കോഴിക്കോട്: ഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ പുതിയ രൂപങ്ങൾ ആവിഷ്‌കരിക്കണമെന്ന് പ്രഫ. പി കോയ. പോപുലർ ഫ്രണ്ട് ഡേയോടനുബന്ധിച്ച് മാത്തോട്ടത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന നിർണായകമായ ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പ്രധാനമന്ത്രിയുടെ വസ്ത്രാലങ്കാരങ്ങളും വിദേശ യാത്രകളുമല്ലാതെ പ്രതീക്ഷ നൽകുന്ന ഒന്നും രാജ്യത്ത് സംഭവിക്കുന്നില്ല. സർക്കാരിനു കീഴിലുള്ള എല്ലാ സ്വയംഭരണ സ്ഥാപനങ്ങളിലും ഹിന്ദുത്വ സൈദ്ധാന്തികർ കയറിപ്പറ്റിയിരിക്കുന്നു. അതിന്റെ രണ്ടാംഘട്ടമെന്ന നിലയിലാണ് യൂനിവേഴ്‌സിറ്റികളിൽ സംഘ ശാഖകളിൽ ചവിട്ടിയ ശരാശരിക്കാരായ അദ്ധ്യാപകരെ മേധാവികളായി നിയോഗിച്ചത്.

ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ ദലിതർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്നതിനെതിരായി രോഹിത് വെമുലയും സതീർത്ഥ്യരും പ്രതിഷേധിച്ചപ്പോൾ അവരെ തെരുവിലേക്ക് വലിച്ചെറിയുകയായിരുന്നു. ഏതെങ്കിലുമൊരു പ്രാദേശിക വിദ്യാർത്ഥി പരിഷത് നേതാവ് ഒരു പോസ്റ്റ് കാർഡിൽ മാനവശേഷി വികസന വകുപ്പ് മന്ത്രിക്ക് പരാതി അയച്ചാൽ ഉടനെ അന്വേഷണമാവും. ബനാറസ് ഹിന്ദു സർവകലാശാലയിലും അതുപോലുള്ള കേന്ദ്ര സർവകലാശാലകളിലും എബിവിപിയുടെ കാംപസ് യൂനിറ്റാണ് ഇപ്പോൾ ഭരണം നടത്തുന്നത്. അതിൽ മനംനൊന്ത് നിസ്സഹായനായതുകൊണ്ടാണ് രോഹിത് ജീവൻ ബലിയർപ്പിച്ചത്. ജവഹർലാൽ നെഹ്രു യൂനിവേഴ്‌സിറ്റിയിലെ പുരോഗമനപരമായ അന്തരീക്ഷവും വൈജ്ഞാനികമായ വിവാദങ്ങളും സംഘപരിവാരത്തെ പ്രകോപിപ്പിക്കുന്നുണ്ടെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നു. അതുകൊണ്ടാണ് അഫ്‌സൽ ഗുരുവിന്റെ അനുസ്മരണം നടത്തിയതിന്റെ പേരിൽ  അതുമായി ബന്ധമില്ലാത്ത സ്റ്റുഡന്റ്‌സ് യൂനിയൻ ചെയർമാനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

വൈകീട്ട് 4.45ന് നടുവട്ടത്തു നിന്ന് ആരംഭിച്ച യൂനിറ്റി മാർച്ച് മാത്തോട്ടത്ത് ശഹീദ് കുഞ്ഞിമരക്കാർ നഗറിൽ സമാപിച്ചു. തുടർന്ന് ഒഫീഷ്യൽ കാഡറ്റുകളുടെ പ്രദർശന പരേഡും അരങ്ങേറി. തുടർന്ന് യുഎപിഎ വിരുദ്ധ പ്രതിജ്ഞയെടുക്കുകയും 2016-17 വർഷത്തേക്കുള്ള ജില്ലാ കമ്മിറ്റിയുടെ പദ്ധതി പ്രഖ്യാപനം നടത്തുകയും ചെയ്തു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് അശ്‌റഫ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗം കെ സാദത്ത്, എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം എ കെ മജീദ്, എം.ഇ.എസ് ജില്ലാ ജനറൽ സെക്രട്ടറി വി കെ അബ്ദുൽ ലത്തീഫ്, എം.എസ്.എസ് ജില്ലാ പ്രസിഡന്റ് സൈനുൽ ആബിദ്, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി  ടി അബ്ദുൽ നാസർ, ഡെയ്‌സി ബാലസുബ്രഹ്മണ്യൻ (വുമൺസ് ഇന്ത്യാ മൂവ്‌മെന്റ്),  കടലുണ്ടി പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ വി ജമാൽ, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, എൻ.ഡബ്ല്യു.എഫ് ജില്ലാ സെക്രട്ടറി സാജിദ റഫീഖ്, പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറിമാരായ എ പി നാസർ, നിസാർ അഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം കെ ഷമീർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സജീർ മാത്തോട്ടം സംസാരിച്ചു.