- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മതനേതാക്കൾ വിഭാഗീയത വിതയ്ക്കരുത്; ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകരാകണം; അപരന്റെ പേര് പറഞ്ഞല്ല, നാം സംഘടിക്കേണ്ടത് ദൈവത്തിന്റെ പേരിലാണ്: ഫ്രാൻസീസ് മാർപ്പാപ്പ
ബുഡാപെസ്റ്റ്: മതനേതാക്കൾ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുതെന്ന് ഫ്രാൻസീസ് മാർപ്പാപ്പാ. ഹംഗറിയിൽ ക്രൈസ്തവ -യഹൂദ മത നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാർദ്ദതയാണ് ദൈവം ആഗ്രഹിക്കുന്നത്. മതനേതാക്കളുടെ നാവുകളിൽനിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകൾ ഉണ്ടാകരുത്. സമാധാനവും ഐക്യവുമാണ് ഉദ്ഘോഷിക്കേണ്ടത്. അപരന്റെ പേര് പറഞ്ഞല്ല, നാം സംഘടിക്കേണ്ടത് ദൈവത്തിന്റെ പേരിലാണ്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകർ ആകണം. ഒട്ടേറെ സംഘർഷങ്ങൾ നിറഞ്ഞ ലോകത്ത് നാം സമാധാന പക്ഷത്ത് നിൽക്കണം എന്നും മാർപ്പാപ്പാ പറഞ്ഞു.
നാല് ദിവസത്തെ മധ്യയൂറോപ്യൻ പര്യടനത്തിലായിരുന്നു അദ്ദേഹം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചികിത്സയിലായ മാർപ്പാപ്പ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന ആദ്യ വിദേശപര്യടനമായിരുന്നു ഇത്. ഇന്നും യഹൂദവിരുദ്ധതയുടെ അംശങ്ങൾ യൂറോപ്പിലെ പല രാജ്യങ്ങളിലും നിലനിൽക്കുന്നെന്നും അത് ഇന്നൊരു കനലാണെങ്കിൽ നാളെ ഒരു അഗ്നിയായി പടരാൻ നമ്മൾ അനുവദിക്കരുതെന്നും സമാധാനത്തിന്റെ ജലം കൊണ്ട് ആ കനലുകളെ അണയ്ക്കണമെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു. ഏഴ് മണിക്കൂറാണ് മാർപ്പാപ്പ ഹംഗറിയിൽ തങ്ങിയത്.
75 ശതമാനം ക്രിസ്ത്യൻ ജനസംഖ്യയുള്ള ഹംഗറിയിലെ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ പല നിലപാടുകൾക്കെതിരെയും നേരത്തേയും മാർപ്പാപ്പ രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷ ക്രൈസ്തവ വാദിയായ വിക്ടർ ഓർബിന്റെ കുടിയേറ്റ വിരുദ്ധ നിലപാടിലടക്കം മാർപ്പാപ്പയ്ക്ക് എതിർപ്പുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ക്രൈസ്തവ സമൂഹത്തെ തകർക്കാൻ നോക്കുന്ന ആളാണ് പോപ്പ് എന്ന തരത്തിലുള്ള ആരോപണങ്ങളടക്കം വിക്ടർ ഓർബിനുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങൾ എഴുതിയിരുന്നു. ഹംഗറിയിലെത്തിയ മാർപ്പാപ്പ 40 മിനുട്ട് നേരമാണ് വിക്ടർ ഓർബിനുമായി സംസാരിച്ചത്. ഇതിന് പിന്നാലെയാണ് മാർപ്പാപ്പ ക്രൈസ്തവ സമൂഹത്തെ അഭിസംബോധന ചെയ്ത് ദീർഘമായ പ്രസംഗം നടത്തിയത്.