ഡെറാഡൂൺ: ജനസംഖ്യാനിയന്ത്രണത്തിന് പുതിയ നയം വേണമെന്ന് ആർഎസ്എസ് നിർദ്ദേശം. ഇതിന് പിന്നാലെ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ സർക്കാർ ജനസംഖ്യ നിയന്ത്രണത്തിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു.

ഉത്തർപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങൾ നടപ്പിലാക്കിയ മാതൃക രാജ്യത്തെങ്ങും വ്യാപിപ്പിക്കാനാണ് ആർഎസ്എസ് ശ്രമം. അതിന്റെ തുടക്കമെന്ന നിലയിലാണ് ഉത്തരാഖണ്ഡിൽ നയം നടപ്പിലാക്കാനുള്ള ആർ.എസ്.എസിന്റെ ആവശ്യം. പിന്നാലെ ഇതിനുള്ള നടപടികൾക്ക് പുഷ്‌കർ സിങ് ധാമി സർക്കാർ തുടക്കം കുറിക്കുകയായിരുന്നു.

ഡെറാഡൂൺ, ഹരിദ്വാർ, ഉദ്ദം സിങ് നഗർ, നൈനിറ്റാൾ എന്നിവിടങ്ങളിൽ മുസ്‌ലിം ജനസംഖ്യ ഉയരുകയാണെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശമെന്നാണ് റിപ്പോർട്ടുകൾ. ഇത് ചർച്ച ചെയ്യുന്നതിന് സംഘപരിവാർ യോഗം ചേർന്നിരുന്നു. ബിജെപി ദേശീയ സെക്രട്ടറി ബി.എൽ സന്തോഷിന്റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കളും യോഗത്തിനെത്തിയിരുന്നു. ഉത്തർപ്രദേശ്, അസം സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ള സർക്കാറുകൾ ജനസംഖ്യ നിയന്ത്രണത്തിനുള്ള പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ജനസംഖ്യാനിയന്ത്രണത്തിന് സമിതി രൂപീകരിച്ചായിരിക്കും പ്രവർത്തനം. ചീഫ് സെക്രട്ടറി എസ്.എസ് സാധുവായിരിക്കും സമിതിയെ നയിക്കുക. 35-ഓളം പരിവാർ സംഘടനകളാണ് ജനസംഖ്യ നിയന്ത്രണം വേണമെന്ന ആവശ്യവുമായി രംഗത്തെിയത്. രാജ്യത്തൊട്ടാകെ നയം നടപ്പാക്കുന്നതിന്റെ ഒരു ടെസ്റ്റ്‌ഡോസായിരിക്കും ഉത്തരാഖണ്ഡിലെ പ്രവർത്തനമെന്നാണ് വിലയിരുത്തപ്പെടുന്നത്.