യാങ്കൂൺ: ഫ്രാൻസിസ് മാർപ്പാപ്പ മ്യാന്മറിൽ എത്തിയിരിക്കയാണ്. റോഹിങ്യൻ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ലോകം മുഴുവൻ ചർച്ച ചെയ്യുന്ന വേളയിലാണ് ഫ്രാൻസിസ് പാപ്പ മ്യാന്മാർ സന്ദർശിക്കാൻ എത്തുന്നത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ റോഹിങ്യൻ മുസ്ലിംങ്ങൾക്കെതിരായ നിലപാടിന്റെ പേരിൽ വിമർശനം ഉന്നയിക്കുമ്പോൾ പോപ്പിനോട് മ്യാന്മാർ പട്ടാള മേധാവി പറഞ്ഞത് മതത്തിന്റെ പേരിൽ രാജ്യത്ത് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നാണ്. ഫേസ്‌ബുക്കിലൂടെയാണ് പട്ടാള മേധാവി മറുപടി ഇക്കാര്യം പറഞ്ഞത്. മുസ്ലിം വംശഹത്യയുടെ പേരിൽ വിമർശനം നേരിടുന്നതിനിടെയാണ് പട്ടാള മേധാവി തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

നാലുദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്നാണ് മ്യാന്മറിൽ എത്തിയത്. ഔദ്യോഗിക പരിപാടികൾ നാളെ മുതലാണ്. രോഹിൻഗ്യൻ മുസ്ലിംകളുടെ പ്രശ്‌നത്തിൽ മാർപാപ്പ പരസ്യപ്രതികരണം നടത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ മാർപാപ്പ ബംഗ്ലാദേശും സന്ദർശിക്കും.

യാങ്കൂൺ വിമാനത്താവളത്തിലെത്തിയ മാർപാപ്പയെ ഭരണകൂടവും സഭാപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. നാളെ മുതലാണ് മാർപാപ്പയുടെ ഔദ്യോഗിക പരിപാടികൾ. നാളെ തലസ്ഥാനമായ നയ്പയ്തായിലെത്തി മ്യാന്മർ സ്റ്റേറ്റ് കൗൺസലർ ഓങ് സാൻ സൂ ചിയമായും സൈനിക മേധാവിയുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും. യാൻഗൂണിൽ മാർപ്പാപ്പയെ പ്രതീക്ഷിച്ച് പതിനായിരക്കണക്കിന് വിശ്വാസികളാണ് കാത്തിരിക്കുന്നത്.

രോഹിൻഗ്യൻ മുസ്ലീങ്ങളുടെ പ്രശ്‌നത്തിൽ ലോകത്തിനുമുന്നിൽ പ്രതിരോധത്തിലായ മ്യാന്മറിലെയും രോഹിൻഗ്യൻ അഭയാർഥികളുടെ ഭാരം പേറുന്ന ബംഗ്ലാദേശിലെയും മാർപാപ്പയുടെ സന്ദർശനം അതുകൊണ്ടുതന്നെ രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്നു. രോഹിൻഗ്യ മുസ്ലീങ്ങളുടെ വിഷയം ലോകത്തിനുമുന്നിൽ ചർച്ച ചെയ്യാൻ മ്യാന്മറിലെ ജനകീയ ഭരണകൂടവും അധികാരത്തിൽ നിർണായക ശക്തിയായ സൈന്യവും വിമുഖത കാട്ടുമ്പോൾ മാർപാപ്പയുടെ നയതന്ത്രം എന്താകും എന്ന് ലോകം കാത്തിരിക്കുന്നു. നാലുദിവസത്തെ സന്ദർശനത്തിനിടെ മ്യാന്മർ സ്റ്റേറ്റ് കൗൺസലർ ഓങ് സാൻ സൂ ചിയമായും സൈനിക മേധാവിയുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. രോഹിൻഗ്യൻ എന്ന വാക്ക് മ്യാന്മറിൽ ഒഴിവാക്കണമെന്നാണ് മ്യാന്മറിലെ സഭാ പ്രതിനിധികൾ മാർപാപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ ചർച്ചകളിൽ രോഹിൻഗ്യൻ വിഷയം മാർപാപ്പ ഉന്നയിച്ചാൽ മ്യാന്മർ ജനസംഖ്യയിൽ നാമമാത്രമായ ക്രൈസ്തവരെ അത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഇവർ മുന്നോട്ടുവയ്ക്കുന്നു. രാജ്യത്തെ ജനസംഖ്യയിൽ 1.27 ശതമാനം മാത്രമാണ് കത്തോലിക്കാ വിശ്വാസികൾ. ഇവരുടെ സുരക്ഷ അവഗണിച്ച് മാർപാപ്പ വിഷയം ഉന്നയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പൗരപ്രമുഖരുമായും നയതന്ത്രജ്ഞരുമായും യാങ്കൂണിൽ മാർപാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും മ്യാന്മറിൽ വച്ച് രോഹിൻഗ്യകളെ കാണുന്നില്ല.

ബംഗ്ലാദേശിലെ ധാക്കയിൽ വെള്ളിയാഴ്ച വിവിധ സമുദായങ്ങളുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ ഭാഗമായണ് മാർപാപ്പ രോഹിൻഗ്യകളെ കാണുക. ഇന്ന് യാങ്കൂണിലെത്തുന്ന മാർപാപ്പ ചൊവ്വാഴ്ച തലസ്ഥാനമായ നയ്പയ്തായിലെത്തി ഓങ് സാൻ സൂ ചിയമായും സൈനികമേധാവിയുമായും കൂടിക്കാഴ്ച നടത്തും. പിന്നീട് യാങ്കൂണിൽ മടങ്ങിയെത്തുന്ന മാർപാപ്പ ബുധനാഴ്ച പൊതുവേദിയിൽ കുർബാന അർപിക്കും. തുടർന്ന് ബുദ്ധമതനേതാക്കളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.