പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റോയി ഡാനിയേലിന്റെ മക്കളായ റിയ, റിനു എന്നിവർക്കാണ് തട്ടിപ്പിൽ മുഖ്യ പങ്കെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. എൽഎൽപി എന്ന നിലയിൽ കമ്പനികൾ രൂപീകരിച്ച് തട്ടിപ്പ് നടത്തിയത് ഇവരായിരുന്നുവെന്നും നിക്ഷേപകർക്ക് അറിയാത്ത ഒരു പാട് കാര്യങ്ങളുണ്ടെന്നും എസ്‌പി കെജി സൈമൺ വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലുള്ള സ്ഥാപന ഉടമ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞു. റോയിയുടെ പെൺമക്കളുടെ ഭർത്താക്കന്മാരുടെ പേരിലുള്ള വ്യവസായ സംരഭങ്ങളിലേക്ക് ഫിനാൻസിന്റെ നിക്ഷേപം വകമാറ്റിയിരുന്നു. അതേസമയം, പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രത്യക്ഷ സമരം തുടങ്ങി.

പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് വിദേശത്ത് കോടികളുടെ നിക്ഷേപമെന്ന് സൂചനയും പൊലീസിന് കിട്ടികഴിഞ്ഞു. കോടികളുടെ നിക്ഷേപം ഉള്ളത് ഓസ്‌ട്രേലിയയിലാണ്. ലിമിറ്റഡ് ലയബലിറ്റി പാട്ണർഷിപ്പായി 21 കമ്പനികൾ രൂപീകരിച്ച് നിക്ഷേപകരുടെ പണം കമ്പനികളിലേക്ക് വകമാറ്റുകയായിരുന്നു. നിക്ഷേപങ്ങൾ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. വ്യവസായ സംരംഭങ്ങളിൽ നേരിട്ടല്ലാത്ത പങ്കാളിത്തവും പ്രതികൾ സ്വന്തമാക്കി. മൂന്ന് ദേശസാൽകൃത ബാങ്കുകളിലായുള്ള 5 അക്കൗണ്ടുകളിലേയ്ക്ക് തുക മാറ്റി നിക്ഷേപിച്ചു. മധ്യതിരുവിതാംകൂർ കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് കോന്നി ആസ്ഥാനമായുള്ള പോപുലർ ഫിനാൻസ് നടത്തിയത്.

കേരളത്തിനകത്തും പുറത്തുമായി 350 ശാഖകൾ ഉള്ള പോപുലർ ലക്ഷക്കണക്കിന് നിക്ഷേപകരിൽനിന്ന് ആയിരത്തിലധികം കോടിയാണ് തട്ടിയെടുത്തത്. 1976ൽ പ്രവർത്തനം ആരംഭിച്ച പോപുലറിെന്റ അടിത്തറ ഇളകിത്തുടങ്ങിയത് 2014-15 കാലഘട്ടത്തിലാണ്. നിലവിലെ കമ്പനി എം.ഡി റോയി ഡാനിയേലിന് ഒരു പരിചയവും ഇല്ലാത്ത വനാമി കൊഞ്ച് കയറ്റുമതിയിൽ കോടികളുടെ നഷ്ടമുണ്ടായി. തോടെ മകൾ ഡോ. റീനു മറിയം തോമസിന് സിഇഒ ചുമതല നൽകി. ഇതിനെ തുടർന്ന് ഒരോവർഷം കഴിയുന്തോറും കൂടുതൽ കൂടതൽ അടിത്തറ തകർന്നു 2020 ആയപ്പോഴേക്കും പതനം പൂർത്തിയായി. ഇതിനൊപ്പം മക്കളുടെ വിദേശ നിക്ഷേപവും ഉയർന്നു.

മകൾ ചുമതല ഏറ്റശേഷം ഏറ്റവും അധികം ബിസിനസ്സുള്ള ശാഖകൾ വിവിധ പേരുകളിൽ നിധി ലിമിറ്റഡുകളായി രജിസ്റ്റർ ചെയ്ത് നിക്ഷേപം സ്വീകരിച്ചതോടെ ഹെഡ് ഓഫിസിൽ എത്തേണ്ട കോടികൾ വർഷങ്ങളായി വകയാർ ഓഫിസിലേക്ക് എത്തുന്നില്ല. ഇതിനു പുറമേയാണ് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പിൽ നിക്ഷേപകരെ ബിസിനസ്സിൽ പങ്കാളികളാക്കി ആസൂത്രിതമായി കോടികളുടെ തട്ടിപ്പും അഞ്ചുവർഷം കൊണ്ട് നടത്തിയിരിക്കുന്നത്. ഈ പണമെല്ലാം മക്കളുടെ ഭർത്താക്കന്മാരുടെ ബിസിനസ്സിൽ എത്തിയെന്നാണ് പൊലീസ് വിലയിരുത്തൽ. അറസ്റ്റിലായവർ ഇതെല്ലാം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തുക. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂർ ക്വാറന്റൈൻ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. വെറുമൊരു ബോർഡുമാത്രം െവച്ച് കമ്പനിയാണെന്ന് കാട്ടിയാണ് അഞ്ചുവർഷമായി നിക്ഷേപകരിൽനിന്ന് പോപുലർ ഫിനാൻസ് പണം സ്വീകരിച്ചിരിക്കുന്നത്. വകയാർ ആസ്ഥാനമായി പ്രധാനമായും പോപുലർ ഫിനാൻസ് മാത്രമാണുള്ളത്. എന്നാൽ, കെട്ടിടത്തിന്റെ ഒരോ മുറികളുടെ മുന്നിലും വിവിധ എൽ.എൽ.പി കമ്പനികളുടെ ബോർഡുകൾ സ്ഥാപിച്ച് നിക്ഷേപകരെ വലയിലാക്കിയാണ് നടത്തിപ്പുകാർ വഞ്ചിച്ചിരിക്കുന്നത്.

മേരി റാണി പോപുലർ നിധി ലിമിറ്റഡ്, എം.ആർ.പി.എൻ ചിട്ട് പ്രൈവറ്റ് ലിമിറ്റഡ്, മൈ പോപുലർ മറൈൻ പ്രൊഡക്ട്‌സ് എൽ.എൽ.പി, മേരി റാണി ട്രേഡിങ് എൽ.എൽ.പി, വകയാർ ലാബ് എൽ.എൽ.പി, സാൻ പോപുലർ ബിസിനസ് സൊല്യൂഷൻ ലിമിറ്റഡ്, സാൻ പോപുലർ ഇ- സൊല്യൂഷൻ എൽ.എൽ.പി, അമല പോപുലർ നിധി, എം.ആർ.പി.എൻ പോപുലർ എക്‌സ്‌പോർട്ട്, സാൻ പോപുലർ ഫ്യുവൽസ് എൽ.എൽ.പി, പോപുലർ മെഡികെയർ എൽ.എൽ.പി, സാൻ പോപുലർ ട്രേഡേഴ്സ് എൽ.എൽ.പി ഉൾപ്പെടെ ഇല്ലാത്ത 13 സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്‌സ് പോപ്പുലർ പ്രിസ്റ്റേഴ്‌സ് പോപ്പുലർ നിധി എന്നീ പേരുകളിലാണ്.

കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ ആസ്ഥാനത്ത് പൊലീസ് നടത്തുന്ന പരിശോധനയിൽ രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി. ഇതെല്ലാം ആസൂത്രിത തട്ടിപ്പിന് തെളിവായി മാറുകയാണ്.  കോന്നിയിലെ പോപ്പുലർ ഫിനാൻസ് മാനേജിങ് ഡയറക്ടർ തോമസ് ഡാനിയേൽ, ഭാര്യയും മാനേജിങ് പാർട്ണറുമായ പ്രഭാ ഡാനിയേൽ എന്നിവരെ ചങ്ങനാശ്ശേരിയിൽനിന്നാണ് പത്തനംതിട്ട പൊലീസ് പിടികൂടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന പ്രത്യേകസംഘത്തെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ദക്ഷിണാമേഖല ഐ.ജി. ഹർഷിത അട്ടല്ലൂരി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. സാമ്പത്തിക തട്ടിപ്പിൽ വിദേശരാജ്യങ്ങളിലും ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതിനാൽ ഇന്റർപോളിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോന്നി വകയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലർ ഫിനാൻസിൽ രണ്ടായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. നിക്ഷേപമായി സ്വീകരിച്ച വൻതുക മടക്കിനൽകാതെ ഉടമകൾ മുങ്ങിയതോടെയാണ് നിക്ഷേപകർ പരാതികളുമായി രംഗത്തെത്തിയത്. തുടർന്ന് സ്ഥാപന ഉടമകൾക്കെതിരേ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

ഇതിനിടെ, തോമസ് ഡാനിയേലിന്റെ രണ്ട് മക്കൾ ഓസ്‌ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ പിടിയിലായി. ഇരുവരെയും കേരള പൊലീസ് ശനിയാഴ്ച ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് മുഖ്യപ്രതികളായ തോമസ് ഡാനിയേലും ഭാര്യയും ചങ്ങനാശ്ശേരിയിൽനിന്ന് പിടിയിലായത്.