കേന്ദ്രഭരണത്തിന്റെ പിൻബലത്തിൽ ഹിന്ദുത്വതാൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കാനും ജനാധിപത്യസംവിധാനങ്ങളെ അസ്ഥിരപ്പെടുത്താനുമുള്ള നീക്കങ്ങൾ സംഘപരിവാരം ശക്തമാക്കിയിരിക്കുകയാണ്. ജിഹാദി ചുവപ്പു ഭീകരതയുടെ പേരിൽ ബിജെപി നടത്തുന്ന നുണപ്രചാരണം സംസ്ഥാനത്ത് വിഭാഗീയത വളർത്തി രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള തീവ്രഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഫെഡറൽ ധാരണകൾ പോലും മാനിക്കാതെയാണ് കേരളത്തിനെതിരേ ആർ.എസ്.എസ്-ബിജെപി നേതാക്കൾ അപവാദപ്രചാരണം നടത്തുന്നത്. സംസ്ഥാനത്തിന്റെ സാമാധാനാന്തരീക്ഷത്തെ തകർക്കുന്ന ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ഹിന്ദുത്വഫാഷിസത്തിന്റെ കടന്നാക്രമണങ്ങൾക്കെതിരേ പൊതുവായ ഐക്യനിര ശക്തിപ്പെടേണ്ടതുണ്ട്.തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിധേയമാവാത്ത എല്ലാ ശബ്ദങ്ങളെയും അടിച്ചമർത്താനുള്ള ഹിന്ദുത്വ അജണ്ടയാണ് സംഘപരിവാരം രാജ്യത്ത് നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്.

പോപുലർഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരേ ദേശീയതലത്തിൽ നിരന്തരമായി നടത്തി ക്കൊണ്ടിരിക്കുന്ന ദുഷ്പ്രചാരണങ്ങൾ ഇതിനാവശ്യമായ കളമൊരുക്കലാണ്. എൻ.ഐ.എ പോലുള്ള സർക്കാർ ഏജൻസികളെ ഇത്തരം സങ്കുചിതരാഷ്ട്രീയ താൽപ്പര്യങ്ങൾക്കു വേണ്ടിയുള്ള ഉപകരണമായി മോദി സർക്കാർ മാറ്റിയിരിക്കുന്നു. ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ സമൂഹത്തിൽ വിഭാഗീയത ശക്തിപ്പെടുത്തുന്ന തരത്തിലുള്ള നുണപ്രചാരണമാണ് ഇപ്പോൾ അരങ്ങുതകർക്കുന്നത്. സംഘടനയ്‌ക്കെതിരേ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ കാലഹരണപ്പെട്ടതും അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞിട്ടുള്ളതുമാണ്. നോട്ട് നിരോധനത്തെ തുടർന്നുള്ള സർക്കാരിന്റെ പരാജയത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും, നിർബന്ധ മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഹിന്ദുത്വകേന്ദ്രങ്ങളിൽ നടക്കുന്ന പീഡനങ്ങളെ സംബന്ധിച്ച വെളിപ്പെടുത്തലുകൾക്ക് മറയിടാനും വേണ്ടിയാണ് നുണപ്രചാരണങ്ങൾ അഴിച്ചുവിടുന്നത്.

തികച്ചും ജനാധിപത്യവിരുദ്ധമായ ഇത്തരം നീക്കങ്ങൾക്കെതിരേ ജനകീയപ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 'ഞങ്ങൾക്കും പറയാനുണ്ട്' എന്ന പ്രമേയം മുൻനിർത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബർ ഏഴിന് ശനിയാഴ്ച(നാളെ) തിരുവനന്തപുരത്ത് പോപുലർ ഫ്രണ്ട് മഹാസമ്മേളനവും ബഹുജനറാലിയും സംഘടിപ്പിക്കും വൈകീട്ട് മൂന്നിന് മ്യൂസിയം ജങ്ഷനിൽ നിന്നാരംഭിക്കുന്ന ബഹുജനറാലിയിൽ പതിനായിരങ്ങൾ അണിനിരക്കും.

തുടർന്ന് വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയിൽ ചേരുന്ന മഹാസമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഇ അബൂബക്കർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം അധ്യക്ഷത വഹിക്കും. ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോബോർഡ് വക്താവ് മൗലാനാ സജ്ജാദ് നുഅ്മാനി, റിട്ട. ജസ്റ്റിസ് കൊൽസെ പാട്ടീൽ (പൂണെ) വിശിഷ്ടാഥികളായിരിക്കും.

എംഎ‍ൽഎമാരായ കെ മുരളീധരൻ, പി സി ജോർജ്, മുന്മന്ത്രി എ നീലലോഹിതദാസൻ നാടാർ, ഭാസുരേന്ദ്ര ബാബു(മാധ്യമ നിരീക്ഷകൻ), എൻ പി ചെക്കൂട്ടി(തേജസ്), എ വാസു(മനുഷ്യാവകാശ പ്രവർത്തകൻ), അഡ്വ. ജയിംസ് ഫെർണാണ്ടസ്(ലത്തിൻ കത്തോലിക്ക ഐക്യവേദി), മൗലാന ഈസ ഫാളിൽ മമ്പഈ (ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ), വിളയോടി ശിവൻകുട്ടി (എൻസിഎച്ച്ആർഒ), എം കെ മനോജ്കുമാർ (എസ്ഡിപിഐ), എ എസ് സൈനബ (നാഷണൽ വിമൻസ് ഫ്രണ്ട്), കെ എ മുഹമ്മദ് ഷമീർ(കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ), ഗോപാൽ മേനോൻ (ഡോക്യുമെന്ററി സംവിധായകൻ), വർക്കല രാജ്(പിഡിപി), കായിക്കര ബാബു(മുസ്്ലിം കോർഡിനേഷൻ കമ്മിറ്റി), പ്രഫ അബ്ദുൽ റഷീദ്(മെക്ക), പോപുലർഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സി പി മുഹമ്മദ് ബഷീർ, നേതാക്കളായ കരമന അശ്റഫ് മൗലവി, കെ എച്ച് നാസർ, എം കെ അശ്‌റഫ്, എ അബ്ദുൽസത്താർ, പി കെ അബ്ദുൽലത്തീഫ് തുടങ്ങിയവർ പങ്കെടുക്കും.