തിരുവനന്തപുരം: ഫാഷിസത്തിനെതിരേ പ്രതിരോധം തീർത്തുകൊണ്ട് ഈ മാസം ഏഴിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ പോപുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന 'ഞങ്ങൾക്കും പറയാനുണ്ട്' മഹാസമ്മേളനത്തിൽ ആൾ ഇന്ത്യാ മുസ്്‌ലിം പേഴ്‌സണൽ ലോബോർഡ് അംഗം മൗലാനാ സജ്ജാദ് നുഅ്മാനിയും റിട്ട.ജസ്റ്റിസ് ബി ജെ കൊൽസേ പാട്ടീലും(പൂണെ) മുഖ്യാതിഥികളായി പങ്കെടുക്കും.

രാഷ്ട്രീയ, സാംസ്്കാരിക രംഗത്തെ പ്രമുഖർ അണിനിരക്കുന്ന സമ്മേളനം ഫാഷിസത്തി നെതിരായ ശക്തമായ ജനകീയ പ്രതിരോധമായി മാറുമെന്ന് സംഘാടകർ പറഞ്ഞു. പോപുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഇ അബൂബക്കർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം അധ്യക്ഷത വഹിക്കും.

എംഎ‍ൽഎമാരായ കെ മുരളീധരൻ, പി സി ജോർജ്, മുൻ മന്ത്രി എ നീലലോഹിതദാസൻ നാടാർ, ഭാസുരേന്ദ്ര ബാബു(മാധ്യമ നിരീക്ഷകൻ), എൻ പി ചെക്കൂട്ടി(തേജസ്), എ വാസു(മനുഷ്യാവകാശ പ്രവർത്തകൻ), അഡ്വ. ജയിംസ് ഫെർണാണ്ടസ്(ലത്തിൻ കത്തോലിക്ക ഐക്യവേദി), മൗലാന ഈസ ഫാളിൽ മമ്പഈ (ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ), വിളയോടി ശിവൻകുട്ടി (എൻസിഎച്ച്ആർഒ), എം കെ മനോജ്കുമാർ(എസ്ഡിപിഐ), എസ് സൈനബ(നാഷണൽ വിമൻസ് ഫ്രണ്ട്), ഗോപാൽ മേനോൻ(ഡോക്യുമെന്ററി സംവിധായകൻ), വർക്കല രാജ്(പിഡിപി), കായിക്കര ബാബു(മുസ്്‌ലിം കോർഡിനേഷൻ കമ്മിറ്റി), പ്രഫ അബ്ദുൽ റഷീദ്(മെക്ക), പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സി പി മുഹമ്മദ് ബഷീർ, നേതാക്കളായ കരമന അശ്‌റഫ് മൗലവി, കെ എച്ച് നാസർ തുടങ്ങിയവർ പങ്കെടുക്കും.

സമ്മേളനത്തിന്റെ പ്രചാരണപരിപാടികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ എ അബ്ദുൽ സത്താറും കൺവീനർ കെ കെ ഹുസൈറും പറഞ്ഞു. ജില്ലാതല വാഹനപ്രചാരണ ജാഥകൾ നാളെ സമാപിക്കും. ഗൃഹസമ്പർക്കവും കുടുംബസംഗമങ്ങളും പുരോഗമിക്കുകയാണ്. കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി നാവടപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരേയാണ് പുത്തരിക്കണ്ടം മൈതാനിയിൽ പോപുലർഫ്രണ്ട് ജനകീയ പ്രതിരോധം തീർക്കുന്നത്. എതിർശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്നതിനെതിരേ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ട്. അത്തരം നീക്കങ്ങളുടെ മുൻനിരയിൽ പോപുലർഫ്രണ്ട് ഉണ്ടാവുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു.