- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി രാജീവിന്റേയും മോൻസ് ജോസഫിന്റേയും അടുത്ത സുഹൃത്തെന്ന് പരിചയപ്പെടുത്തൽ; സമൂഹ മാധ്യമങ്ങളിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ പോപ്പുലർ ഗ്രൂപ്പ് ഉടമ; മെൽബണിൽ പോസ്റ്റ് ഓഫീസ് നടത്തിപ്പും പെട്രോൾ പമ്പും ഉള്ള മുതലാളി; ഓസ്ടേരിയിയിലെ സഹോദരി ഭർത്താവിന്റെ നിക്ഷേപങ്ങളിലേക്കും അന്വേഷണം; പോപ്പുലർ ഫിനാൻസിലെ ചതിയുടെ നേട്ടം ഉണ്ടാക്കിയത് കറുകുറ്റിക്കാരൻ വർഗീസ് പൈനാടനോ? ചുരുളഴിക്കാൻ കരുതലോടെ പൊലീസ്
പത്തനംതിട്ട: പാവങ്ങളിൽ നിന്ന് കോടികൾ തട്ടിയ റോയി ദാനിയേലിന്റെ സഹോദരീഭർത്താവിന് ഓസ്‌ട്രേലിയയിൽ പോപ്പുലർ ഗ്രൂപ്പ് എന്ന പേരിൽ സ്ഥാപനമുള്ളതായി പൊലീസ് കണ്ടെത്തി. സമൂഹ മാധ്യമങ്ങളിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ പോപ്പുലർ ഗ്രൂപ്പ് ഉടമ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പോസ്റ്റ് ഓഫിസ് നടത്തിപ്പും പെട്രോൾ പമ്പും അടങ്ങുന്നതാണ് ഇവരുടെ ഓസ്‌ട്രേലിയയിലെ ബിസിനസ്. നാട്ടിലെ നിക്ഷേപത്തട്ടിപ്പുമായി ഈ സ്ഥാപനത്തിനു ബന്ധമുണ്ടെന്നാണ് നിഗമനം. അതിനിടെ, നിക്ഷേപകർ വകയാർ ഹെഡ് ഓഫീസിനു മുൻപിൽ വ്യാഴാഴ്ച പ്രതിഷേധ ധർണ നടത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ, നിക്ഷേപം തിരിച്ചുകിട്ടാനുള്ള ഇടപെടൽ വേണമെന്നാണ് ഇവരുടെ ആവശ്യം. കൺവീനർ സി.എസ്.നായർ, വിത്സൺ എന്നിവർ പ്രസംഗിച്ചു.
പോപ്പുലറിലെ 2000 കോടി രൂപവരെ നിക്ഷേപത്തിലൂടെ സമാഹരിച്ചതായാണ് ഏകദേശ കണക്ക്. സാധാരണക്കാരാണ് കേസുമായി രംഗത്തിറങ്ങിയത്. റോയി ദാനിയേൽ നേരിട്ടെത്തി നിക്ഷേപം സ്വീകരിച്ച കിടപ്പുരോഗികളായ വയോധിക ദമ്പതികൾ മാസ പലിശയ്ക്കായി കഴിഞ്ഞ ദിവസവും ശാഖാ ജീവനക്കാരെ ബന്ധപ്പെട്ടിരുന്നു. മാസപലിശയിലായിരുന്നു ജീവിതം മുന്നോട്ടുപോയിരുന്നത്. ഇതെല്ലാം പോയതോടെ ഇവർ കഷ്ടതയിലാണ്. ഈ പണമാണ് ഓസ്‌ട്രേലിയയിലെ അടിച്ചു പൊളിക്ക് ഉപയോഗിക്കുന്നതെന്നാണ് സൂചന. റോയി ഡാനിയലിന്റെ പെൺമക്കൾ ഓസ്‌ട്രേലിയയിലേക്ക് മുങ്ങാനായിരുന്നു പദ്ധതി ഇട്ടതും.
പോപ്പുലർ എന്നെഴുതിയ ആഡംബരക്കാറുകൾ മെൽബണിലെ നിരത്തുകളിൽ ഓടുന്നുണ്ട്. ഉടമ റോയി ഡാനിയേലിന്റെ ഉറ്റ ബന്ധുവിന്റേതാണ് ഈ കാറുകൾ. ഓസ്ട്രേലിയയിൽ പോപ്പുലർ ഗ്രൂപ്പിന് ശാഖകളില്ല. ഇതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തു വന്നത്. കമ്പനി ചെയർപഴ്സൻ മേരിക്കുട്ടി ഡാനിയേൽ ഓസ്ട്രേലിയയിലേക്ക് പോയതോടെ സംശയം വർധിച്ചു. മകളുടെ ഒപ്പമാണ് മേരിക്കുട്ടി ഓസ്ട്രേലിയയിൽ കഴിയുന്നത്. ഡോ. റിനുവും ഡോ. റിയയും ഡൽഹി വഴി കടക്കാൻ ശ്രമിച്ചതും ഓസ്ട്രേലിയയിലേക്കാണ്. ഇവിടെ ഇവരുടെ നിക്ഷേപം സംബന്ധിച്ചു പൊലീസ് കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ അന്വേഷണം തുടങ്ങി. റോയി ഡാനിയലിന്റെ അമ്മയാണ് മേരിക്കുട്ടി. ഇവരുടെ മകളുടെ ഭർത്താവ് അങ്കമാലി കറുകുറ്റി സ്വദേശി വർഗീസ് പൈനാടത്തിന് ഉന്നത ബന്ധങ്ങളുണ്ട്. സിപിഎം നേതാവ് പി രാജീവും മോൻസ് ജോസഫ് എംഎൽഎയുമായി സൗഹൃദം പങ്കിടുന്ന ചിത്രങ്ങൾ മറുനാടന് കിട്ടി.
വ്യാഴാഴ്ച റിമാൻഡിൽ കഴിയുന്ന പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേൽ, പ്രഭ ഡാനിയേൽ മക്കളായ റീന മറിയം, റിയ മറിയം എന്നിവരെ പൊലീസ് കസ്റ്റഡിയിൽ കിട്ടുന്നതിനുള്ള അപേക്ഷ മജിസ്ട്രേറ്റ് കോടതിയിൽ നൽകി. തിങ്കളാഴ്ച അപേക്ഷ പരിഗണിക്കും. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ഓസ്‌ട്രേലിയയിലെ നിക്ഷേപങ്ങളിൽ വ്യക്തത വരും. അതിന് ശേഷം ആവശ്യമെങ്കിൽ ഓസ്‌ട്രേലിയയിൽ ഉള്ളവരേയും അറസ്റ്റ് ചെയ്യാൻ നടപടി തുടങ്ങും. റോയി ഡാനിയലിന്റെ സഹോദരിക്കും കുടുംബത്തിനും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പൊതുവേയുള്ള നിഗമനം.
പോപ്പുലർ ഫിനാൻസിൽ സ്വർണം പണയംവെയ്ക്കുമ്പോൾ പോകുന്നത് മറ്റൊരു ലിമിറ്റഡ് ബാങ്കിലേക്കായിരുന്നു. സ്വർണവില കൂടിനിൽക്കുന്ന സമയത്തും ദേശസാത്കൃത ബാങ്കുകൾവരെ ഗ്രാമിന് മൂവായിരം രൂപ നൽകിയിരുന്നു. പോപ്പുലറിന്റെ ശാഖകളിൽ അന്നും ഗ്രാമിന് ആയിരത്തിത്തൊള്ളായിരം മുതൽ രണ്ടായിരത്തി ഒരുനൂറ്ുവരെയേ കൊടുത്തിരുന്നുള്ളൂ. ബ്രാഞ്ച് മാനേജർമാർക്ക് ഗ്രാമിന് കൂടുതൽ തുക നൽകരുതെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ഇങ്ങനെ വെയ്ക്കുന്ന സ്വർണം മറ്റൊരു ബാങ്കിൽ ഉയർന്ന നിരക്കിൽ മേൽപ്പണയം വയ്ക്കുകയായിരുന്നു പതിവ്.
ഡി ജി ബിസ് എന്ന പേരിൽ പോപ്പുലർ ഫിനാൻസ് മറ്റൊരു ബാങ്കുമായി ധാരണയിലായിരുന്നതായാണ് വിവരം. ഈ പണം പോകുന്നത് പോപ്പുലറിന്റെ എം.ഡി.യുടെയും മക്കളുടെയും അക്കൗണ്ടിലേക്കായിരുന്നു. സ്വർണം പണയംവെച്ചവർ പോപ്പുലറിന്റെ ശാഖയിൽ പണവുമായി എത്തുമ്പോൾ, സുരക്ഷിതമായി മറ്റൊരിടത്തെ ലോക്കറിൽ വച്ചിരിക്കുകയാണെന്ന് ഇവർ ധരിപ്പിക്കുമായിരുന്നു. അധിക തുകയും പലിശയുമായി മറ്റ് ബാങ്കിൽ പോയി തിരികെ എടുത്തു കൊണ്ടുവരുന്ന രീതിയാണ് തുടർന്നത്.
അതായത് ഓരോ സ്വർണ്ണവും വാങ്ങി ഇടപാടുകാർക്ക് കൊടുക്കുന്നതിൽ അധികം തുകയ്ക്ക് മറ്റൊരു ബാങ്കിൽ പണയം വയ്ക്കും. ഇങ്ങനെ അധികമായി കിട്ടുന്ന തുക അടിച്ചു പൊളിക്കും ഓസ്‌ട്രേലിയയിൽ നിക്ഷേപത്തിനും ഇവർ ഉപയോഗിച്ചു. തട്ടിപ്പ് മനസ്സിലായപ്പോൾ പോപ്പുലർ ഫിനാൻസിൽ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഏതാനും മാസം മുൻപ് പത്തനംതിട്ട ജില്ലയിലെ ബ്രാഞ്ച് മാനേജർമാർ മാനേജിങ് ഡയറക്ടറുടെ വകയാറിലുള്ള വീട്ടിൽ വിഷയം സംസാരിക്കാനായി എത്തിയിരുന്നു. ഏഴ് ബ്രാഞ്ച് മാനേജർമാരായിരുന്നു ഉണ്ടായിരുന്നത്. നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുന്നതിന് ഉറപ്പുകിട്ടണം എന്നായിരുന്നു ഇവരുടെ ആവശ്യം. ജനറൽ മാനേജർമാർ ചതിച്ചതാണെന്നും പണം മടക്കിനൽകാൻ നിർവാഹം ഇല്ലെന്നുമാണ് എം.ഡി. പറഞ്ഞത്.
പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പിന് പിന്നിൽ റോയി ഡാനിയലിന്റെ മകൾ ഡോ റിനുവിന് വലിയ പങ്കുണ്ട്. നാലു മാസം കൂടുമ്പോൾ പുതിയ ഓരോ കമ്പനികൾ പോപ്പുലർ ഫിനാൻസിനു കീഴിൽ പിറന്നിരുന്നു. ഏറെയും കടലാസു കമ്പനികൾ. മേകൾ ഡോ.റിനു മറിയം ചുമതലയേറ്റ ശേഷമാണ് ഇത് സംഭവിച്ചത്. രാജ്യത്തെ നിയമ വ്യവസ്ഥകൾ പാലിക്കാനും നിക്ഷേപങ്ങൾ സുരക്ഷിതമാക്കാനുമാണ് പുതിയ സ്ഥാപനങ്ങൾ എന്നാണ് ഉടമകൾ പറഞ്ഞിരുന്നത്. ഇതിനോടകം 21 കമ്പനികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഏതു കമ്പനിയുടെ പേരിലേക്കാണ് പണം സ്വീകരിക്കേണ്ടതെന്ന് മാസത്തിന്റെ തുടക്കത്തിൽ ശാഖകൾക്ക് നിർദ്ദേശം ലഭിച്ചിരുന്നു. അങ്ങനെ തട്ടിപ്പിന് പുതിയ മാനം നൽകി.
സാൻ പോപ്പുലർ ഫിനാൻസ് ലിമിറ്റഡ്, പോപ്പുലർ ട്രേഡേഴ്സ്, പോപ്പുലർ ഡീലേഴ്സ്, 7 വർഷം കൊണ്ട് പണം ഇരട്ടിയാകുന്ന എംആർപിഎൻ സ്‌കീം,5 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുന്ന സാൻ പോപ്പുലർ ബോണ്ട്, മൈ പോപ്പുലർ മറൈൻ, മേരി റാണി നിധി ലിമിറ്റഡ്, സാൻ പോപ്പുലർ ഇ കംപ്ലയൻസ്, സാൻ പോപ്പുലർ ബിസിനസ് സൊലൂഷൻ, സാൻ ഫ്യുവൽസ്, പോപ്പുലർ എക്സ്പോർട്സ്, പോപ്പുലർ പ്രിൻന്റേഴ്സ്, വകയാർ ലാബ്, പോപ്പുലർ സുപ്പർമാർക്കറ്റ് തുടങ്ങിയവയുടെ പേരിലാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. നിയമ പ്രകാരം 200 പേരിൽ കൂടുതൽ നിക്ഷേപം സ്വീകരിക്കാൻ പോപ്പുലറിനു സാധിക്കില്ല. ഈ പരിധി കഴിയുമ്പോഴാണ് പുതിയ കമ്പനി രൂപപ്പെട്ടിരുന്നത്. ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റിൽ റോയി അല്ലെങ്കിൽ ഡോ. റിനു മറിയം എന്നിവരിൽ ഒരാളുടെ കയ്യൊപ്പ് ഉണ്ടാകും. ഈ ഘട്ടത്തിൽ കൃത്യമായ ആസൂത്രണത്തിലൂടെ പണം മറ്റു സ്ഥലങ്ങളിലേക്ക് വകമാറ്റിയതിന്റെ സാധ്യതയാണ് പൊലീസ് അന്വേഷിക്കുന്നത്.
ഡോ. റിനു ചുമതലയേറ്റതിനു ശേഷം പോപ്പുലറിലെ അറ്റൻഡർ മുതൽ മാനേജർ വരെ ഓരോരുത്തർക്കും വാർഷിക ടാർഗിറ്റ് കമ്പനി നൽകിയിരുന്നു. 2 കോടി രൂപയാണ് ബ്രാഞ്ചുകൾക്ക് നൽകിയിരുന്ന കുറഞ്ഞ നിക്ഷേപലക്ഷ്യം. റോയി ഡാനിയേലിന്റെ സഹോദരിയുടെ ഭർത്താവ് അങ്കമാലി കറുകുറ്റി സ്വദേശി മെൽബണിൽ താമസമാക്കിയ വർഗീസ് പൈനാടത്തിന്റെ പേരിലാണ് പണം മുഴുവൻ ഓസ്‌ട്രേലിയയിൽ എത്തിച്ചതും അത് വിനിമയം നടത്തിയതും ഇവരാണ്. റോയി ഡാനിയലിന്റെ പെൺമക്കളും ഓസ്‌ട്രേലിയയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്തിരുന്ന ഇയാൾ അവിടെ താമസിച്ചിരുന്ന വീട് തീയിട്ട് കത്തിച്ച് ഭീമമായ തുക സൗത്ത് ആഫ്രിക്കയിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നും തട്ടിയെടുത്ത് മുങ്ങി ഓസ്‌ട്രേലിയയിൽ പൊങ്ങുകയായിരുന്നു. ഇദ്ദേഹം വഴിയാണ് പോപ്പുലറിലെ പണം മുഴുവൻ ഓസ്‌ട്രേലിയായിൽ എത്തിയതും ആ പണം ഉപയോഗിച്ച് റോയി ഡാനിയേലിന്റെ മക്കളുടെ പിആർ എടുത്തതും ഒട്ടനവധി സ്ഥലത്ത് ആസ്തികൾ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുള്ളത്. ഈയാളുടെ പേരിൽ ഓസ്‌ട്രേലിയായിൽ എത്തിയ പണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് നിഷേപകർ പരാതി കൊടുത്തു കഴിഞ്ഞു.
ഇദ്ദേഹം വൻ മുതൽ മുടക്കി നടത്തുന്ന പോസ്റ്റ് ഓഫീസിലെ ഒരു പാർട്ട്ണർ സ്വന്തം പോസ്റ്റ് ഓഫീസിൽ ഓസ്‌ട്രേലിയൻ പൗരൻ മറന്നു വച്ച ക്രെഡിറ്റ് കാർഡ് മോഷ്ട്ടിച്ച് ഉപയോഗിച്ചതിന് കോടതി ശിക്ഷിച്ചിരുന്നു. ഇയാൾ വശവും പണം കടത്തിയതായി പറയപ്പെടുന്നു. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ പുറത്തുവരുമെന്നും ഓസ്‌ട്രേലിയായിലെ പണത്തിന്റെ ഉറവിടം കണ്ടെത്തുവാനുള്ള നടപടികൾ ഉടനുണ്ടാകുമെന്നും സൂചനയുണ്ട്. അന്വേഷണം വളരെ ധൃതഗതിയിൽ നടക്കുമ്പോൾ ഓസ്‌ട്രേലിയായിൽ പണം വിനിയോഗിച്ചവർ ഒന്നൊന്നായി കുടുങ്ങുമെന്നും അതിനായുള്ള ശ്രമങ്ങൾ തുടരുമെന്നും നിക്ഷേപകർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ