ന്യൂഡൽഹി: ഏറെ നാളായി കേട്ട അഭ്യൂഹങ്ങൾക്ക് വിരാമമായി. മാർപ്പാപ്പ വീണ്ടും ഇന്ത്യ സന്ദർശിക്കാൻ കളമൊരുങ്ങിയിരിക്കുന്നു. വത്തിക്കാൻ സിറ്റിയിൽ പോപ് ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ട്വീറ്റ് ചെയ്തു. ' പോപ് ഫ്രാൻസിസുമായുള്ള കൂടിക്കാഴ്ച വളരെ ഊഷ്മളമായിരുന്നു. വിവിധ
വിഷയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്യാൻ അവസരമുണ്ടായി. അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചു', മോദി ട്വീറ്റ് ചെയ്തു.

20 മിനിറ്റ് നേരമായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതെങ്കിലും, അത് ഒരു മണിക്കൂറോളം നീണ്ടുനിന്നു. പ്രധാനമന്ത്രിക്ക് ഒപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും, വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ഉണ്ടായിരുന്നു. കാലാവസ്ഥാ മാറ്റത്തെ നേരിടൽ, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങി നമ്മുടെ ഭൂമിയെ കൂടുതൽ മെച്ചമാക്കുന്നത് അടക്കം വിപുലമായ വിഷയങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്.

കോവിഡ് മഹാമാരിയും അത് ലോകവ്യാപകമായി ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും ഇകുനേതാക്കളും ചർച്ച ചെയ്തു. മഹാമാരി കാലത്ത് മറ്റുരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ സ്വീകരിച്ച നടപടികളെ പോപ്പ് അഭനന്ദിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

വത്തിക്കാൻ  ന്യൂസ്‌ മാർപ്പാപ്പ-മോദി കൂടിക്കാഴ്ച ട്വീറ്റ് ചെയ്തു. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച ആണിതെന്ന് ന്യൂസിൽ പറയുന്നുണ്ട്.

പ്രധാനമന്ത്രി വത്തിക്കാൻ സിറ്റി സ്‌റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പീട്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തി.

ഇതിന് മുമ്പ് മാർപ്പാപ്പ ഇന്ത്യയിൽ എത്തിയത് 1999 ൽ വാജ്‌പേയി പ്രധാനമന്ത്രി ആയിരുന്ന കാലത്താണ്. പോപ് ജോൺ പോൾ രണ്ടാമന്റെ അന്നത്തെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്താണ് മാർപ്പാപ്പയെ വീണ്ടും ക്ഷണിച്ചതെന്ന കാര്യം കേന്ദ്ര സർക്കാർ വൃത്തങ്ങൾ എടുത്തുപറയുന്നു.

പോപ്പുമായുള്ള മോദിയുടെ കൂടിക്കാഴ്ചയ്ക്ക് കൃത്യമായ അജണ്ടകൾ ഒന്നുമില്ലായിരുന്നു. കത്തോലിക്ക സഭയുടെ ആദരണീയനായ മേധാവിയുമായി ചർച്ച നടത്തുമ്പോൾ, അജണ്ട നിശ്ചയിക്കുന്ന സമ്പദ്രായം ഇല്ല. ചുരുക്കത്തിൽ മനുഷ്യരാശിക്ക് ആകെ സുപ്രധാനമായ വിഷയങ്ങളാണ് ഇരുവരും തമ്മിൽ കൂടിയാലോചിച്ചത്. അപ്പോസ്തലിക് പാലസിലെ ലൈബ്രറിയിലാണ് കൂടിക്കാഴ്ച നടന്നത്.

2013 മുതൽ റോമൻ കത്തോലിക്ക സഭയുടെ തലവനാണ് പോപ് ഫ്രാൻസിസ്. 1990 കളിൽ ജോൺപോൾ രണ്ടാമന്റെ കാലത്താണ് ഏറ്റവും ഒടുവിൽ പോപ് ഇന്ത്യയിൽ എത്തിയത്. രാഷ്രീയത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ബിജെപിക്കും ഇത് ഗുണകരമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അടുത്ത വർഷമാദ്യം നടക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ സമുദായത്തിന്റെ വിശ്വാസം ആർജ്ജിക്കാൻ, മാർപ്പാപ്പയുമായി ഉള്ള മോദിയുടെ കൂടിക്കാഴ്ച പാർട്ടിയെ സഹായിച്ചേക്കും. കൂടിക്കാഴ്ച ഇന്ത്യയും വത്തിക്കാനും ഒരുപോലെ താൽപര്യത്തോടെ നോക്കി കണ്ടിരുന്നു

ഇത് മാറ്റത്തിന്റെ കാഹളം

ക്രൈസ്തവ സമൂഹം ദീർഘനാളായി ആഗ്രഹിക്കുന്നതാണ് മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം. ജോൺ പോൾ രണ്ടാമന് ശേഷം അത് സംഭവിച്ചിട്ടില്ല. സംഘപരിവാറിലെ ചില വിഭാഗങ്ങളുടെ എതിർപ്പും ഇതിന് തടസ്സമായി. ജോൺ പോൾ രണ്ടാമന്റെ സന്ദർശനത്തെ ആർഎസ്എസ് ശക്തമായി എതിർത്തിരുന്നു. കത്തോലിക്ക സഭയുടെ സുപ്രധാന രേഖ ഇന്ത്യാ സന്ദർശനത്തിനിടെ പുറത്തിറക്കിയത് ആർഎസ്്എസിനെ ചൊടിപ്പിച്ചിരുന്നു. അത് ഇന്ത്യയിൽ കൂട്ട മതപരിവർത്തനത്തിന് വഴിവയ്ക്കുമെന്നായിരുന്നു ആർഎസ്എസിന്റെ ആക്ഷേപം,. എന്നാൽ, റോമിലെ കൂടിക്കാഴ്ചയ്ക്കിടെ, മാർപ്പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചതോടെ ഇതിനെല്ലാം മാറ്റം വന്നിരിക്കുകയാണ്.

കേരളത്തിൽ മാത്രമല്ല, ഗോവയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ക്രൈസ്തവ സമുദായത്തെ കൈയിലെടുക്കാൻ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് താൽപര്യമുണ്ട്. മാർപ്പാപ്പ-മോദി കൂടിക്കാഴ്ച അതിന് രാസത്വരകമാകുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.

മാർപ്പാപ്പ വരും വരുമെന്ന് പറഞ്ഞിട്ടും...

സമീപ വർഷങ്ങളിൽ പോപ് ഫ്രാൻസിസിന്റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ച് പലവട്ടം അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അത് നടന്നില്ല. 1964 ൽ പോൾ ആറാമനും, 1986 ലും 1999 ലും ജോൺ പോൾ രണ്ടാമനുമാണ് ഇന്ത്യ സന്ദർശിച്ചത്. 2016 സെപ്റ്റംബറിൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഭാരത സർക്കാരിനെ പ്രതിനിധീകരിച്ചത് അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വാരാജായിരുന്നു.

മോദി പോപ്പിനെ കാണുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രി

പോപ്പിനെ ഒടുവിൽ കണ്ട ഇന്ത്യൻ പ്രധാനമന്ത്രിയും ബിജെപിയിൽ നിന്നായിരുന്നു. അടർ ബിഹാരി വാജ്പേയി. ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, ഐ.കെ.ഗുജ്റാൾ എന്നിവരാണ് പോപ്പുമായി കൂടിക്കാഴ്ച നടത്തിയ മറ്റു പ്രധാനമന്ത്രിമാർ. മോദി അഞ്ചാമത്തെ പ്രധാനമന്ത്രിയും.1955 ജൂണിൽ വത്തിക്കാനിൽ 12ാം പിയൂസ് മാർപ്പാപ്പയെ സന്ദർശിച്ചു. അന്നത്തെ സംഘത്തിൽ ഇന്ദിര ഗാന്ധിയും ഉണ്ടായിരുന്നു. മാർപാപ്പയും നെഹ്റുവുമായുള്ള കൂടിക്കാഴ്ച 20 മിനിറ്റായിരുന്നു. ഗോവയുടെ വിമോചനം ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്നു ചർച്ചയായി.

1981 നവംബറിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദർശിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറിൽ പ്രധാനമന്ത്രി ഐ.കെ.ഗുജ്റാൾ, ജോൺപോൾ മാർപാപ്പയെ സന്ദർശിച്ചു. പി.ചിദംബരവും ഉൾപ്പെട്ടതായിരുന്നു സംഘം. എ.ബി.വാജ്പേയി 2000 ജൂണിൽ ഇറ്റലി സന്ദർശിക്കാൻ തീരുമാനിച്ചപ്പോൾ, ആദ്യം വത്തിക്കാനിലെ കൂടിക്കാഴ്ച ഉദ്ദേശിച്ചിരുന്നില്ല. സന്ദർശനം തുടങ്ങുന്നതിനു 3 ദിവസം മുൻപു മാത്രമാണ് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിക്കാൻ തീരുമാനമുണ്ടായത്.

ഇന്ത്യയിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങളിൽ ആശങ്കയുണ്ടെങ്കിലും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാർ നടപടികളെടുക്കുന്നുണ്ടെന്നു മനസിലാക്കുന്നതായും അന്നു പ്രധാനമന്ത്രിയോടു മാർപ്പാപ്പ പറഞ്ഞു. ഇന്ത്യ സഹിഷ്ണുതയുടെ മഹത്തായ പാരമ്പര്യമുള്ള രാജ്യമാണെന്നും. പ്രധാനമന്ത്രിമാരായിരിക്കെ എച്ച്.ഡി.ദേവെഗൗഡയും മന്മോഹൻ സിങ്ങും ഇറ്റലി സന്ദർശിച്ചെങ്കിലും മാർപാപ്പയുമായി കൂടിക്കാഴ്ചയുണ്ടായില്ല.

1964ൽ രാജ്യാന്തര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ പോൾ നാലാമൻ മാർപാപ്പ മുംബൈയിൽ വന്നു. ജോൺപോൾ രണ്ടാമൻ മാർപാപ്പ 1986 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയപ്പോൾ കേരളമുൾപ്പെടെ സന്ദർശിച്ചു. 1999 നവംബറിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ വീണ്ടും ഇന്ത്യയിൽ വന്നു. ഓസ്ട്രേലിയയിൽ ആഗോള യുവജന സമ്മേളനത്തിൽ സംബന്ധിക്കാനുള്ള യാത്രാമധ്യേ ബനഡിക്ട് 16ാമൻ മാർപ്പാപ്പ ഇന്ത്യയിൽ ഒരു ദിവസം സന്ദർശനം നടത്തുന്നതിന് വത്തിക്കാൻ താൽപര്യപ്പെട്ടെങ്കിലും അത് സംഭവിച്ചില്ല.