പാലസ്തീന്റെ ചെറുത്ത് നിൽപ്പ് തുടരുമ്പോൾ അറിഞ്ഞിരിക്കാം അതിശക്തമായ പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ എന്ന ഫലസ്തീൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ. ഫലസ്തീൻ ദേശീയ വിമോചന പ്രസ്ഥാനങ്ങളിൽ ഏറ്റവും ശക്തമായ മൂന്ന് സംഘടനകളിലൊന്നാണ് പോപ്പുലർ ഫ്രണ്ട് ഫോർ ദ് ലിബറേഷൻ ഓഫ് ഫലസ്തീൻ എന്ന കമ്മ്യൂണിസ്റ്റ് പാർട്ടി.

1967 ൽ അൽ ഹക്കീം എന്ന വിളിപ്പേരുള്ള ജോർജ്ജ് ഹബാഷാണ് അറബ് മേഖലയിൽ ഇന്നും ഏറ്റവും ശക്തമായി തുടരുന്ന PFLP സ്ഥാപിക്കുന്നത്. 1969 ൽ ലെയ്ലാ ഖാലിദ് എന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയെ ലോക പ്രശസ്തയാക്കിയ വിമാന ഹൈജാക്കിങ്ങും തൊട്ടടുത്ത വർഷം നാല് വിമാനങ്ങൾ ഒരുമിച്ച് ഹൈജാക്ക് ചെയ്തതും ഉൾപ്പടെയുള്ള പ്രവർത്തങ്ങളിലൂടെ ലോകം ശ്രദ്ധിച്ച PFLP തുടക്കം മുതൽ ഇസ്രായെലിനെതിരെ ശക്തമായ സായുധ പോരാട്ടം നടത്തുന്ന പാർട്ടിയാണ്.

യാസർ അറഫാത്ത് നേതൃത്വം നൽകിയ PLO യിൽ ഫത്താ കഴിഞ്ഞാൽ ഏറ്റവും വലിയ സംഘടനയും PFLP ആയിരുന്നു. മാർക്‌സിസം ലെനിനിസവും പാൻ അറബ് ദേശീയതയും ഉയർത്തിപ്പിടിക്കുന്ന PFLP യുടെ നേതൃ നിരയിൽ പ്രവർത്തിച്ചിരുന്നവരാണ് മാർക്‌സിസ്റ്റ് ചിന്തകനും ലോക പ്രശസ്ത എഴുത്തുകാരനുമായ ഘസ്സാൻ കനഫാനിയെപ്പോലുള്ളവർ. PFLP യുടെ സായുധ വിഭാഗമായ അബു അലി മുസ്തഫ ബ്രിഗെയ്ഡ്സ് നിരന്തരമായി ഇസ്രയേലിനെതിരെ ചെറുത്തുനിൽപ്പ് ആക്രമണം നടത്തിപ്പോരുന്നുമുണ്ട്.

ഫലസ്തീനിലെ വളരെ ചെറിയൊരു ന്യൂനപക്ഷമായ അറബ് ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ചയാളായിട്ടും ജോർജ്ജ് ഹബാഷിന് ജനകീയനായൊരു നേതാവാകാൻ ഒരു തടസ്സവുമുണ്ടായിരുന്നില്ല. അന്നും ഇന്നും PFLP ക്ക് അതിശക്തമായ ബഹുജനപിന്തുണയാണുള്ളത്. 2000 ൽ അനാരോഗ്യത്തെത്തുടർന്ന് രാജിവെക്കുന്നത് വരെ ജോർജ്ജ് ഹബാഷ് തന്നെയായിരുന്നു പാർട്ടിയുടെ സെക്രട്ടറി ജനറൽ.

ലബനനിലെ ബെയ്റൂട്ടിൽ മെഡിക്കൽ വിദ്യാർത്ഥിയായിരിക്കെ അവധിക്ക് നാട്ടിൽ വരുമ്പോഴാണ് അന്നത്തെ ഫലസ്തീനിലെ തന്റെ ജന്മ നാട്ടിൽ ഇസ്രയേൽ നടത്തിയ ഭീകരമായ അധിനിവേശം ഹബാഷ് നേരിൽ കാണുന്നത് . തന്റെ സഹോദരിയെ അടക്കം ഇസ്രയേൽ വധിക്കുന്നതിനും പതിനായിരങ്ങളുടെ പലായനത്തിനും സാക്ഷിയായ ജോർജ്ജിന്റെ കുടുംബവും അന്ന് അഭയാർത്ഥികളായി.

അൽ നക്‌ബ എന്ന് പിന്നീട് അറിയപ്പെട്ട ആ അധിനിവേശത്തിൽ ജോർജ്ജിന്റെ കുടുംബമടക്കം 70000 ത്തോളം ഫലസ്തീനികളാണ് അഭയാർഥികളായി നാടുവിട്ടോടിയത്. 'ജീവിതത്തിൽ ഒരിക്കലും മറക്കാത്ത കാഴ്ചകളായിരുന്നു അത്. വിലപിച്ചുകൊണ്ട് ജീവനും കൊണ്ടോടുന്ന ആ പതിനായിരങ്ങളെ കണ്ടാൽ നിങ്ങൾക്ക് ഒരു വിപ്ലവകാരിയല്ലാതെ മറ്റൊന്നും ആകാൻ കഴിയില്ല' ജോർജ്ജ് ഒരിക്കൽ പറഞ്ഞു. പിന്നീട് മെഡിക്കൽ പഠനം പൂർത്തിയാക്കി പീഡിയാട്രീഷ്യനായ ജോർജ്ജ് ഹബാഷ് ഫലസ്തീൻ വിമോചന പോരാട്ടങ്ങളിൽ സജീവമായി

'എല്ലാ അറബ് വിപ്ലവകാരികളും മാർക്‌സിസ്റ്റുകളായിരിക്കണം. എന്തെന്നാൽ തൊഴിലാളി വർഗത്തിന്റെ ആശയാഭിലാഷങ്ങളുടെ ആവിഷ്‌കരണമാണ് മാർക്‌സിസം. ' ജോർജ്ജ് ഹബാഷ് ഒരിക്കൽ പറഞ്ഞു. '1967 ഓടെ ഞങ്ങൾ ഒരു കാര്യം മനസിലാക്കി. ഫലസ്തീന്റെ മോചനത്തിന് ചൈനീസ്, വിയറ്റ്‌നാമീസ് പാതകളാണ് മാതൃക എന്നതാണത്' ഹബാഷ് അഭിപ്രായപ്പെട്ടു. മൂന്നാം ലോക രാജ്യങ്ങളെയും ബുദ്ധിജീവികളെയും മാവോ ഇളക്കി മറിച്ച, താരിഖ് അലി തെരുവ് പോരാട്ടങ്ങളുടെ കാലം എന്ന് വിശേഷിപ്പിച്ച കാലം, ചൈനീസ് സാംസ്‌കാരിക വിപ്ലവം, വിയറ്റ്നാം യുദ്ധം, പാരീസ് വിദ്യാർത്ഥി കലാപം, ചെഗുവേരയുടെ രക്തസാക്ഷിത്വം എന്നിവ തന്നെയായിരുന്നു ജോർജ്ജ് ഹബാഷിനെയും മാർക്‌സിസ്റ്റാക്കിയത്.

അഹമ്മദ് സാദത്തിന്റെ നേതൃത്വത്തിൻ കീഴിൽ ഇന്നും അതിശക്തമായ ജനകീയ അടിത്തറയോടെ പോരാട്ടം നയിക്കുന്ന PFLP യെ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ഭീകര സംഘടനകളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. 'അറബ് നാടുകളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തങ്ങളുടെ നാടിന്റെ സവിശേഷ സാഹചര്യങ്ങളെ പരിഗണിക്കാതെ അന്ധമായി സോവിയറ്റ് മാർക്‌സിസത്തിന്റെ മാതൃകയെ അനുകരിക്കാനാണ് ശ്രമിച്ചത്. അറബ് നാടുകളിലെ സവിശേഷതകളെ പരിഗണിക്കുന്ന മാർക്‌സിസമാണ് ഇവിടെ വേണ്ടത്. ' അഹമ്മദ് സാദത്ത് ഒരിക്കൽ അഭിപ്രായപ്പെട്ടു

ഫലസ്തീൻ സമൂഹത്തെ അറിഞ്ഞുകൊണ്ട് തന്നെ ഇടപെടുന്നതുകൊണ്ട് തന്നെ സോഷ്യലിസ്റ്റ് ചേരിയുടെ പതന കാലഘട്ടത്തിൽ പോലും PFLP തളരാതെ പിടിച്ചു നിന്നിരുന്നു. ഇന്നിപ്പോൾ മാർക്‌സിസത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഈ കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ PFLP യുടെ പോരാട്ടങ്ങളെ ഉറ്റുനോക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. അറബ് ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും സോഷ്യലിസ്റ്റുകളുടെയും ബഹുജന പങ്കാളിത്തത്തെ അറബ് സോഷ്യലിസ്റ്റ് സമൂഹത്തിന്റെ ജനകീയ ചെറുത്ത് നില്പിനെ തകർക്കാൻ കഴിയാത്ത ഒന്നാണ്...

(ലേഖകൻ ഫെയ്‌സ് ബുക്കിൽ എഴുതിയതാണ് ഈ ലേഖനം)