- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗത്ത് ആഫ്രിക്കയിൽ താമസിച്ചിരുന്ന വീട് തീയിട്ട് കത്തിച്ച് ഭീമമായ തുക ഇൻഷുറൻസ് കമ്പനിയിൽ നിന്നും തട്ടിയെടുത്ത് പൊങ്ങിയത് ഓസ്‌ട്രേലിയയിൽ; പാവങ്ങളെ വഞ്ചിച്ചുണ്ടാക്കിയ പണമെല്ലാം മെൽബണിൽ നിക്ഷേപിച്ചത് റോയി ഡാനിയേലിന്റെ സഹോദരി ഭർത്താവിന്റെ തട്ടിപ്പു ബുദ്ധി; മക്കളുടെ പിആർ എടുത്തതും ഒട്ടനവധി സ്ഥലത്ത് ആസ്തികൾ വാങ്ങിക്കൂട്ടിയതും വർഗീസ് പൈനാടത്ത്; പോപ്പുർ ഫിനാൻസ് തട്ടിപ്പ് അന്വേഷണം കടൽ കടക്കും; ഓസ്ട്രേലിയയിലെ അനധികൃത സ്വത്ത് കണ്ടെത്താൻ പൊലീസ്
തിരുവനന്തപുരം : നാലായിരം കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തി പാവങ്ങളെ പറ്റിച്ച് അറസ്റ്റിലായ പോപ്പുലർ ഫിനാൻസിന്റെ ഉടമ റോയി ഡാനിയലുമായി ചേർന്ന് തട്ടിപ്പ് നടത്തിയ മറ്റൊരു മുഖ്യ സൂത്രധാരകൻ ഓസ്ട്രലിയായിലെ മെൽബണിൽ വിലസി നടക്കുന്നു. ഈ തട്ടിപ്പിന്റെ മുഖ്യ കണ്ണിയായ റോയി ഡാനിയേലിന്റെ സഹോദരിയുടെ ഭർത്താവ് അങ്കമാലി കറുകുറ്റി സ്വദേശി മെൽബണിൽ താമസമാക്കിയ വർഗീസ് പൈനാടത്തിന്റെ പേരിലാണ് പണം മുഴുവൻ ഓസ്‌ട്രേലിയയിൽ എത്തിച്ചതും അത് വിനിമയം നടത്തിയതും ഇവരാണ്. റോയി ഡാനിയലിന്റെ പെൺമക്കളും ഓസ്‌ട്രേലിയയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്തിരുന്ന ഇയാൾ അവിടെ താമസിച്ചിരുന്ന വീട് തീയിട്ട് കത്തിച്ച് ഭീമമായ തുക സൗത്ത് ആഫ്രിക്കയിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നും തട്ടിയെടുത്ത് മുങ്ങി ഓസ്‌ട്രേലിയയിൽ പൊങ്ങുകയായിരുന്നു. ഇദ്ദേഹം വഴിയാണ് പോപ്പുലറിലെ പണം മുഴുവൻ ഓസ്‌ട്രേലിയായിൽ എത്തിയതും ആ പണം ഉപയോഗിച്ച് റോയി ഡാനിയേലിന്റെ മക്കളുടെ പിആർ എടുത്തതും ഒട്ടനവധി സ്ഥലത്ത് ആസ്തികൾ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുള്ളത്. ഈയാളുടെ പേരിൽ ഓസ്‌ട്രേലിയായിൽ എത്തിയ പണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് നിഷേപകർ പരാതി കൊടുത്തു കഴിഞ്ഞു.
ഇദ്ദേഹം വൻ മുതൽ മുടക്കി നടത്തുന്ന പോസ്റ്റ് ഓഫീസിലെ ഒരു പാർട്ട്ണർ സ്വന്തം പോസ്റ്റ് ഓഫീസിൽ ഓസ്‌ട്രേലിയൻ പൗരൻ മറന്നു വച്ച ക്രെഡിറ്റ് കാർഡ് മോഷ്ട്ടിച്ച് ഉപയോഗിച്ചതിന് കോടതി ശിക്ഷിച്ചിരുന്നു. ഇയാൾ വശവും പണം കടത്തിയതായി പറയപ്പെടുന്നു. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ പുറത്തുവരുമെന്നും ഓസ്‌ട്രേലിയായിലെ പണത്തിന്റെ ഉറവിടം കണ്ടെത്തുവാനുള്ള നടപടികൾ ഉടനുണ്ടാകുമെന്നും സൂചനയുണ്ട്. അന്വേഷണം വളരെ ധൃതഗതിയിൽ നടക്കുമ്പോൾ ഓസ്‌ട്രേലിയായിൽ പണം വിനിയോഗിച്ചവർ ഒന്നൊന്നായി കുടുങ്ങുമെന്നും അതിനായുള്ള ശ്രമങ്ങൾ തുടരുമെന്നും നിക്ഷേപകർ പറയുന്നു.
സ്വകാര്യ ചിട്ടി സംരംഭം വിവിധ സംസ്ഥാനങ്ങളിൽ ശാഖകളുള്ള പോപ്പുലർ ഫിനാൻസായി വളർന്നതിനു പിന്നിലെ മൂലധനം ഇണ്ടിക്കാട്ടിൽ ടി.കെ.ദാനിയേൽ എന്ന അദ്ധ്യാപകനിൽ ജനങ്ങളർപ്പിച്ച വിശ്വാസമായിരുന്നു. സർക്കാർ ശമ്പളം വാങ്ങുന്ന അദ്ധ്യാപകന് ചിട്ടി നടത്താൻ നിയമം അനുവദിക്കാത്തതിനാൽ സഹോദരന്റെയും മകന്റെയും പേരിലാണ് സംരംഭം തുടങ്ങിയത്. ഈടു നൽകിയത് സഹോദരന്റെ വസ്തുവകകളും. കോന്നിക്കു സമീപം വകയാർ എന്ന ഗ്രാമത്തിൽ ധനകാര്യ സാമ്രാജ്യം പതുക്കെ തലയുയർത്തി വന്നു. കൃത്യമായി ഇടപാടുകാർക്ക് പണം ലഭിച്ചതോടെ ദാനിയേലിന്റെ വിശ്വാസ്യത പോപ്പുലറായി. ധനകാര്യ സ്ഥാപനമായി ചിട്ടി വളർന്നതോടെ അദ്ധ്യാപന ജീവിതത്തിൽ നിന്ന് അദ്ദേഹം സ്വയം വിരമിച്ചു. പിന്നീട് സ്വർണപ്പണയ ധനസ്ഥാപനമായി 'പോപ്പുലർ ഫിനാൻസ്' നിലവിൽ വന്നു. ദാനിയേലിനു ശേഷം മകൻ റോയി എന്ന തോമസ് ദാനിയേൽ കമ്പനിയുടെ ചുമതലയേറ്റു.
കേരളത്തിലും പുറത്തുമായി 250 ശാഖകളായി സ്ഥാപനം വളർന്നു. പോപ്പുലർ ഫിനാൻസ് എന്ന മുഖത്തിനു കീഴിൽ 21 കമ്പനികൾ പുതുതായി രംഗത്തു വന്നു. ടി.കെ.ദാനിയേലിന്റെ കാലത്ത് കൃത്യമായി നടന്നിരുന്ന സ്ഥാപനം റോയിയുടെ കൈകളിലെത്തുമ്പോഴേക്കും ലിമിറ്റഡ് ലയബലിറ്റി പാർട്‌നർഷിപ്പായിരുന്നു. പിന്നീട് റോയിയിൽ നിന്ന് മൂത്ത മകൾ ഡോ. റിനു മറിയം തോമസ് ചുമതല ഏറ്റെടുത്തു. ഇതോടെ സ്ഥാപനം തകർച്ചയിലേക്ക് പോയി. ഇതിനൊപ്പം പണമെല്ലാം വകമാറ്റി ഓസ്‌ട്രേലിയയിൽ എത്തിച്ചു.
ഇതാണ് സ്ഥാപനം പൊളിയാൻ കാരണമെന്നാണ് വിലയിരുത്തൽ. പല കമ്പനികൾ ഉണ്ടാക്കിയും തട്ടിപ്പ് നടത്തും. അതിനിടെ പോപ്പുലർ ഫിനാൻസ് ഉടമകളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഓണാവധിക്കു ശേഷം കോടതി തുറക്കുന്നതോടെ അപേക്ഷ നൽകാനാണ് നീക്കം. വഞ്ചനാക്കുറ്റമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്തു നടത്തിയ തട്ടിപ്പെന്ന കാര്യത്തിൽ പൊലീസിനു സംശയമില്ല.
ഏതെല്ലാം രാജ്യത്ത് നിക്ഷേപമുണ്ട്, സ്വത്തുവകകൾ എങ്ങനെയാണ് കടത്തിയത്, ആരെല്ലാമാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നെല്ലാം വിശദമായി അന്വേഷിക്കുന്നുണ്ട്. സ്ഥാപനത്തിൽ മുൻപ് ഉയർന്ന സ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നവരെയും വരുംദിവസങ്ങളിൽ പൊലീസ് ചോദ്യംചെയ്യും. പലരും പണം വകമാറ്റി കടത്തിയതായും തട്ടിപ്പിന് കൂട്ടു നിന്നതായും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ വരും. സ്ഥാപനം നഷ്ടത്തിലേക്കു പോകുന്നതിനെക്കുറിച്ച് ഉടമകൾക്ക് 5 വർഷം മുൻപേ വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നിട്ടും കൂടുതൽ ശാഖകൾ തുടങ്ങി നിക്ഷേപം സ്വീകരിച്ചത് പണം തട്ടാൻ മാത്രമായിരുന്നെന്നാണ് നിഗമനം.
കുടുംബവുമായി ബന്ധപ്പെട്ട 5 ഫിനാൻസ് സംരംഭങ്ങൾ ഇതിനു മുൻപ് പൂട്ടിപ്പോയിരുന്നു. പലരും പാപ്പർ ഹർജിയിലൂടെ രക്ഷപ്പെട്ടു. ഇതേ മാതൃക വീണ്ടും പുറത്തെടുക്കാനായിരുന്നു നീക്കം. എന്നാൽ പൊലീസ് ശക്തമായ ഇടപെടൽ നടത്തിയപ്പോൾ പ്രതികളെല്ലാം അകത്താകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ