തിരുവനന്തപുരം: ഹിന്ദുത്വഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ പുതിയ ചരിത്രം രചിക്കാൻ അനന്തപുരി ഒരുങ്ങുന്നു. ഈ മാസം ഏഴിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പോപുലർ ഫ്രണ്ട് മഹാസമ്മേളനത്തെ വരവേൽക്കാൻ തലസ്ഥാനജില്ല അവസാനഘട്ട തയ്യാറെടുപ്പിലാണ്. 

ഫാഷിസ്റ്റ് ഭരണകൂടത്തിനും ചൂഷകവർഗത്തിന്റെ മർദനോപാദികൾക്കും എതിരേ, ജനകീയ വിപ്ലവത്തിന്റെ പാതതെളിക്കുന്ന പോപുലർഫ്രണ്ട് യാത്രസംഘത്തിനു തിരുവിതാംകൂറിന്റെ ചരിത്രഭൂമിയിലേക്ക് സ്വാഗതമേകി പച്ചയും ചുവപ്പും വെള്ളയും കലർന്ന നക്ഷത്രാങ്കിത പതാകകൾ നഗരത്തിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.

കൊടിതോരണങ്ങൾക്കു പുറമേ സമ്മേളനത്തിന്റെ സന്ദേശങ്ങളുമായി ഫ്ളക്സുകളും കമാനങ്ങളും പാതകളുടെ ഇരുവശങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ പരമാവധി ജനങ്ങളെ പങ്കെടുപ്പിച്ച് മഹാസമ്മേളനം ചരിത്രവിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകസമിതി. ഏഴിന് വൈകീട്ട് മൂന്നിന് മ്യൂസിയം ജങ്ഷനിൽ നിന്നാരംഭിക്കുന്ന ബഹുജനറാലിയോടെയാണ് മഹാസമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. സമ്മേളനത്തിനെത്തുന്നവർക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞു. മഹാസമ്മേളനം നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്തും തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പ്രതിനിധികൾക്കും നേതാക്കൾക്കും താമസസൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും വിവിധ സബ്കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.

ജില്ലാതലത്തിൽ സംഘടിപ്പിച്ച വാഹനപ്രചാരണ ജാഥകളും തെരുവുനാടകവും ഇന്നലെ അവസാനിച്ചു. വാഹനജാഥകൾക്ക് ഓരോ കേന്ദ്രങ്ങളിലും വലിയ ജനപിന്തുണയാണ് ലഭിച്ചത്. ഇതോടൊപ്പം സംഘപരിവാര ഭീകരതകൾ തുറന്നുകാട്ടിയുള്ള അതിജീവന കലാസംഘത്തിന്റെ 'ഞങ്ങൾക്കും പറയാനുണ്ട് 'തെരുവുനാടകത്തിനും മികച്ച സ്വീകാര്യത നേടാനായി. പ്രാദേശിക തലങ്ങളിൽ സംഘടിപ്പിച്ചുവരുന്ന കോർണർ മീറ്റിങ്ങുകളിൽ പ്രകടമാവുന്ന ജനപങ്കാളിത്തം സംഘപരിവാരത്തിന്റെ തീവ്രനിലപാടുകൾക്കെതിരായ ജനങ്ങളുടെ ഐക്യപ്പെടലിന്റെ ഉദാഹരണമാണെന്ന് സംഘാടകർ പറഞ്ഞു. ജനസമ്പർക്ക പരിപാടികളുടെ ഭാഗമായുള്ള ഗൃഹസമ്പർക്കവും കുടുംബസംഗമവും പുരോഗമിക്കുകയാണ്.

അവസാനഘട്ട പ്രചാരണത്തിന് ആവേശം പകർന്നുകൊണ്ടുള്ള പാട്ടുവണ്ടി ഇന്നലെ പര്യടനം ആരംഭിച്ചു. തെക്കൻ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പര്യടനം നടത്തുന്ന പാട്ടുവണ്ടിയുടെ ഭാഗമായി എൽ.ഇ.ഡി പ്രദർശനവും ക്രമീകരിച്ചിട്ടുണ്ട്. സ്വാഗതസംഘം ജനറൽ കൺവീനർ എ അബ്ദുൽസത്താർ പാട്ടുവണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. കൺവീനർ കെ കെ ഹുസൈർ, പോപുലർഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയസമിതി അംഗം കരമന അശ്റഫ് മൗലവി, സംസ്ഥാന സെക്രട്ടറി പി കെ അബ്ദുൽലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.