ത്തരവാദിത്തമില്ലാതെ വ്യാജ വാർത്തകൾ നൽകുമ്പോൾ അതിലുൾപ്പെട്ടിരുന്നവർക്കുണ്ടാകുന്ന മാനഹാനിയും നിരാശയും മാധ്യമപ്രവർത്തകർ ആലോചിക്കാറുണ്ടോ? ഒരു വാർത്തയുടെ രണ്ടുവശവും കേൾക്കാതെ ഏകപക്ഷീയമായി വാർത്ത തയ്യാറാക്കുന്നത് ശരിയാണോ? തെറ്റായ വാർത്തകൾ നൽകുന്നതും വാർത്തകളെ അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ച് സെൻസേഷണലൈസ് ചെയ്യുന്നതും കൊടിയ പാപമാണെന്ന് പോപ്പ് ഫ്രാൻസിസ്. മറ്റുള്ളവരെ ഉപദ്രവിക്കുന്ന തരത്തിലുള്ള മാധ്യമപ്രവർത്തനം പാപങ്ങളുടെ കൂട്ടത്തിൽപ്പെടുമെന്ന് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ വ്യക്തമാക്കി.

അടുത്തുതന്നെ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന വാർഷിക ലേഖനം വ്യാജവാർത്തകൾക്കെതിരെയുള്ള താക്കീതാക്കി മാറ്റാനൊരുങ്ങുകയാണ് മാർപാപ്പ. ലോകത്തുള്ള ജനാധിപത്യ സമൂഹങ്ങളിൽ അതീവ പ്രധാന്യമുള്ള പങ്കാണ് മാധ്യമപ്രവർത്തകർക്ക് നിർവഹിക്കാനുള്ളതെന്നും അതിന തകിടംമറിക്കുന്നതൊന്നും ചെയ്യരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു. യുക്തിയുള്ള, ശരിയെന്ന ബോധ്യമുള്ള കാര്യങ്ങൾ മാത്രമേ വാർത്തയിലുൾപ്പെടുത്താവൂ എന്നു അദ്ദേഹം ഉപദേശിക്കുന്നു.

തെറ്റായ വിവരം നൽകൽ, ഒരു വശം മാത്രം കേൾക്കൽ, നിറംപിടിപ്പിച്ച കഥകൾ ചേർക്കൽ, മാനഹാനി വരത്തക്ക തരത്തിലുള്ള വാർത്തകളെഴുതൽ, മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലൽ തുടങ്ങിയവയെല്ലാം പാപങ്ങളുടെ കൂട്ടത്തിൽവരുമെന്നാണ് മാർപാപ്പയുടെ അഭിപ്രായം. പഴയ വിവാദങ്ങൾ വീണ്ടും പൊടിതട്ടിയെടുത്ത് അനവസരത്തിൽ സെൻസേഷണലൈസ് ചെയ്യുന്നതും അതുപോലെതന്നെ. ഇങ്ങനെ ചെയ്യുന്നതിലൂടെ മാധ്യമപ്രവർത്തകരുടെയും മറ്റുള്ളവരുടെയും ഹൃദയമാണ് മുറിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.