- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലപ്പുഴയിൽ യുവാക്കൾക്ക് കസ്റ്റഡി പീഡനം: പൊലീസ് അഴിഞ്ഞാട്ടം അവസാനിപ്പിക്കണം പോപുലർ ഫ്രണ്ട്
വയനാട് തലപ്പുഴയിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരെ അതിനിഷ്ഠൂരമായി കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ച പൊലീസ് നടപടിയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാനത്തെ പൊലീസ് ലോക്കപ്പുകൾ രാഷ്ട്രീയമതവിരോധം തീർക്കാനുള്ള ഇടിമുറികളാക്കി മാറ്റാനുള്ള നീക്കം പിണറായി സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
മാസ്‌ക് ധരിച്ചത് ശരിയായില്ലെന്ന് ആരോപിച്ച് തലപ്പുഴ ടൗണിൽ നിന്നും ഇന്നലെ വൈകീട്ട് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്ത ഇഖ്ബാൽ(34), ഷമീർ(39) എന്നിവർക്കാണ് ക്രൂരമായ മർദ്ദനം ഏറ്റത്. കസ്റ്റഡിയിൽ എടുത്ത് 8 മണിക്കൂറിനു ശേഷമാണ് വിവരം പൊലീസ് ബന്ധുക്കളെ അറിയിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശേഷമാണ് ഇവർക്ക് പ്രാഥമിക ചികിൽസ പോലും ലഭ്യമാക്കിയത്. പാലക്കാട് നോർത്ത് സ്റ്റേഷനിൽ യുവാക്കളെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിനു തൊട്ടുപിന്നാലെയുണ്ടായ ഈ സംഭവം ആതീവ ഗൗരവതരമാണ്.
കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ഇത്തരത്തിൽ അഴിഞ്ഞാടാൻ പൊലീസിന് ലൈസൻസ് നൽകിയത് ആരാണെന്ന് സർക്കാർ വ്യക്തമാക്കണം. പൊലീസിന്റെ ഭാഗത്തു നിന്നുള്ള നിയമാനുസൃതമായ നീക്കങ്ങൾ പാലിക്കാൻ മാത്രമാണ് ജനങ്ങൾക്ക് ബാധ്യതയുള്ളത്. യൂണിഫോമിന്റെ മറവിൽ പരിധികൾ ലംഘിക്കാനുള്ള നീക്കങ്ങൾക്ക് കടിഞ്ഞാണിടാൻ സർക്കാർ തയ്യാറാവണം. ഉത്തരേന്ത്യൻ സംഘപരിവാർ സർക്കാരുകളുടെ മാതൃകയിൽ ജനങ്ങളെ ഭയപ്പെടുത്താനുള്ള ഉപകരണമാക്കി പൊലീസിനെ മാറ്റാനുള്ള നീക്കത്തെ ജനാധിപത്യപരമായ മാർഗങ്ങളിലൂടെ പ്രതിരോധിക്കും. പൊലീസിനുള്ളിലെ ഹിന്ദുത്വ സ്വാധീനം തുടർക്കഥയായി മാറിയിട്ടും, അത് നിയന്ത്രിക്കാൻ തയ്യാറാവാതെ ഉദ്യോഗസ്ഥരെ കയറൂരി വിടുന്ന സർക്കാർ നിലപാട് ദുരൂഹമാണ്. എതിർശബ്ദങ്ങളോട് മുഖ്യമന്ത്രി പുലർത്തുന്ന അസഹിഷ്ണുത പാർട്ടി അണികളിലേക്കെന്ന പോലെ, ആഭ്യന്തരവകുപ്പിലേക്കും പടർന്നിരിക്കുന്നു. പൊലീസ് സ്റ്റേഷനുകളിൽ മൂന്നാംമുറയും കസ്റ്റഡി പീഡനവും വംശീയ അധിക്ഷേപവും ആവർത്തിക്കുന്നത് ഇതിന്റെ ഭാഗമാണ്.
തലപ്പുഴ കസ്റ്റഡി പീഡനത്തിന് ഉത്തരവാദികളായ സിഐ അടക്കമുള്ള പൊലീസുദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി പ്രതിഷേധം ശക്തമാക്കുമെന്നും അബ്ദുൽ സത്താർ കൂട്ടിച്ചേർത്തു.