കോഴിക്കോട്: വെഞ്ഞാറമ്മൂട്ടിൽ രണ്ട് യുവാക്കൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം അത്യന്തം അപലപനീയമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. ഗുണ്ടാ രാഷ്ട്രീയത്തിൽ സിപിഎമ്മിനോട് മത്സരിക്കാൻ കോൺഗ്രസും ഗുണ്ടകളെ വളർത്തുന്നതിന്റെ ഫലമാണ് വെഞ്ഞാറമ്മൂട്ടിൽ കണ്ടത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് തുടങ്ങിയ സംഘർഷം കോൺഗ്രസ് സിപിഎം പാർട്ടികളുടെയും നേതാക്കളുടെയും ആശീർവാദത്തോടെയാണ് ഇത്രയും നാളും തുടർന്നിരുന്നത് എന്നാണ് മനസ്സിലാകുന്നത്. അക്രമി സംഘങ്ങളുടെ ഇത്തരം അഴിഞ്ഞാട്ടങ്ങളെ രാഷ്ട്രീയ സംഘർഷങ്ങൾ എന്ന് വിശേഷിപ്പിച്ച് നിസ്സാരവൽക്കരിക്കുന്നത് അവസാനിപ്പിക്കണം.

ഗാന്ധിയൻ മാർഗ്ഗവും അഹിംസയും പറയുന്ന കോൺഗ്രസ് പലമേഖലകളിലും ഗുണ്ടാസംഘങ്ങളെ വളർത്തുന്നതിന്റെ വാർത്തകൾ സമീപകാലത്തായി കൂടുതൽ കാണുന്നുണ്ട്. ഗുണ്ടകൾക്ക് വേണ്ടി കോൺഗ്രസ് പരസ്യമായി രംഗത്തുവരുന്ന സാഹചര്യവും കേരളം കണ്ടതാണ്.

പാർട്ടി നയനിലപാടുകൾക്ക് പകരം കഠാര രാഷ്ട്രീയം നയമാക്കുന്ന സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ശൈലി കേരളത്തിലെ സമാധാന അന്തരീക്ഷത്തെ അപായപ്പെടുത്തുകയാണ്. കോവിഡ് വ്യാപനം ഏറെ കൂടുതലുള്ള തിരുവനന്തപുരത്ത് തന്നെയാണ് കേരളത്തെ ഞെട്ടിച്ച ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.

അതേസമയം കേസിൽ പിടിക്കപ്പെട്ട അക്രമികൾ തങ്ങളുടെ പ്രവർത്തകരല്ലെന്നും എസ്ഡിപിഐ പ്രവർത്തകരാണെന്നുമുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം നിരുത്തരവാദപരവും പ്രതിപക്ഷ നേതാവിന്റെ പദവിക്ക് ചേരാത്തതുമാണ്. വസ്തുതകളുടെ പിൻബലമില്ലാതെ കേട്ടുകേൾവി ഏറ്റുപറയുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയമായ വിവേകമില്ലായ്മയാണ് വ്യക്തമാക്കുന്നത്. കുറ്റവാളികളെ രക്ഷപ്പെടുത്താൻ ചെന്നിത്തല നാലാംകിട രാഷ്ട്രീയം കളിക്കുകയാണ്.

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിലെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎമ്മും കോൺഗ്രസും പയറ്റുന്ന ഗുണ്ടാ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അബ്ദുൽ സത്താർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.