- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുയലുകളെ പോലെ പെറ്റുകൂട്ടുകയല്ല വേണ്ടത്; കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടിക്ക് പിന്നാലെ സൈബർ ലോകത്ത് ചർച്ചയായി ഫ്രാൻസിസ് പാപ്പയുടെ മുൻ പ്രസംഗം
പാലാ: അഞ്ചിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ആനുകൂല്യം പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടി വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കിയത്. സൈബർ ലോകത്ത് അടക്കം വലിയ വിമർശനങ്ങൾ ഇതിന്റെ പേരിൽ ഉണ്ടായിരിക്കയാണ്. ഇതിനിടെ രൂപതയെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റുകളിൽ വൈറലാകുന്നത് ഫ്രാൻസിസ് മാർപാപ്പ നടത്തിയ പഴയൊരു പ്രസ്താവനയാണ്.
'മുയലുകളെ പോലെ പെറ്റുകൂട്ടകയല്ല, ഉത്തരവാദിത്തത്തോടെ കുട്ടികളെ വളർത്താനാണ് കത്തോലിക്കർ ശ്രദ്ധിക്കേണ്ടത്' എന്നായിരുന്നു പോപ്പ് മുമ്പ് പറഞ്ഞത്. കൂടുതൽ കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച സീറോ മലബാർ പാല രൂപതയുടെ നടപടി വിവാദത്തിലായതിന് പിന്നാലെ ചർച്ചയായി വർഷങ്ങൾക്ക് മുൻപ് ഫ്രാൻസിസ് മാർപാപ്പ നടത്തിയ പ്രസ്താവന.
2015ൽ നടത്തിയ ഒരു വാർത്താസമ്മേളനത്തിൽ ഗർഭനിരോധന ഉറകളുടെ ഉപയോഗത്തെ എതിർത്ത ഫ്രാൻസിസ് പാപ്പ സഭ അംഗീകരിക്കുന്ന സ്വാഭാവിക രീതികളാണ് കുടുംബാസൂത്രണത്തിന് സ്വീകരിക്കേണ്ടതെന്നും പറഞ്ഞിരുന്നു. 'നല്ല കത്തോലിക്കനാകാൻ മുയലുകളെ പോലെ പെറ്റുകൂട്ടേണ്ടതില്ല, ഉത്തരവാദിത്തബോധമുള്ള മാതാപിതാക്കളായി നല്ല രീതിയിൽ കുട്ടികളെ വളർത്തുകയാണ് വേണ്ടത്. സഭ അംഗീകരിക്കുന്ന മാർഗങ്ങളിലൂടെ കുടുംബാസൂത്രണം നടപ്പിലാക്കാനാണ് ദമ്പതികൾ ശ്രദ്ധിക്കേണ്ടത്.
ഏഴ് സിസേറിയൻ പ്രസവത്തിന് ശേഷം എട്ടാമതും ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീയെ കണ്ടിരുന്നു. തികച്ചും നിരുത്തരവാദപരമായ കാര്യമാണത്. ദൈവത്തിൽ വിശ്വാസമുണ്ടെന്നും ദൈവം രക്ഷിക്കുമെന്നുമൊക്കെ ആ സ്ത്രീ പറഞ്ഞേക്കാം. പക്ഷെ, ഉത്തരവാദിത്ത ബോധത്തോടെ പെരുമാറാനുള്ള മാർഗങ്ങളും ദൈവം കാണിച്ചു തന്നിട്ടുണ്ട്,' ഫ്രാൻസിസ് പാപ്പ പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്