സ്ട്രാസ്ബുർഗ്: കുടിയേറ്റക്കാർക്കു മേൽ യൂറോപ്പ് കരുണകാട്ടണമെന്നും അവർക്ക് ആവശ്യമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കണമെന്നും പോപ്പ് ഫ്രാൻസീസ്. യൂറോപ്പ് സന്ദർശന വേളയിൽ യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് മാർപ്പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്. മിഡ്ഡിൽ ഈസ്റ്റിൽ നിന്നും ആഫ്രിക്കയിൽ നിന്നുമായി ധാരാളം കുടിയേറ്റക്കാരാണ് യൂറോപ്പിലെത്തുന്നത്. ഇവരെ സ്വീകരിക്കാനുള്ള വിശാലത യൂറോപ്പ് കാട്ടണം. നിർധനരും അനാഥരുമായ ഇവരുടെ രക്ഷയ്ക്കായി പ്രവർത്തിക്കാൻ യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങളെ മാർപ്പാപ്പ ഉദ്‌ബോധിപ്പിച്ചു. കുടിയേറുന്നവർക്ക് തൊഴിൽ സാഹചര്യം ഒരുക്കേണ്ടതും യൂറോപ്പിന്റെ കടമയാണെന്ന് പറയാൻ മാർപ്പാപ്പ മറന്നില്ല.

യൂറോപ്യൻ പാർലമെന്റ് ആസ്ഥാനമായ ഫ്രാൻസിലെ സ്ട്രാസ്ബുർഗിലാണ് മാർപ്പാപ്പ നാലു മണിക്കൂർ നീണ്ട സന്ദർശനം നടത്തിയത്. സിറിയ, ഇറാഖ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കവേ 3,200 ലധികം കുടിയേറ്റക്കാരാണ് മരിച്ചത്. അതുകൊണ്ടു തന്നെ മെഡിറ്ററേനിയനെ വലിയൊരു സെമിത്തേരി ആക്കാൻ അനുവദിച്ചുകൂടാ എന്നും പോപ്പ് വ്യക്തമാക്കി.

1988-ൽ പോപ്പ് ജോൺപോൾ രണ്ടാമനു ശേഷം ഇവിടെയെത്തുന്ന ആദ്യത്തെ മാർപ്പാപ്പയാണ് പോപ്പ് ഫ്രാൻസീസ്. ലോകത്തിന്റെ മുന്നിൽ യൂറോപ്പ് ചുരുങ്ങിപ്പോയെന്നും ഇപ്പോൾ മുത്തശ്ശിയെന്ന പ്രതിഛായയാണ് യൂറോപ്പിനുള്ളതെന്നും പോപ്പ് വെളിപ്പെടുത്തി. പോപ്പിന്റെ സന്ദർശന വേളയിൽ സ്ട്രാസ്ബുർഗിലുള്ള കത്തോലിക്ക പള്ളികളിൽ മുഴുവൻ മണി മുഴങ്ങി. യൂറോപ്യൻ പാർലമെന്റിനു മുന്നിൽ സ്ഥാപിച്ച വലി സ്‌ക്രീനിൽ പോപ്പിന്റെ പ്രസംഗം കേൾക്കാനായി ആയിരക്കണക്കിന് ആൾക്കാർ തടിച്ചുകൂടിയിരുന്നു. പ്രസംഗ ശേഷം തന്റെ സുരക്ഷാ വലയം ഭേദിച്ച് ജനങ്ങൾക്കിടയിൽ ഇറങ്ങാനും ഈ അജപാലകൻ മടിച്ചില്ല.