- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷേപത്തട്ടിപ്പിനെത്തുടർന്ന് പൂട്ടിയ പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖകളിൽ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ കണക്കെടുപ്പ് തുടങ്ങി; കണ്ടെടുത്തതെല്ലാം ട്രഷറിയിലേക്ക്
കൊല്ലം : നിക്ഷേപത്തട്ടിപ്പിനെത്തുടർന്ന് പൂട്ടിപ്പോയ പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖകളിൽ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ കണക്കെടുപ്പ് തുടങ്ങി. കൊല്ലം താലൂക്കിൽ കുണ്ടറ ഇളമ്പള്ളൂർ, ചിന്നക്കട പോളയത്തോട് ശാഖകളിലായിരുന്നു ശനിയാഴ്ച കണക്കെടുപ്പ് നടന്നത്. കുണ്ടറ ഇളമ്പള്ളൂർ ശാഖയിൽ 5,000 രൂപമാത്രമാണ് കണ്ടത്. ചിന്നക്കടയിൽ 2500 ഗ്രാം സ്വർണവും 88,900 രൂപയും കണ്ടെടുത്തു. കണ്ടെടുത്ത പണവും സ്വർണവും രേഖകളും ട്രഷറിയിൽ ഏൽപ്പിച്ചു.
കൊല്ലം താലൂക്കിൽ മൊത്തം 13 ശാഖകളാണുള്ളത്. കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകളിൽ നാലുവീതം ശാഖകളാണുള്ളത്. പുനലൂർ താലൂക്കിലെ ശാഖകളിൽ താലൂക്കിൽ മൊത്തമുള്ള ഏഴുശാഖകളിൽ ചണ്ണപ്പേട്ടയിലെ ശാഖയിൽ വെള്ളിയാഴ്ചയും പുനലൂരിലെ ശാഖയിൽ ശനിയാഴ്ചയും പരിശോധന നടന്നു. മൊത്തം 18 ലക്ഷത്തിലധികം രൂപയും സ്വർണവും ചെക്ക് ബുക്കുകളും പാസ്ബുക്കുകളും അനുബന്ധരേഖകളും കണ്ടെടുത്തു. ചണ്ണപ്പേട്ട ശാഖയിൽനിന്ന് 18,37,058 രൂപയും 385 പായ്ക്കറ്റുകളിലായി സ്വർണവും രേഖകളുമാണ് ലഭിച്ചത്. സ്വർണത്തിന്റെ കൃത്യമായ കണക്ക് തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. പുനലൂർ ശാഖയിൽനിന്ന് 1,100 രൂപയും 94 ഗ്രാം സ്വർണവും അനുബന്ധരേഖകളുമാണ് ലഭിച്ചത്. കണ്ടെടുത്ത പണവും സ്വർണവും മറ്റുവസ്തുക്കളും ട്രഷറിയിൽ ഏൽപ്പിച്ചു.
തിങ്കളാഴ്ച ഇടമൺ, കുളത്തൂപ്പുഴ ശാഖകളിലും ചൊവ്വാഴ്ച അഞ്ചൽ, ആര്യങ്കാവ് ശാഖകളിലും ബുധനാഴ്ച ഇടമുളയ്ക്കൽ ശാഖയിലും പരിശോധന നടക്കും. കുന്നത്തൂർ താലൂക്കിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പരിശോധന നടക്കും. കരുനാഗപ്പള്ളി താലൂക്കിലും കണക്കെടുപ്പ് തുടങ്ങി. 46 സ്വർണ ഉരുപ്പടികളും ചെക്ക് ബുക്കുകളും രജിസ്റ്ററുകളും കണ്ടെടുത്തു. സ്വർണം തൂക്കി തിട്ടപ്പെടുത്തി കരുനാഗപ്പള്ളി സബ്ട്രഷറിയിലേക്ക് മാറ്റി. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഓച്ചിറ, കരുനാഗപ്പള്ളി ശാഖകളിൽ കണക്കെടുപ്പ് നടത്തും.