- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറഞ്ഞാൽ കേൾക്കാത്ത പോരാളിയെ സിപിഎമ്മിനും മടുത്തു; സുധീരന് പിന്നാലെ പോരാളി ഷാജിക്കെതിരെ പൊലീസിൽ പരാതി കൊടുത്ത് ഇടതുപക്ഷവും; ചെങ്ങന്നൂരിൽ സജി ചെറിയാനെ തോൽപ്പിക്കാൻ മീശ ചുരുട്ടി സോഷ്യൽ മീഡിയിയിൽ 'കമ്മ്യൂണിസം' വിളമ്പുന്ന സഖാവും; പോരാളി ഷാജി സമുദായ സൗഹാർദം തകർക്കുന്നുവോ?
ചെങ്ങന്നൂർ: പോരാളി ഷാജിയെ സിപിഎമ്മിനും മടുത്തോ? നവമാധ്യമങ്ങളിൽ സജീവമായ പോരാളി ഷാജി അക്കൗണ്ടിനെതിരെ പരാതിയുമായി എൽഡിഎഫും ചർച്ചകളിൽ എത്തുന്നു.
പോരാളി ഷാജി അക്കൗണ്ടിനെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരനും രംഗതെത്തിയിരുന്നു. സൈബർ സഖാക്കളാണ് പോരാളി ഷാജിയായി സോഷ്യൽ മീഡിയയിൽ നിറയുന്നതെന്ന ചർച്ച സജീവമായിരുന്നു. എന്നാൽ പല ഇടപെടലും പിന്നീട് സിപിഎമ്മിന് വിനയാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സിപിഎമ്മും പോരാളി ഷാജിയ്‌ക്കെതിരെ രംഗത്ത് വന്നത്. എന്നാൽ പ്രത്യക്ഷത്തിൽ പോരാളി ഷാജിയെ തള്ളി പറയുന്നതല്ല ഈ പരാതി.
പോരാളി ഷാജി എന്ന വ്യാജ അക്കൗണ്ടുകളിൽ ചെങ്ങന്നൂർ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് നിർമ്മിച്ച പോസ്റ്റുകളിലൂടെ നടത്തുന്ന അപവാദപ്രചരണം തരംതാഴ്ന്നതും സമുദായ സൗഹാർദം തകർക്കാൻ ബോധപൂർവ്വം നിർമ്മിച്ചതുമാണെന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. പോസ്റ്റിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ടിനടക്കം പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് അഡ്വ ജോയിക്കു ട്ടി ജോസ്, സെക്രട്ടറി അഡ്വ പി വിശ്വംഭരപ്പണിക്കർ എന്നിവരാണ് ഇക്കാര്യം പറഞ്ഞത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തന്റെ ചിത്രംവെച്ച് അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് പോരാളി ഷാജി അക്കൗണ്ടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് ഇലക്ട്രറൽ ഓഫീസർക്കുമാണ് സുധീരൻ പരാതി നൽകിയത്. ഒരു നേതാക്കളേയും കടന്നാക്രമിക്കരുതെന്ന് സിപിഎം നേരത്തെ സൈബർ സഖാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അതൊന്നും നടപ്പായില്ല. ഇപ്പോഴും കളിയക്കാലുകൾ തുടരുന്നു. ഇത് തിരിച്ചറിഞ്ഞാണ് പോരാളി ഷാജിയേയും സിപിഎം തള്ളി പറയുന്നതെന്നാണ് സൂചന.
ആലപ്പുഴ മണ്ഡലത്തിലെ ബിജെപി. സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുന്നപ്ര രക്തസാക്ഷി സ്മാരകം സന്ദർശിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളെും സിപിഎമ്മിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സാമൂഹികമാധ്യമ വിഭാഗങ്ങൾക്ക് പാർട്ടി കർശന നിർദ്ദേശം നൽകിയത്. ഈ വിഷയത്തിൽ ചില 'സൈബർ സഖാക്കൾ' പൊങ്കാല തുടങ്ങിയയുടനെത്തന്നെ പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെടുകയും ചെയ്തു. വിവാദങ്ങൾക്ക് അപ്പുറം വികസനം ചർച്ചയാക്കാനാണ് നിർദ്ദേശം. എന്നാൽ പോരാളി ഷാജിയെ പോലുള്ള ഗ്രൂപ്പുകൾ ശൈലി മാറ്റത്തിന് തയ്യാറല്ല. ഈ സാഹചര്യത്തിലാണ് പോരാളി ഷാജിയുമായി യാതൊരു ബന്ധമില്ലെന്ന് തരത്തിൽ സിപിഎമ്മും പൊലീസിൽ പരാതി നൽകുന്നത്.
പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ വീടിനുമുകളിൽ കോൺഗ്രസ് പ്രവർത്തകൻ കയറിയസംഭവത്തെ സിപിഎം. നവമാധ്യമ ഗ്രൂപ്പുകൾ ട്രോളാക്കിയിരുന്നു. 'ഓട് നന്നാക്കാൻ യു.ഡി.എഫ്.' എന്ന മട്ടിൽ ട്രോളുകൾ പ്രചരിച്ചപ്പോൾത്തന്നെ പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും പിന്നാലെ പോകാതെ ജാഗ്രത കാട്ടണമെന്നാണ് നിർദ്ദേശം. ഇതിന് പിന്നാലെയായിരുന്നു ശ്രീധരനെ കളിയാക്കിയതും പാലക്കാട് സിപിഎമ്മിന് തിരിച്ചടിയായി.
മറുനാടന് മലയാളി ബ്യൂറോ