ഡബ്ലിൻ: ജനന നിരക്ക് കുറഞ്ഞതോടെ ചെറുകിട മറ്റേണിറ്റി യൂണിറ്റുകളുടെ നിലനിൽപ്പ് പരുങ്ങലിലായതായി സൂചന. ചെറുകിട മറ്റേണിറ്റി യൂണിറ്റുകളായ പോർട്ട്‌ലോയ്‌സ് മറ്റേണിറ്റി യൂണിറ്റ്, കാവൻ ഹോസ്പിറ്റൽ സ്ലൈഗോ ജനറൽ ഹോസ്പിറ്റൽ, സൗത്ത് ടിപ്പറാറി ഹോസ്പിറ്റൽ മറ്റേണിറ്റി യൂണിറ്റ് തുടങ്ങിയവയുടെ നിലനിൽപ്പ് ആശങ്കാവഹമായ രീതിയിലേക്കാണ് പോകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

2016-ന്റെ ആദ്യ രണ്ടു മാസത്തിൽ തന്നെ പോർട്ട്‌ലോയ്‌സ് മറ്റേണിറ്റി യൂണിറ്റിൽ ജനന നിരക്കിൽ 28 ശതമാനം ഇടിവാണ് ഉണ്ടായത്. കാവൻ ആശുപത്രിയിലാകട്ടെ 1.6 ശതമാനവും. അയർലണ്ടിലെ ബേബി ബൂം വർഷത്തിൽ പോലും ചെറുകിട മറ്റേണിറ്റി യൂണിറ്റുകളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിലാണ് ജനന നിരക്ക് രേഖപ്പെടുത്തിയത്. സുരക്ഷയും മറ്റും മുൻനിർത്തി മിക്കവരും വലിയ മറ്റേണിറ്റി യൂണിറ്റുകളിലാണ് എത്തുന്നത്.

പോർട്ട്‌ലോയ്‌സ് മറ്റേണിറ്റി യൂണിറ്റിൽ കഴിഞ്ഞ വർഷം 1,606 കുട്ടികളാണ് ജനിച്ചത്. 2014-നെ അപേക്ഷിച്ച് 12.4 ശതമാനം ഇടിവാണ് ഇക്കാര്യത്തിൽ ഉണ്ടായത്. ഏതാനും വർഷങ്ങൾക്കു മുമ്പ് പല കാരണങ്ങളാൽ അഞ്ചു നവജാത ശിശുക്കൾ ഇവിടെ മരിക്കുക കൂടി ചെയ്തതോടെ ആശുപത്രിയുടെ സൽപ്പേരിനേയും ഇതു ബാധിച്ചു. രണ്ടു ശിശുക്കളുടെ മരണം സംഭവിച്ച കാവൻ ആശുപത്രിയും അന്വേഷണം നേരിടുന്നുണ്ട് ഇപ്പോൾ. ഇവിടെ 2015-ൽ 1722 കുട്ടികളാണ് ജനിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 1.6 ശതമാനം കുറവാണിത്.

ജനന നിരക്ക് കുറവ് നേരിടുന്ന സ്ലൈഗോ ജനറൽ ആശുപത്രിയിൽ 1,360 കുട്ടികളും പോർട്ടിഅങ്കുല ആശുപത്രിയിൽ 1,880 കുട്ടികളുമാണ് 2015-ൽ ജനിച്ചത്. സൗത്ത് ടിപ്പറാറി ആശുപത്രിയിൽ 1,064 കുട്ടികളാണ് ജനിച്ചുവീണത്. മുൻവർഷത്തെ അപേക്ഷിച്ച് 3.5 ശതമാനം കുറവാണ് ഇത്.

വൻകിട മറ്റേണിറ്റി യൂണിറ്റുകളുമായി സഹകരിച്ച് പ്രവർത്തിക്കാത്ത പക്ഷം, ഇത്തരം ചെറുകിട മറ്റേണിറ്റി യൂണിറ്റുകൾ പൂട്ടിപ്പോകുമെന്നു തന്നെയാണ് നാഷണൽ മറ്റേണിറ്റി ഹോസ്പിറ്റൽ മുൻ മേധാവി ഡോ. പീറ്റർ ബോയ്‌ലാൻ വ്യക്തമാക്കുന്നത്. സ്‌പെഷ്യലിസ്റ്റുകളെ നിയമിച്ച് ആശുപത്രിയിലേക്ക് ആളെ കൂട്ടണമെന്നും ചെറിയ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന രജിസ്ട്രാർമാർക്ക് ട്രെയിനിങ് പ്രോഗ്രാമുകൾ സംഘടിപ്പിച്ച് ഇവയുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്നും ഡോ. പീറ്റർ ബോയ്‌ലാൻ പറയുന്നു.

ചെറുകിട യൂണിറ്റുകളിലും സ്‌പെഷ്യലിസ്റ്റുമാരുടെ സേവനം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഹോസ്പിറ്റലുകൾ ഗ്രൂപ്പുകളായി തിരിച്ച് വൻ ഹോസ്പിറ്റലുകൾക്കു കീഴിൽ ചെറുകിട ഹോസ്പിറ്റലുകൾ വരത്തക്ക രീതിയിൽ വേണം പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതെന്നും ഡോ. പീറ്റർ ബോയ്‌ലാൻ ചൂണ്ടിക്കാട്ടുന്നു.