ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന അബ്ദുന്നാസർ മഅ്ദനിക്ക് വിദഗ്ധ ചികിൽസ നൽകാൻ കേന്ദ്രവും കേരള, കർണാകട സർക്കാരുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.

അടിയന്തരമായി വിദഗ്ദ ചികിൽസ ലഭ്യമാക്കാത്ത പക്ഷം അദ്ദേഹത്തിന്റെ ജീവൻ അപകടലായേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ, അദ്ദേഹത്തെ കേരളത്തിലെത്തിച്ച് വിദഗ്ധ ചികിൽസ ലഭ്യമാക്കണം. ഇതിനായി സംസ്ഥാന സർക്കാർ ശക്തമായ ഇടപെടൽ നടത്തണം. കർണാടകത്തോടും കേന്ദ്രത്തോടും ഇക്കാര്യം ആവശ്യപ്പെടണം. വൃക്കരോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ബാംഗ്ലൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും കോവിഡ് ബാധയുടെ സാഹചര്യം ചൂണ്ടിക്കാട്ടി ആവശ്യമായ ചികിൽസ നൽകാതെ താമസസ്ഥലത്തേക്ക് മടക്കി അയയ്ക്കുകയായിരുന്നു.

രാജ്യത്ത് തുല്യത ഇല്ലാത്ത നീതിനിഷേധത്തിന്റെ ഇരയായി അബ്ദുന്നാസർ മഅദനി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ രോഗാവസ്ഥകൾ പോലും കണക്കിലെടുക്കാതെ, മനുഷ്യത്വ രഹിതമായ സമീപനം ഭരണകൂടവും കോടതികളും തുടരുന്നത് പ്രതിഷേധാർഹമാണ്. ബാംഗ്ലൂർ സ്ഫോടനക്കേസിൽ വിചാരണ ഉടൻ പൂർത്തിയാക്കുമെന്ന് സുപ്രീം കോടതിയിൽ കർണാടക സർക്കാർ നൽകിയ ഉറപ്പ് അനന്തമായി നീളുകയാണ്. അദ്ദേഹത്തിന് മതിയായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിന് ഇത് തടസമാവുകയാണ്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബാംഗ്ലൂരിൽ ചികിൽസ നടത്തുകയെന്നത് ഫലപ്രദമല്ല. ഈ സാഹചര്യത്തിൽ നാട്ടിലെത്തിച്ച് അദ്ദേഹത്തിന് അടിയന്തര ചികിൽസ ലഭ്യമാക്കുകയെന്നതാണ് പോംവഴി. സംസ്ഥാന സർക്കാർ ഇതിന് മുൻകൈയെടുക്കണം. രാഷ്ട്രീയ, മത, സാസ്‌കാരിക രംഗങ്ങളിൽ നിന്നും മഅ്ദനിക്കെതിരായ ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിനെതിരേ ശക്തമായ പ്രതികരണങ്ങൾ ഉയരണമെന്നും സി പി മുഹമ്മദ് ബഷീർ പറഞ്ഞു.