കോഴിക്കോട്: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ അംഗം സി എ റഊഫിനെയും എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീർ അലിയെയും അന്യായമായി അറസ്റ്റ് ചെയ്ത നടപടിക്കെതിരേ ശക്തമായി രംഗത്തുവരുമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകരെ എസ്ഐ യുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ ഈ മൂന്നാംമുറക്കെതിരേ ഉയർന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് കള്ളക്കേസ് ചുമത്തിയിരിക്കുന്നത്. ഇത്തരം അമിതാധികാര പ്രയോഗവും പൊലീസ് രാജും അംഗീകരിക്കാനാവില്ല. ഇതിനെതിരേ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

പ്രാദേശിക സംഭവത്തിന്റെ പേരിൽ യാതൊരു ബന്ധവും ഇല്ലാത്ത പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി അടക്കമുള്ളവർക്കെതിരേയാണ് കസ്റ്റഡി പീഡനം ഉണ്ടായത്. അതിക്രമം നടത്തിയ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുന്നതിനു പകരം പൊലീസിലെ ക്രിമിനലുകളെ വെള്ളപൂശാനുള്ള ശ്രമമാണ് പൊലീസ് ഉദ്യോഗസ്ഥരും സർക്കാരും ചെയ്യുന്നത്. അതിനായി കസ്റ്റഡിയിൽ ഉള്ള ആളെ ഭീഷണിപ്പെടുത്തി വീഡിയോ ചെയ്യിക്കുന്നതുൾപ്പെടെയുള്ള തരംതാണ രീതികൾ പൊലീസ് പയറ്റുകയാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ഉത്തരേന്ത്യയിലെ സംഘപരിവാർ മാതൃക കേരളത്തിൽ നടപ്പിലാക്കാമെന്നത് പൊലീസിന്റെ വ്യാമോഹം മാത്രമാണ്. സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ ഇത് ചെറുക്കാൻ മുന്നോട്ട് വരണം. പകപോക്കൽ നടപടിയിലൂടെ ഒരു ജനകീയ മുന്നേറ്റത്തിന് വിഘാതം സൃഷ്ടിക്കാനാവില്ല. സാമൂഹിക മാധ്യമങ്ങളിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാര സഹയാത്രികർക്കെതിരേ പരാതികളുണ്ടായിട്ടും യാതൊരു നടപടിയുമെടുക്കാത്ത പൊലീസാണ് തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ നിയമവിരുദ്ധ പ്രവർത്തനങ്ങളെ സോഷ്യൽ മീഡിയയിൽവിമർശിക്കുന്നവർക്കെതിരേ അമിതാവേശം കാണിക്കുന്നത്. ഇതു തികഞ്ഞ വിവേചനമാണ്. പൊലീസിലെ വർഗീയ വൽക്കരണത്തിന്റെ ഫലമാണ് ഈ മുസ്ലിം വേട്ട.

പൊലീസിന്റെ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരുന്നതായാണ് മനസ്സിലാവുന്നത്. വയനാട്ടിലെ തലപ്പുഴ പൊലീസ് സ്റ്റേഷനിലും സിഐ യുടെ നേതൃത്വത്തിൽ ക്രൂരമായ കസ്റ്റഡി മർദനങ്ങളാണ് ഉണ്ടായത്. മാസ്‌ക് മൂക്കിന് താഴെ ആയിപ്പോയതിന്റെ പേരിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരത. ലോക്ഡൗണിന്റെ മറവിൽ പൊലീസിനെ കയറൂരി വിടുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് പൊലീസ് രാജ് എന്നത്, ആവർത്തിക്കുന്ന കസ്റ്റഡി പീഡനങ്ങളും പൊലീസ് അതിക്രമങ്ങളും തെളിയിക്കുന്നു. സ്വർണക്കള്ളക്കടത്ത് കേസ്, ലൈഫ് മിഷൻ അഴിമതി, പ്രളയ ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ സർക്കാരിനെതിരായ വികാരം വഴിതിരിച്ചുവിടാനാണോ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് ഇത്തരം അതിക്രമങ്ങൾ ചെയ്യിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. പ്രവർത്തകർക്കും നേതാക്കൾക്കുമെതിരായ അന്യായമായ അറസ്റ്റുകളും നടപടികളും പൊലീസ് അസനാപ്പിച്ചില്ലെങ്കിൽ പിണറായി സർക്കാർ കനത്ത വില നൽകേണ്ട സാഹചര്യം സംസ്ഥാനത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി എസ് നിസാർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.