കോഴിക്കോട്: കണ്ണൂർ ജില്ലയിലെ കണ്ണവത്ത് വെട്ടേറ്റ് മരിച്ച സയ്യിദ് സ്വലാഹുദ്ദീൻ ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിലെ തേജസ്സാർന്ന രക്തസാക്ഷിയാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിൽ ആർഎസ്എസ്- ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്നത് വ്യക്തമാണ്. കൃത്യമായ അന്വേഷണത്തിലൂടെ യഥാർത്ഥ കുറ്റവാളികളെ ഉടൻതന്നെ പിടികൂടാൻ പൊലീസ് തയ്യാറാവണമെന്നും പോപുലർ ഫ്രണ്ട് ആവശ്യപ്പെട്ടു.

സമാധാന അന്തരീക്ഷം തകർത്ത് പ്രദേശത്തെ കലാപഭൂമിയാക്കി മാറ്റാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഏറെനാളായി സാമൂഹിക മാധ്യമങ്ങളിലൂടെ ആർഎസ്എസ് സംഘം പ്രദേശത്തുകൊലവിളി നടത്തിയിരുന്നു. പലപ്പോഴായി പരാതി കൊടുത്തിരുന്നെങ്കിലും കണ്ണവം പൊലീസ് ആർഎസ്എസിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. കണ്ണവം ശ്യാമപ്രസാദ് കൊലക്കേസിൽ നിരപരാധിയായ സ്വലാഹുദ്ദീനെ പൊലീസ് തെറ്റായി പ്രതിചേർക്കുകയായിരുന്നു. പൊലീസ് സ്വീകരിച്ച മൃദുസമീപനമാണ് ആർഎസ്എസ് കൊലയാളി സംഘത്തിന് തണലായത്.
കുടുംബത്തോടൊപ്പം സഞ്ചരിച്ച സ്വലാഹുദീനെ അപകടത്തിൽ പെട്ടതാണെന്ന് പറഞ്ഞ് കാറിൽ നിന്ന് പുറത്തിറക്കി പിന്നിൽ നിന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത് ആർഎസ്എസ്സിന്റെ ഭീരുത്വമാണ് തെളിയിക്കുന്നത്.

സ്വലാഹുദ്ദീന്റെ മരണത്തിനു ശേഷവും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ആർ.എസ്.എസ് ബോംബാക്രമണം നടത്തിയത് കലാപം സൃഷ്ടിക്കാൻ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ്. സംഭവത്തിനു പിന്നിലെ ആർ.എസ് എസ് ഗുഢാലോചനയാണ് ഇത് വ്യക്തമാക്കുന്നത്. ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നേറ്റത്തെ കൊലക്കത്തി കാട്ടി തകർക്കാമെന്നത് സംഘപരിപാരത്തിന്റെ വ്യാമോഹമാണ്. ആർഎസ്എസിന്റെ
കൊലക്കത്തിക്ക് മുന്നിൽ ഒരുവിധത്തിലും മുട്ടുമടക്കില്ല. സംഘപരിവാരത്തിന്റെ അക്രമങ്ങളെ ജനകീയ പ്രതിരോധത്തിലൂടെ ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.