- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പത്തനംതിട്ട സ്റ്റേഷനിലായി രജിസ്റ്റർ ചെയ്തത് 1,000 കേസുകൾ
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ 23 പൊലീസ് സ്‌റ്റേഷനുകളിലായി രജസിറ്റർ ചെയ്തത് 1,000 കേസുകൾ. അതിൽ 200 കേസുകളിൽക്കൂടി പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
നിക്ഷേപകരുടെ ഓരോ പരാതിയിലും പ്രത്യേകം കേസാണ് എടുക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നിവയ്ക്ക് പുറമേ, ബഡ്‌സ് ആക്ട്, കേരള പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ് ഓഫ് ഡിപ്പോസിറ്റേഴ്‌സ് ആക്ട് എന്നീ വകുപ്പുകൾ ഓരോ കേസിലും ഉൾപ്പെടുത്തും. പോപ്പുലർ ഉടമകളായ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ ഡോ. റീനു മറിയം തോമസ്, റേബ, ഡോ. റിയ ആൻ തോമസ് എന്നിവരെ പ്രതിചേർക്കും. നിക്ഷേപത്തുക എത്തിച്ചേർന്ന എൽ.എൽ.പി. കമ്പനികളുടെ നടത്തിപ്പിൽ ഇവർ അഞ്ചുപേർക്കും പങ്കാളിത്തമുള്ള സാഹചര്യത്തിലാണിത്.
നിലവിൽ കോന്നി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലാണ് ഇവരെ അറസ്റ്റുചെയ്തിരിക്കുന്നത്. കോന്നിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് 257 കേസുകളിൽ 200 എണ്ണത്തിലാകും ഉടൻ അറസ്റ്റ് ഉണ്ടാവുക. നിശ്ചിത ദിവസം നിശ്ചിത കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താനാണ് ആലോചന.
ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾ തെളിയുന്നപക്ഷം 10 വർഷത്തിൽ താഴെയാകും പ്രതികൾക്കുള്ള ശിക്ഷ. ഇത്തരം കേസുകളിൽ 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നില്ലെങ്കിൽ സ്വാഭാവിക ജാമ്യം കിട്ടാം. എന്നാൽ കൂടുതൽ കേസുകളിൽ അറസ്റ്റ് ഉണ്ടാകുന്നതോടെ എല്ലാ കേസിലും ജാമ്യം ലഭിക്കുന്നതോടെ മാത്രമേ പ്രതികൾക്ക് പുറത്തിറങ്ങാനാകൂ.
മറുനാടന് ഡെസ്ക്