- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് പെൺമക്കളെ വിമാനത്തവളത്തിൽ ലുക്ക് ഔട്ട് നോട്ടീൽ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അതിവേഗം മക്കളെ ചോദ്യം ചെയ്യലിന് പത്തനംതിട്ടയിൽ എത്തിച്ചപ്പോൾ മുമ്പിലുള്ള പ്രതിസന്ധി തിരിച്ചറിഞ്ഞ് അച്ഛനും അമ്മയും എസ് പിയുടെ മുമ്പിൽ കീഴടങ്ങി; റോയ് ഡാനിയലിനെ അഴിക്കുള്ളിലാക്കിയത് കൂടത്തായി ഹീറോയുടെ മാസ് ബുദ്ധി; മക്കൾക്ക് പിന്നാലെ മരുമക്കളും കേസിൽ പ്രതിയാകാൻ സാധ്യതയെന്ന തിരിച്ചറിവിൽ വ്യവസായ കുടുംബം; പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് പിന്നിൽ മാസങ്ങളുടെ ആസൂത്രണം
പത്തനംതിട്ട: രണ്ട് പെൺമക്കളെ തന്ത്രപൂർവ്വം പിടികൂടിയ പൊലീസ് നടപടി വെറുതെയായില്ല. പത്തനംതിട്ട എസ് പി കെജി സൈമണിന്റെ അത്യസാധാരണ നീക്കങ്ങളിലൂടെ ചിട്ടിതട്ടിപ്പിലെ പ്രതികളെ അതിവേഗം കീഴടങ്ങി. പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ സ്ഥാപന ഉടമകളായ റോയ് ഡാനിയലും ഭാര്യ പ്രഭ തോമസും ഇന്നലെ വൈകിട്ട് അഞ്ചരയോടെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ കീഴടങ്ങി. കോടികളുമായി മുങ്ങുന്നവരെ ഏറെ കഷ്ടപ്പെട്ട് പിടികൂടുന്നതാണ് കേരളത്തിലെ പൊലീസിന്റെ സ്ഥിരം രീതി. എന്നാൽ പോപ്പുലറിലെ പ്രതികൾ ഉന്നത സ്വാധീനത്തിന് ഉടമയായിട്ട് പോലും രക്ഷപ്പെടാൻ കഴിഞ്ഞില്ല.
രണ്ടാഴ്ചയായി ഇവർ തിരുവല്ല ഇടിഞ്ഞില്ലത്തെ ലോഡ്ജിൽ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വെള്ളിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ മക്കൾ റിനു മറിയം തോമസ് (ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ), റിയ ആൻ തോമസ് (ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം) എന്നിവരെയും പത്തനംതിട്ട എസ്‌പി ഓഫിസിൽ എത്തിച്ചു. ഇതോടെയാണ് അച്ഛനും അമ്മയും കീഴടങ്ങിയത്. ഇതോടെ പാപ്പർ ഹർജി നൽകി എല്ലാ കേസുകളും ഒതുക്കാനുള്ള നീക്കവും പൊളിഞ്ഞു. വലിയ ക്രിമിനൽ ഗൂഢാലോചന ഇക്കാര്യത്തിൽ നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തു.
വിമാനമാർഗം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് റിനുവിനെയും റിയയെയും ഡൽഹിയിൽനിന്നു കൊച്ചി വിമാനത്താവളത്തിലെത്തിച്ചത്. തുടർന്നു പത്തനംതിട്ടയ്ക്കു കൊണ്ടുവരികയായിരുന്നു. പരാതി ഉയർന്നതോടെ ഒരു മാസം മുൻപാണ് റോയ് ഡാനിയൽ വീടുപൂട്ടി കുടുംബത്തോടൊപ്പം കടന്നത്. ഇതിനിടെ കേസ് എസ് പിക്ക് മുമ്പിലെത്തി. ഗൗരവം മനസ്സിലാക്കി നടപടികൾ എടുത്തു. അതിവേഗം ലുക്ക് ഔട്ട് നോട്ടീസും ഇറക്കി. മക്കൾക്കുമതെിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നു. എന്നാൽ ഇത് മാധ്യമങ്ങളോട് പറഞ്ഞില്ല. ഇതോടെ രക്ഷപ്പെടാമെന്ന പ്രതീക്ഷയിൽ രണ്ട് പെൺമക്കളും വിമാനത്താവളത്തിലെത്തി. പിടിയിലാവുകയും ചെയ്തു. ഇതോടെ അച്ഛനും അമ്മയക്കും കീഴടങ്ങൽ അല്ലാതെ മറ്റു മാർഗ്ഗമില്ലാതെയായി.
അതിനിടെ ഇതിനിടെ, കോന്നി വകയാറിലെ പോപ്പുലർ ആസ്ഥാനത്ത് നടന്ന പരിശോധനയിൽ വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകൾ പൊലീസ് കണ്ടെത്തി. ചില നിർണായക രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അടുത്തകാലം വരെ പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് ഇടപാടുകാർക്ക് രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കുറെ മാസങ്ങളായി വിവിധ പേരിലാണ് രേഖകൾ നൽകുന്നത്. പോപ്പുലർ പ്രിന്റേഴ്സ്, പോപ്പുലർ ട്രേഡേഴ്സ്, പോപ്പുലർ എക്സ്പോർട്ടേഴ്സ്, മൈ പോപ്പുലർ മറൈൻ എന്നീ സ്ഥാപനങ്ങളുടെ പേരിലുള്ള രേഖകളാണ് നിക്ഷേപകർക്കു നൽകിയത്. പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖകളിൽ പണം നിക്ഷേപിച്ചവർക്കും പുതുക്കി നൽകിയവർക്കുമാണ് വിവിധ സ്ഥാപനങ്ങളുടെ പേരിലുള്ള രേഖകൾ നൽകിയത്.
ഒരു സ്ഥാപനത്തിലേക്കു വന്ന നിക്ഷേപം മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയിടുകയായിരുന്നു. റോയിയുടെ മക്കളുടെ ഭർത്താക്കന്മാരുടെ പേരിലുള്ള വ്യവസായ സംരംഭങ്ങളിലേക്കും നിക്ഷേപം വകമാറ്റിയിരുന്നു. നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ നികുതി വകുപ്പും പരിശോധിക്കും. ഇവരും കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. അതേസമയം, പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ കൂട്ടായ്മ പ്രത്യക്ഷ സമരം തുടങ്ങി. 2500 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണു പ്രാഥമിക വിവരം. തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് മാസങ്ങൾ നീണ്ട ആസ്രൂത്രണത്തിനൊടുവിലാണ് നടന്നതിന് തെളിവാണ് അടുത്തിടെ സ്ഥാപനം നിക്ഷേപകർക്ക് നൽകിയത് മറ്റ് സ്ഥാപനങ്ങളുടെ രേഖകൾ. പോപ്പുലർ പ്രിന്റേഴ്സ്, പോപ്പുലർ ട്രെയ്ഡേഴ്സ്, പോപ്പുലർ എക്സ്പോർട്ടേഴ്സ്, മൈ പോപ്പുലർ മറൈൻ എന്നീ സ്ഥാപനങ്ങളുടെ രേഖകളാണ് നിക്ഷേപകർക്ക് നൽകിയത്. പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖകളിൽ പണം നിക്ഷേപിച്ചവർക്കും പുതുക്കി നൽകിയവർക്കുമാണ് ഇത്തരത്തിൽ മറ്റ് സ്ഥാപനങ്ങളുടെ പേരിലുള്ള രേഖകൾ കൈമാറിയത്. ഒരു സ്ഥാപനത്തിലേക്ക് വന്ന നിക്ഷേപം വിവിധ സ്ഥാപനങ്ങളിലേക്ക് മാറ്റി നിക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതാണ് തട്ടിപ്പിന് പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണം സംശയിക്കാൻ കാരണം.
പോപ്പുലർ ഫിനാൻസിനെതിരേ വിവിധ ജില്ലകളിൽ പരാതിപ്രവാഹം. കൊല്ലം ജില്ലയിൽനിന്ന് ഇന്നലെ മാത്രം 200 ലേറെ പരാതികളാണ് പോപ്പുലറിനെതിരേ ലഭിച്ചത്. ചാത്തന്നൂർ ശാഖയിൽ പണം നിക്ഷേപിച്ചവരുടേതാണ് ഇതിൽ ഭൂരിഭാഗം പരാതികളും. ഈ പരാതികളിന്മേലുള്ള അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തെ ചുമതലപ്പെടുത്തി. സ്ഥാപനത്തിനെതിരേ സാമ്പത്തികത്തട്ടിപ്പു സംബന്ധിച്ച് സംസ്ഥാനത്ത് ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത ചങ്ങനാശേരിയിലും ഇന്നലെ കൂടുതൽ പേർ പരാതിയുമായെത്തി. കോട്ടയത്ത് 30 ലേറെപ്പേരാണ് പരാതി നൽകിയിരിക്കുന്നത്. ഈ പരാതികളനുസരിച്ച്, മണർകാട്, ചങ്ങനാശേരി എന്നിവിടങ്ങളിൽനിന്നുള്ളവരുടെ മൂന്നരക്കോടിയിലേറെ രൂപ നഷ്ടമായിട്ടുണ്ട്. 42.5 ലക്ഷം വരെ നഷ്ടമായവർ പരാതിക്കാരിലുണ്ടെന്നു ചങ്ങനാശേരി ഡിവൈ.എസ്‌പി: വി.ജെ. ജോഫി പറഞ്ഞു. പണം നഷ്ടപ്പെട്ടവരുടെ കോട്ടയത്തെ പരാതികൾ ക്രോഡീകരിക്കാനുള്ള ചുമതല ഇദ്ദേഹത്തിനാണ്. ഈ പരാതികൾ പിന്നീട് കോന്നി പൊലീസിനു കൈമാറും. വരും ദിവസങ്ങളിലും സ്ഥാപനത്തിനെതിരേ കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തുമെന്ന വിലയിരുത്തലിലാണ് പൊലീസ്.
കോട്ടയം ജില്ലയിൽ ചങ്ങനാശേരി സബ് ഡിവിഷനിൽ മാത്രം ഏതാണ്ട് ഒൻപതിടത്താണ് പോപ്പുലർ ഫിനാൻസ് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. ഇതിൽ ചങ്ങനാശേരി, മണർകാട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ മാത്രമാണ് അടച്ചത്. മറ്റിടങ്ങളിലെ സ്ഥാപനങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. പോപ്പുലർ ഫിനാൻസ്, പോപ്പുലർ ട്രേഡേഴ്സ്, പോപ്പുലർ ഇൻവെസ്റ്റ്മെന്റ്സ് എന്നിവയടക്കമുള്ള പേരുകളിലായി 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നെന്നാണ് ആദ്യഘട്ട അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അടൂർ ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. അതിനിടെ, പോപ്പുലർ ഫിനാൻസിന്റെ കോന്നി വകയാറിലെ ആസ്ഥാനത്ത് വിവിധ ജില്ലകളിൽനിന്നുള്ള നിരവധി നിക്ഷേപകർ ഇന്നലെ പ്രതിഷേധ മാർച്ച് നടത്തി. പണം തിരികെ കിട്ടുംവരെ സമരം തുടരാനുള്ള തയ്യാറെടുപ്പിലാണ് നിക്ഷേപകൾ.
മറുനാടന് മലയാളി ബ്യൂറോ