തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനായ റാഷിദ് അഹമ്മദിനെ അന്യായമായി അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് പൊലീസിന്റെ നടപടി അപലപനീയമെന്ന് ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് അറസ്റ്റിന് പിന്നിൽ. മുംബൈ നിവാസിയായ റാഷിദ് ഉത്തർപ്രദേശിലെ കുടുംബത്തെ സന്ദർശിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ മൂന്ന് ദിവസം മുമ്പ് കാണാതാവുകയായിരുന്നു. രണ്ട് ദിവസമായി അദ്ദേഹത്തിന്റെ വിവരമില്ലാതെ വന്നതോടെ കുടുംബം അലഹബാദ് ഹൈക്കോടതിയിൽ പരാതി നൽകി. മൂന്ന് ദിവസം മുമ്പാണ് എടിഎസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമാണ്. ഇന്നലെ അദ്ദേഹത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയും കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തി മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുകയുമായിരുന്നു.

പോപുലർ ഫ്രണ്ട് അംഗമായ റാഷിദിനെതിരെ എടിഎസ് ഉന്നയിച്ച ആരോപണങ്ങൾ കല്ലുവച്ച നുണയാണ്. സംഘടനയ്ക്കെതിരായ ഉത്തർപ്രദേശ് സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണിത്. സംഘടനയിൽ അംഗമായിരിക്കുന്നത് ഒരു കുറ്റമായി കണക്കാക്കി അതിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നവരെ കുറ്റവാളികളായി ചിത്രീകരിക്കുന്നത് യുപി സർക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണ്. യുപിയിലെ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ശേഷം പോപുലർ ഫ്രണ്ട് സ്റ്റേറ്റ് അഡ്ഹോക് കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളെ കള്ളക്കേസുകൾ ചമച്ച് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ വച്ച് പീഡിപ്പിക്കുകയും ചെയ്തു. സിഎഎ വിരുദ്ധ പ്രതിഷേധക്കാരെ പൊലീസ് അടിച്ചമർത്തിയതിനെ തുടർന്നുണ്ടായ മരണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി ഫയൽ ചെയ്ത മറ്റൊരു അഡ്‌ഹോക് കമ്മിറ്റി അംഗത്തേയും അറസ്റ്റ് ചെയ്തു.

ഇത്തരത്തിൽ പ്രതികാരബുദ്ധിയോടെയുള്ള യോഗിയുടെ നെറികെട്ട രാഷ്ട്രീയത്തെ സംഘടന ഭയപ്പെടുന്നില്ല. ജനാധിപത്യപരവും നിയമപരവുമായ മാർഗങ്ങളിലൂടെ ഇതിനെതിരായ പോരാട്ടം പോപുലർ ഫ്രണ്ട് തുടരും. അന്യായമായി തടവിലാക്കിയ പോപുലർ ഫ്രണ്ട് പ്രവർത്തകരെ അടിയന്തരമായി വിട്ടയയ്ക്കുകയും നിരപരാധികളായ മുസ്ലിം യുവാക്കളെ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും യോഗി സർക്കാരിനോട് ആവശ്യപ്പെടുന്നു.