൽ പള്ളി തകർന്നതോടെ വിവാഹച്ചടങ്ങുകൾ ഇവർ ഉപേക്ഷിക്കുകയുമായിരുന്നു.

ഭൂമിയിൽ നിന്ന് 36,000 അടി ഉയരത്തിൽ വച്ച് പറന്നുകൊണ്ടിരുന്ന വിമാനത്തിൽ പോപ്പ് ഇവരുടെ വിവാഹം ആശീർവദിക്കുകയും വിവാഹ സർട്ടിഫിക്കറ്റ് ഒപ്പിട്ടു നൽകുകയും ചെയ്തു.