- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; 14 കോടിയുടെ സ്വർണമടക്കം 31.2 കോടിയുടെ ആസ്തികൾ ഇ.ഡി കണ്ടുകെട്ടി; കള്ളപ്പണം നിക്ഷേപിച്ച് നടത്തിയ ബിനാമി ഇടപാടുകളിൽ വിശദ പരിശോധന
കോട്ടയം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ 31.2കോടിയുടെ ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്കണ്ടുകെട്ടി. പോപ്പുലർ ഗ്രൂപ്പിന്റെ കീഴിൽ കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളുമാണ് കണ്ടുകെട്ടിയിരിക്കുന്നത്.
ഓഗസ്റ്റ് 10ന് പോപ്പുലർ ഫിനാൻസ് എം.ഡിയും ഉടമയുമായ തോമസ് ഡാനിയേൽ മകളും സിഇഒയുമായ റിനു മരിയം എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 31.2 കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ ഇ.ഡി കണ്ടുകെട്ടിയിരിക്കുന്നത്.
കാറുകളുടെ മൂല്യം രണ്ടുകോടിയാണ്. ഇവരുടെ വിവിധ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം എകദേശം 14 കോടിയോളം രൂപ വിലമതിക്കുന്നതാണ്. കൂടാതെ ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങൾ എന്നിവ ചേർത്താണ് 31 കോടി രൂപ ഇപ്പോൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്.
തട്ടിപ്പ് കേസിൽ അറസ്റ്റിലായ പോപ്പുലർ ഫിനാൻസ് ഉടമ റോയി തോമസ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മകൾ റിയ എന്നിവരുടെ പേരിലുള്ളതാണ് കണ്ടുകെട്ടിയ ആസ്തി. കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസാണിതെന്നും വിദേശരാജ്യങ്ങളിലും പ്രതികൾക്ക് ബന്ധമുണ്ടെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു.
നിരവധി ഇടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും വിദേശത്ത് അടക്കം നിരവധി നിക്ഷേപങ്ങളുണ്ടെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം നിക്ഷേപിച്ച് നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ച് ഇ.ഡി വിശദ പരിശോധന നടത്തുന്നുണ്ട്.
രണ്ടായിരം കോടിയോളം രൂപയുടെ ഇടപാടുകൾ പോപ്പുലർ ഗ്രൂപ്പ് നടത്തിയിരിക്കുന്നതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. രാജ്യത്താകമാനം 270 ബ്രാഞ്ചുകളിലാണ് ഇവർ ക്രമക്കേട് നടത്തിയത്. 1600ഓളം പേരിൽനിന്നായി സ്വർണവും പണവും ഈ ഗ്രൂപ്പ് വാങ്ങിയിരുന്നു. 1368 കേസുകൾ ഇത് സംബന്ധിച്ച് സിബിഐയും അന്വേഷിക്കുന്നുണ്ട്. കേസിലെ സുപ്രധാനമായ ഒരു നടപടിയാണ് ഇ.ഡി ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.