കോഴിക്കോട്: കൈതപ്പൊയിലിലെ മർക്കസ് നോളജ് സിറ്റിക്കെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തിയ സാഹചര്യത്തിൽ നോളജ് സിറ്റിക്ക് പിന്തുണയുമായി പോപ്പുലർ ഫ്രണ്ടും പി ഡി പിയും രംഗത്തുവന്നു. മർക്കസ് നോളജ് സിറ്റിക്കെതിരായ കടന്നാക്രമണത്തിലൂടെ മുസ്ലിം സ്ഥാപനങ്ങളെ തകർക്കാനുള്ള ആർഎസ്എസ് നീക്കത്തെ ചെറുത്തുതോൽപ്പിക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗൺസിൽ ആവശ്യപ്പെട്ടു.

കെ പി ശശികലയുടെ നേതൃത്വത്തിൽ ആർഎസ്എസ്, നോളജ് സിറ്റിക്കെതിരെ നടത്തിയിട്ടുള്ളത് ആസൂത്രിത ആരോപണമാണ്. മുസ്ലിം സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള ആർഎസ്എസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമാണിത്. നിയമപരമായി പ്രവർത്തിക്കുകയും കേന്ദ്രസംസ്ഥാന സർക്കാരിലെ വിവിധ ഏജൻസികളുടെ അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉൾപ്പെടുന്നതുമായ മർക്കസ് നോളജ് സിറ്റിക്കെതിരെ വിദ്വേഷ പ്രചാരണമാണ് നടത്തിയിട്ടുള്ളത്.

നിർമ്മാണ പ്രവർത്തനത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ നിയമപരമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുകയോ, പരാതി നൽകുകയോ ചെയ്യുന്നതിന് പകരം വിദ്വേഷം ജനിപ്പിക്കുന്ന തരത്തിൽ തെളിവുകളുടെ പിൻബലമില്ലാതെ നോളജ് സിറ്റിക്കെതിരെ പ്രചാരണം നടത്തുകയാണ് ആർഎസ്എസ് ചെയ്യുന്നത്. ഒരുവശത്ത് ഞങ്ങൾ മുസ്ലിംകളുടെ വിദ്യാഭ്യാസത്തിന് ഒപ്പമാണെന്ന് പറയുകയും മറുവശത്ത് മുസ്ലിം സ്ഥാപനങ്ങളെ വേട്ടയാടുകയും ചെയ്യുന്ന സമീപനം തിരിച്ചറിയണം.

ഇതിനെ ഏതെങ്കിലും സ്ഥാപനങ്ങൾക്കെതിരായ നീക്കമായല്ല കാണേണ്ടത്. മറിച്ച് മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതിക്കും സാംസ്‌കാരികമായ വളർച്ചയ്ക്കും വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളേയും വേട്ടയാടുകയെന്ന ആർഎസ്എസ് അജണ്ടയുടെ ഭാഗമാണിത്. വർഗീയത തലയ്ക്ക് പിടിച്ച സംഘപരിവാറിന്റെ ഇത്തരത്തിലുള്ള നീക്കങ്ങളെ ജനം തിരിച്ചറിയുകയും ചെറുത്തുതോൽപ്പിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

മർക്കസ് നോളജ് സിറ്റിക്കെതിരെ ഹിന്ദു ഐക്യവേദി ഉയർത്തുന്ന ആരോപണങ്ങളേയും സാമുദായിക സ്പർദ്ധ വളർത്താനുള്ള നീക്കത്തിനെതിരേയും കേരളത്തിലെ ജനാധിപത്യ സമൂഹം ഐക്യപ്പെടണമെന്ന് പി ഡി പി കേന്ദ്ര കമ്മിറ്റിയും വ്യക്തമാക്കി. സംഘടനാപരമായി വിരുദ്ധ നിലപാടുകളുള്ള വ്യക്തികൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരേയും ആരോപണങ്ങൾ ഉയർത്തിക്കൊണ്ട് വന്ന് ഒറ്റപ്പെടുത്താനും തകർക്കാനുമാണ് സംഘ്പരിവാർ ശ്രമം നടത്തുന്നത്.

എന്നാൽ അത്തരം നീക്കങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളായി ചുരുക്കി കാണരുത്. നോളജ് സിറ്റിക്കെതിരെയുള്ള നീക്കം കേവലം കാന്തപുരത്തെ മാത്രം ലക്ഷ്യംവച്ച് നടത്തുന്നതല്ല. സംഘ്പരിവാർ സമൂഹം മുസ്ലിം- കൃസ്ത്യൻ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗമന പ്രക്രിയകളെ അസഹിഷ്ണുതയോടെ കാണുന്നതിന്റേയും അതിനെ തകർക്കാനുള്ള ആസൂത്രിത നീക്കങ്ങളുടേയും പുതിയൊരേട് മാത്രമാണ് നോളജ് സിറ്റിക്കെതിരെ ഉയർത്തിയിട്ടുള്ള ആരോപണം.

വിരുദ്ധാഭിപ്രായങ്ങളെ ഭരണകൂടം ഇടപെട്ട് തകർക്കാനും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാനും ശ്രമം നടന്നപ്പോൾ മീഡിയാവൺ വിഷയത്തിൽ കേരളീയ പൊതുസമൂഹവും ജനാധിപത്യ സമൂഹവും ഐക്യപ്പെട്ടത് പോലെ നോളജ് സിറ്റിക്കെതിരെ സംഘ്പരിവാർ ഉയർത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്ന വിദ്വേഷ പ്രചാരണ നീക്കങ്ങൾക്കെതിരെ സംഘടനാ സങ്കുചിതത്വങ്ങളില്ലാതെ ഐക്യനിര രൂപപ്പെടണമെന്ന് പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹീം തിരൂരങ്ങാടി പ്രസ്താവനയിൽ പറഞ്ഞു.

കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിലുള്ള മർക്കസ് നോളജ് സിറ്റിയിലെ അനധികൃത നിർമ്മാണത്തിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുമെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചർ ഫെയ്‌സ് ബുക്കിലെഴുതിയ കുറിപ്പിലാണ് വ്യക്തമാക്കിയത്. പണത്തിനു മേലെ പരുന്തു പറക്കുമോ എന്നറിയില്ല. പക്ഷേ ഹിന്ദു ഐക്യവേദി പറക്കും അല്ല പറന്നേ മതിയാകൂ.

കോഴിക്കോട്ടെ നോളേജ് സിറ്റിയും അനുബന്ധ സ്ഥാപനങ്ങളും നടത്തുന്ന നിയമ ലംഘനങ്ങൾക്കെതിരേ ഹിന്ദു ഐക്യവേദി ഒരു പോർമുഖം തുറക്കുന്നു. നിയമപരമായും ജനകീയമായും ഞങ്ങൾ ആ വിഷയം ഏറ്റെടുക്കുന്നു. ചുവന്ന കുന്നുകളിൽ പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്ന ദുരവസ്ഥ അറിയാം. പക്ഷേ ഭയന്നാൽ പറ്റില്ലല്ലോ! ഈത്തപ്പഴത്തിന്റെ സ്‌നിഗ്ദ്ധതയിലും വിമാന ടിക്കറ്റിന്റെ ധാരാളിത്തത്തിലും പിന്മാറാൻ ഞങ്ങൾക്കാകില്ല.. ഒരാളു കൂടി ആഫ്രിക്കയിൽ സ്വർണം വാരാൻ പോകുമായിരിക്കും. പക്ഷേ സ്വർണ്ണത്തിളക്കമില്ലാത്ത സാധാരണക്കാരനോടൊപ്പം ഞങ്ങളുണ്ട്. എന്നു ആമുഖം പറഞ്ഞാണ് കുറിപ്പ് എഴുതിയത്.

നോളജ് സിറ്റിക്കെതിരെ നോളജ് സിറ്റി നിലനിൽക്കുന്ന ഭൂമി പാട്ടത്തിന് നൽകിയ കുടുംബം രംഗത്തെത്തിയിരുന്നു. നോളജ് സിറ്റി നിൽക്കുന്നത് തോട്ടഭൂമിയിൽ തന്നെയെന്നും ഇക്കാര്യം മറച്ചുവച്ചാണ് നിക്ഷേപകരിൽ നിന്നും പണം സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെ കൊളായി കുടുംബം ആരോപിച്ചിരുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നും ഇവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇവിടുത്തെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കോടഞ്ചേരി പഞ്ചായത്തും നടപടി തുടങ്ങിയിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് മർക്കസ് നോളജ് സിറ്റിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുൻ ഭാഗത്തെ ഭീം കോൺക്രീറ്റ് ചെയ്യുന്നതിനിടയിൽ കെട്ടിടം തകർന്നുവീണ് 24 തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. തകർന്നുവീണ കെട്ടിടത്തിന് നിർമ്മാണ അനുമതി നൽകിയിരുന്നില്ലെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കുകയും ചെയ്തു. അപകട വിവരമറിഞ്ഞ് എത്തിയ പ്രാദേശിക മാധ്യമപ്രവർത്തകരെ കൃത്യനിർവ്വഹണത്തിൽ നിന്ന് തടയാനും ശ്രമമുണ്ടായി. ഇതോടൊണ് മർക്കസ് നോളജ് സിറ്റി വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.