തിരുവനന്തപുരം: മുൻഗാമികളുടെ പാത പിന്തുടർന്ന് ബ്രിട്ടീഷ് സ്തുതി പാടുകയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ബിജെപി നേതാക്കൾ രാജ്യദ്രോഹികളാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ് നടത്തിയ പ്രസ്താവനയിലൂടെ ആർഎസ്എസിന്റേയും ബിജെപിയുടേയും തനിനിറം ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻപോലും നൽകി പോരാടിയവരെ അവഹേളിക്കുകയും ബ്രിട്ടീഷുകാർക്ക് സ്വന്തം നാടിനെ ഒറ്റുകൊടുത്ത ദേശദ്രോഹികളായ ജന്മികൾക്ക് സ്മാരകം പണിയുമെന്നുമുള്ള ബിജെപിയുടെ പ്രഖ്യാപനം ആർഎസ്എസിന്റെ ആചാര്യന്മാർക്കുള്ള അംഗീകാരമാണ്.

രാജ്യത്തെ തന്നെ ഒറ്റുകൊടുത്തവരുടെ പിന്മുറക്കാർക്ക് മാത്രമെ ഇത്തരം രാജ്യദ്രോഹ നിലപാടുകൾ സ്വീകരിക്കാൻ കഴിയൂ. സ്വതന്ത്ര്യ ഇന്ത്യയിൽ ജീവിക്കാനുള്ള അർഹത പോലും ഇക്കൂട്ടർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. 1925ൽ ആർഎസ്എസ് രൂപീകരിച്ച ശേഷവും അതിന് മുമ്പും ഇന്ത്യയിൽ നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ഇവർ ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് മാത്രമല്ല, സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത് രക്ഷപെടുകയാണ് ചെയ്തത്.

സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിച്ചതിന്റെ പേരിൽ അബദ്ധവശാൽ പിടിക്കപ്പെട്ട ആർഎസ്എസ് നേതാക്കളാവട്ടെ മാപ്പെഴുതി നൽകി സ്വാതന്ത്ര്യസമര സേനാനികളെ ബ്രിട്ടീഷ് സർക്കാരിന് ഒറ്റുകൊടുക്കാമെന്ന് ഉറപ്പുനൽകി രക്ഷപ്പെട്ടവരാണ്. അതിന്റെ പ്രകടമായ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മാത്രമല്ല, രാഷ്ട്രപിതാവിനെ പോലും വെടിവച്ചുകൊന്നവന് സ്മാരകമൊരുക്കി പൂജിക്കുന്ന ആർഎസ്എസുകാരാണ് സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയവരുടെ തലമുറയെ ഇന്ന് രാജ്യസ്നേഹം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്.

മതഭേദമന്യേ ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഒറ്റുകാരുടെ സങ്കട ഹരജികൾ പ്രചരിപ്പിച്ചും ചേക്കുട്ടിമാരെ വെച്ച് സമരനായകരെ തെറി വിളിപ്പിച്ചും സംഘപരിവാർ നടത്തുന്ന പ്രചാരണം കൊണ്ട് തങ്ങളുടെ ഇല്ലാത്ത സ്വാതന്ത്ര്യസമര പങ്കാളിത്തം ഉണ്ടാക്കിയെടുക്കാൻ കഴിയില്ല. ഇന്ത്യയെ കോളനിയാക്കിയ ബ്രിട്ടീഷ് ഭരണകൂടത്തെ പിന്തുണയ്ക്കുകയും സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിക്കുകയും ചെയ്ത ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്സെടുക്കണമെന്നും സി പി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.