തിരുവനന്തപുരം: ഉത്തരേന്ത്യയിലെ ബീഫ് നിരോധത്തിൽ പ്രതിഷേധിച്ചു കൊണ്ട് കേരളത്തിൽ ബീഫ് ഫെസ്റ്റുകൾ നടത്തുന്ന കാലമാണ് ഇപ്പോൾ. കേരള വർമ്മ കേളേജിലെ വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ഇതിന്റെ പേരിൽ അദ്ധ്യാപിക ദീപാ നിശാന്തിനെതിരെ വിവിധ കോണുകളിൽ നിന്നും സമ്മർദ്ദവും അന്വേഷണവും നടക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മതഭ്രാന്തിനെതിരെ പ്രചരണവുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രംഗത്തെത്തുന്നു എന്നതായിരുന്നു പോസ്റ്ററിന്റെ ഉള്ളടക്കം. ഇത് കണ്ടവർ കണ്ടവർ ചിരിച്ചു മടുക്കുകയാണ് എന്ന പറഞ്ഞാൽ അതിനെ ആർക്കും കുറ്റം പറയാൻ സാധിക്കില്ല.

ബീഫിന്റെ കാര്യം വന്നപ്പോൾ പോപ്പുലർ ഫ്രണ്ടുകാർ മതേതരന്മാരായോ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴയിലെ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടി താലിബാനിസം പ്രവർത്തിച്ചവരാണ് ഇപ്പോൾ മതഭ്രാന്തിനെതിരെ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത് എന്ന കാര്യമാണ് സോഷ്യൽ മീഡിയയിലെ കൂട്ടച്ചിരിക്ക് ഇടയാക്കിയത്. ഭക്ഷിക്കാനും സംസാരിക്കാനുമുള്ള അവകാശങ്ങൾ വേണ്ടതു തന്നെയാണെങ്കിലും ഇതിന്റെ പേരിൽ കാമ്പയിൻ നടത്താൻ പോപ്പുലർ ഫ്രണ്ടിന് എങ്ങനെ കഴിയുമെന്നാണ് സോഷ്യൽ മീഡിയയിലൂടെ എല്ലാവരും ഉന്നയിച്ച ചോദ്യം.

ജനാധിപത്യപരമായ അവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് തങ്ങളുടെ കാമ്പയിൻ എന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ അഭിപ്രായം. ഇതിനായി ഇറക്കിയ പോസ്റ്ററിലെ കുറിപ്പുകൾ ഇങ്ങനെ: ഇഷ്ടമുള്ളത് തിന്നുക, ഇഷ്ടമുള്ളത് പറയുക, ജനാധിപത്യമാണ് ഇന്ത്യ.'തിന്നാനുള്ള അവകാശം, പറയാനുള്ള അവകാശം'. ഒക്ടോബർ ഒമ്പത് മുതൽ 18 വരെയാണ് പോപ്പുലർ ഫ്രണ്ടുകാർ പ്രചരണവുമായി രംഗത്തെത്തിയത്.

പോപ്പുലർ ഫ്രണ്ടിന്റെ കാപട്യത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. സമുദായത്തിലെ ചെറുപ്പക്കാരിൽ തീവ്രവാദ ആശയങ്ങൾ കുത്തിവെക്കുന്ന പോപ്പുലർ ഫ്രണ്ടുകാർ എങ്ങനെ മതേതരന്മാരാകും എന്നതാണ് ഇവരുടെ ചോദ്യം. ഈ കാപാട്യത്തെ തിരിച്ചറിയണമെന്നും നിരവധി പേർ ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടു. ബീഫിന്റെ കാര്യം വന്നപ്പോൾ തിന്നാനുള്ള അവകാശത്തിന് വേണ്ടി രംഗത്തെത്തിയ ഇക്കൂട്ടർ തന്നെയായിരുന്നു എരുമേലിയിൽ സംഘർഷമുണ്ടാക്കാൻ മുന്നിൽ നിന്നതെന്നും സോഷ്യൽ മീഡിയയിലൂടെ ചൂണ്ടിക്കാട്ടുന്നു. എരുമേലിയിൽ എൻ സി സി കേഡറ്റുകൾക്ക് പന്നിമാംസം വിളമ്പിയെന്ന ആരോപണത്തെ ചൊല്ലി സംഘർഷമുണ്ടാക്കാൻ ശ്രമം നടത്തിയവരിൽ മുന്നിൽ നിന്നത് പോപ്പുലർ ഫ്രണ്ടായിരുന്നു എന്ന ആരോപണം ശക്തമാണ്.

ഇപ്പോൾ ദാദ്രി പ്രശ്‌നം ഉണ്ടായപ്പോൾ പ്രതികരിക്കുന്ന പോപ്പുലർ ഫ്രണ്ടുകാർ തന്നെയാണ് ഇപ്പോൾ സംഘപരിവാറുകാർക്ക് അവസരം ഒരുക്കുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടി. കൈവെട്ടു കേസിൽ ശിക്ഷിക്കപ്പെട്ടപ്പോഴും മനംമാറ്റമില്ലെതെ ചിരിച്ചെത്തിയവരുടെ കാപട്യമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. എന്തായാലും പോപ്പുലർ ഫ്രണ്ടിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.