കൊച്ചി: ഫ്രാൻസിസ് മാർപാപ്പ കേരളത്തിലും എത്തും. ഇതുറപ്പിക്കാൻ കേരളത്തിലെ ക്രൈസ്തവ സഭകൾ നീക്കം തുടങ്ങി. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചിരുന്നു. ഇന്ത്യസന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതിനെ ആഹ്ലാദത്തോടെയാണു ക്രൈസ്തവർ സ്വീകരിച്ചിരിക്കുന്നത്. ഒരുവർഷത്തിനുള്ളിൽ സന്ദർശനമുണ്ടാകുമെന്നാണു പ്രതീക്ഷ.

മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിച്ചത് ചരിത്രപരമായ തീരുമാനമാണെന്നു സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സഭയുടെ സേവനങ്ങൾക്കുള്ള രാജ്യത്തിന്റെ അംഗീകാരംകൂടിയാണ് ഈ ക്ഷണമെന്നു കാഞ്ഞിരപ്പള്ളി രൂപതാ മുന്മെത്രാൻ മാർ മാത്യു അറയ്ക്കൽ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതയും അതിന്റെ സൗന്ദര്യവും കൂടുതൽ പ്രകാശമാനമാക്കാനുള്ള ക്ഷണമാണു പ്രധാനമന്ത്രി മാർപാപ്പയ്ക്കു സമർപ്പിച്ചിരിക്കുന്നതെന്നു പ്രത്യാശിക്കുന്നതായി സിറോ മലബാർസഭ മുൻവക്താവ് ഫാ. പോൾ തേലക്കാട്ട് പറഞ്ഞു.

ഇതിനുമുൻപ് ജോൺപോൾ രണ്ടാമൻ മാർപാപ്പ മാത്രമേ കേരളത്തിലെത്തിയിട്ടുള്ളൂ, 1986-ൽ. ക്രൈസ്തവർ നിർണായകഘടകമായ കേരളത്തിൽ മാർപാപ്പ എത്തുമെന്നുറപ്പാണെന്നു കെ.സി.ബി.സി. വക്താവ് ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു. സിറോ മലബാർ, സിറോ മലങ്കരസഭകളുടെ കർദിനാൾമാർകൂടി ചേർന്നാണു മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കണമെന്നു പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നത്.

രാഷ്ട്രത്തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ചകൾ ഒഴികെ, ബാക്കിയുള്ള പരിപാടികൾ ഏകോപിപ്പിക്കുന്നത് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയായ അപ്പൊസ്‌തൊലിക് നുൺഷ്യോ ആയിരിക്കും. ഭാരത കത്തോലിക്ക മെത്രാൻ സമിതി (സി.ബി.സിഐ.)യുമായി ആലോചിച്ചായിരിക്കും നടപടികൾ. ഇവർ കെ.സി.ബി.സി.യുൾപ്പെടെയുള്ള ഘടകങ്ങളുമായും കൂടിയാലോചിക്കും. വത്തിക്കാൻ അംഗീകാരം നൽകുന്നതോടെയാകും പരിപാടികൾ അന്തിമമാകുക. അജപാലനപരമായ എന്തെങ്കിലും ചടങ്ങുകൾ ഉണ്ടോയെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ല.

ഒലിവ് ചില്ലയുടെ വെങ്കലഫലകമാണു മാർപാപ്പ പ്രധാനമന്ത്രിക്കു നൽകിയത്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും അടയാളമെന്നാണ് ബൈബിളിൽ ഒലിവിനെക്കുറിച്ചു പറയുന്നത്. ആലിംഗനത്തോടെ കൂടിക്കാഴ്ച അവസാനിക്കുമ്പോൾ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു: എനിക്കുവേണ്ടി പ്രാർത്ഥിക്കുക. അങ്ങ് യഥാർഥ പിതാവാണെന്നും കൂടിക്കാഴ്ച സന്തോഷകരമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു നേതാക്കളും ആദ്യമായാണു തമ്മിൽ കണ്ടതെങ്കിലും ചിരപരിചിതരപ്പോലെ ഇടപഴകി. ലോകനേതാക്കളിൽനിന്നു പതിവില്ലാത്ത ആലിംഗനത്തിലും മാർപാപ്പ സന്തോഷത്തോടെ പങ്കുചേർന്നു.

മാർപാപ്പയെ ആലിംഗനം ചെയ്ത് മോദി പറഞ്ഞു: ഞാനിത് എന്നും ഓർമിക്കും. അങ്ങയെ ഇന്ത്യയിൽ സ്വീകരിക്കാൻ എനിക്കു സന്തോഷമുണ്ടാവും. നന്ദിയെന്ന് മാർപാപ്പ. തുടർന്ന് മോദിയെ യാത്രയാക്കാൻ മാർപാപ്പ സാല ദെൽ ത്രൊനെത്തോയുടെ കവാടത്തിന് അരികിലേക്ക്. അവിടെയും ഇരുവരും ആലിംഗനം ചെയ്തു.

മാർപാപ്പ പറഞ്ഞു: അങ്ങയുടെ സന്ദർശനത്തിന് നന്ദി. എനിക്കു സന്തോഷമുണ്ട്. വളരെ സന്തോഷം. വീണ്ടും ഇന്ത്യയിലേക്ക് മാർപാപ്പയെ ക്ഷണിച്ച് മോദി പറഞ്ഞു: ഇതെനിക്ക് വലിയ അംഗീകാരമാണ്. അങ്ങയെ ഇന്ത്യയിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് അവിടെ അതിന് അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.