- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാലാ ബിഷപ്പിന്റെ വർഗീയ പ്രസംഗം: ക്രിസ്ത്യൻ- മുസ്ലിം സംഘർഷം ഉണ്ടാക്കാനുള്ള ആർഎസ്എസ് തന്ത്രം തിരിച്ചറിയണം; ആർഎസ്എസ് ഉത്പാദിപ്പിച്ച നുണബോംബാണ് 'നാർക്കോട്ടിക് ജിഹാദ്' ; ബിഷപ്പ് മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ് എടുക്കണം എന്നും പോപ്പുലർ ഫ്രണ്ട്
കോട്ടയം: സമുദായ സൗഹാർദ്ദത്തെ തകർക്കും വിധം പാല അതിരൂപത ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിദ്വേഷ പ്രസംഗം അത്യന്തം അപകടം നിറഞ്ഞതാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വസ്തുതകളുടെ പിൻബലമില്ലാതെ അദ്ദേഹം നടത്തിയ ഭാവനാസൃഷ്ടമായ പരാമർശങ്ങൾ പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പുപറയണം. അല്ലാത്തപക്ഷം സമുദായ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിന് അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാവണം.
കേരളത്തിലെ രണ്ട് പ്രബല ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനും അതുവഴി ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാനുമുള്ള ആർ എസ്എസ്എസിന്റെ കുൽസിത ശ്രമങ്ങൾ കാലങ്ങളായി നടന്നുവരികയാണ്. അതിന് ആയുധമായി മാറുകയാണ് പാല ബിഷപ്പും അദ്ദേഹത്തെ പിന്തുണക്കുന്നവരും ചെയ്യുന്നത്. ഇത് ക്രൈസ്തവ മതനേതൃത്വം തിരിച്ചറിയുകയും അദ്ദേഹത്തിനെ തിരുത്താൻ തയ്യാറാവുകയും വേണം. അതിനുപകരം അദ്ദേഹത്തിന്റെ വർഗീയ പ്രചരണത്തിനും മുസ്ലിം വിരുദ്ധതയ്ക്കും എതിരെ മൗനം പാലിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന സമീപനം സാമൂഹിക അന്തരീക്ഷം വഷളാക്കാൻ കാരണമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാനരീതിയിൽ ഇന്നലെ കുറവിലങ്ങാട് മഠത്തിൽ നടന്ന കുർബാനയ്ക്കിടെ വൈദികൻ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ കന്യാസ്ത്രീകൾക്ക് പ്രതിഷേധിച്ച് ഇറങ്ങിപ്പോകേണ്ടി വന്ന സംഭവവും മതേതര കേരളത്തെ ഞെട്ടിക്കുന്നതാണ്. മുൻപും മുസ്ലിം സമുദായത്തിൽപ്പെട്ടവരെ അവഹേളിച്ചുകൊണ്ട് ഇതേ വൈദികൻ പ്രസംഗിക്കുക പതിവായിരുന്നുവെന്നാണ് കന്യാസ്ത്രീകൾ പറഞ്ഞത്. പാലാ ബിഷപ്പിന്റെ പരാമർശത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വളരെ മോശമായ തരത്തിലുള്ള മുസ്ലിം വിരുദ്ധ പരാമർശങ്ങളാണ് ഇന്നലെ അദ്ദേഹവും നടത്തിയത്.
ജോസഫ് കല്ലറങ്ങാട്ടിന്റെ വർഗീയ പരാമർശം അബദ്ധവശാൽ സംഭവിച്ചതോ നാക്കു പിഴയോ അല്ല. എഴുതിത്തയ്യാറാക്കിയത് വായിക്കുകയാണ് അദ്ദേഹം ചെയ്തത്. ആസൂത്രിതമായി മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കാൻ അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അത് ഏറ്റെടുത്തവരേയും അതിന് പിന്തുണ നൽകിയവരേയും നിരീക്ഷിച്ചാൽ ഈ ആസൂത്രിത പ്രസംഗത്തിന്റെ ഉത്ഭവം ഏതെന്ന് വ്യക്തമാകുന്നുണ്ട്. ഒന്നര പതിറ്റാണ്ട് മുമ്പ് ആർഎസ്എസ് അവരുടെ ഗവേഷണ കേന്ദ്രത്തിൽ രൂപപ്പെടുത്തിയ ലൗ ജിഹാദ് പ്രയോഗം ദൗർഭാഗ്യവശാൽ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടവരാണ് ഏറ്റെടുത്തത്. സമാനമാണ് ഇപ്പോഴുണ്ടായിട്ടുള്ള നാർക്കോട്ടിക്ക് പരാമർശവും. ആർഎസ്എസ് അവരുടെ കേന്ദ്രത്തിൽ ഉൽപ്പാദിപ്പിച്ച നുണബോംബാണ് നാർക്കോട്ടിക് ജിഹാദ് എന്ന പ്രയോഗം. അഞ്ചു മാസം മുമ്പ് ആർഎസ്എസ് നേതാവ് ഇതേ പദപ്രയോഗം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നുണ്ട്.
കൊടും വർഗീയ വാദികൾ നടത്തുന്ന ഇത്തരം പ്രയോഗങ്ങൾ അതേപടി ആവർത്തിക്കുന്നതിലൂടെ ആർഎസ്എസ് നുണകൾ ആധികാരിക രേഖയായി അവതരിപ്പിക്കുകയാണ് പാലാ ബിഷപ് ചെയ്തത്. കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന പ്രബലമായ രണ്ടു സമുദായങ്ങളാണ് മുസ്ലിംകളും ക്രിസ്ത്യാനികളും. ഭൂരിപക്ഷ വർഗീയതയിലൂടെ മാത്രം രാഷ്ട്രീയ മേൽക്കോയ്മ നേടാൻ കഴിയില്ലെന്ന് ബോധ്യമുള്ള ആർഎസ്എസ് മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ വിഭജനം തീർക്കാൻ നടത്തുന്ന ശ്രമങ്ങളെ കരുതലോടെ കാണണം.
സീറോ മലബാർ സഭയിലെ ചില പുരോഹിതന്മാർ വലിയ തോതിൽ ആഭ്യന്തര പ്രതിസന്ധി നേരിടുന്നുണ്ട്. ലൈംഗിക ആരോപണങ്ങൾ, സാമ്പത്തിക ക്രമക്കേടുകൾ, തട്ടിപ്പ് ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സഭാവിശ്വാസികൾ പോലും അസ്വസ്ഥരാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ ജയിലഴി കാത്തിരിക്കുന്ന പുരോഹിതന്മാരുടെ കേന്ദ്രസർക്കാർ പ്രീണനവും ഇതിന്റെ പിന്നിലുണ്ട്. ഇതിന് മറയിടാൻ മറ്റൊരു മതവിഭാഗത്തെ ഇരയാക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതും ശരിയായ സമീപനമല്ല. അതേ സമയം പാല ബിഷപ്പിന്റെ വർഗീയ പരാമർശങ്ങളെ തള്ളിക്കളഞ്ഞ് രംഗത്തു വന്ന യാക്കോബായ സഭയുടെയും ഓർത്തഡോക്സ് സഭയുടെയുടെയുമൊക്കെ നേതാക്കളുടെ പ്രതികരണങ്ങൾ ആശാവഹമാണ്. ചിലരുടെ വർഗീയ താപര്യങ്ങൾക്ക് ക്രിസ്ത്യൻ സമൂഹത്തെ ഏകപക്ഷീയമായി കൂടെ കിട്ടില്ലെന്ന സന്ദേശമാണ് അവർ നൽകിയത്. കത്തോലിക്കാ സഭയിലെ പുരോഹിതന്റെ വർഗീയതക്കെതിരെ കന്യാസ്ത്രീകൾ തന്നെ രംഗത്തു വന്നതും ക്രൈസ്തവ സമുദായത്തിനിടയിൽ വർഗീയവാദികൾ ഒറ്റപ്പെടുമെന്ന സൂചനയാണ് നൽകുന്നത്.
കഴിഞ്ഞ ദിവസം പാലാ ബിഷപ്പിന് പിന്തുണയുമായി ഒരുവിഭാഗം നടത്തിയ പ്രതിഷേധത്തിന് ചരടുവലിച്ചത് പോലും ആർഎസ്എസും ബിജെപിയുമായിരുന്നു. ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ് പരാമർശങ്ങളിൽ വളരെ തിടുക്കത്തോടെ പാലാ ബിഷപ്പിന് പിന്തുണക്കാനെത്തിയതും ആർഎസ്എസും ബിജെപിയുമാണ്. വർഗീയ വിഷം വമിക്കുന്ന ഇവരുടെ കുപ്രചരണങ്ങളെയും നീക്കങ്ങളെയും ആഴത്തിൽ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരേണ്ടതുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.സംസ്ഥാന സെക്രട്ടറി സി എ റഊഫ്, എറണാകുളം സോണൽ സെക്രട്ടറി എം എച്ച് ഷിഹാസ്, കോട്ടയം ജില്ലാ പ്രസിഡന്റ് കെ എച്ച് സുനീർ മൗലവി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ