- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''ഇനിയൊരു കാറ്റ് വീശാനുണ്ട്..നല്ല വടക്കൻ കാറ്റ്..പലതും പാറിപോകുന്നത് കാണാം..അപ്പൊ വീണ്ടും കരഞ്ഞോണം..അയ്യോ അക്രമ രാഷ്ട്രീയം; ഈ ഒരു സംഗതിയാണ് കേരളത്തിൽ പൊതുവെ കണ്ട് വരുന്നത്': കണ്ണൂരിൽ സമാധാനശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ കുത്തിത്തിരിപ്പ് പോസ്റ്റുമായി സിപിഎം അനുകൂല 'പോരാളി ഷാജി'
കണ്ണൂർ: കൂത്തുപറമ്പിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ നാടാകെ അപലപിക്കവേ, വീണ്ടും പ്രകോപനം സൃഷ്ടിച്ച് സിപിഎം അനുകൂലഎഫ്ബി പേജായ പോരാളി ഷാജിയുടെ പോസ്റ്റ്.
'ഇന്ന് ഇതേ സമയം വരെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകളും കച്ചവട സ്ഥാപനങ്ങളും നിരവധി പാർട്ടി ഓഫിസുകളുമാണ് ലീഗ് ചെന്നായകൾ നശിപ്പിച്ചിട്ടുള്ളത്. ആരും ഒരു നിക്ഷ്പക്ഷനും ഒരു സമുദായ നേതാവും പാർട്ടിക്കാരും അരുതെന്ന് പറഞ്ഞിട്ടില്ല. ഇനിയൊരു കാറ്റ് വീശാനുണ്ട്. നല്ല വടക്കൻ കാറ്റ്. പലതും പാറിപോകുന്നത് കാണാം. അപ്പൊ വീണ്ടും കരഞ്ഞോണം. അയ്യോ അക്രമ രാഷ്ട്രീയം. ഈ ഒരു സംഗതിയാണ് കേരളത്തിൽ പൊതുവെ കണ്ട് വരുന്നത്.'ലീഗ് ഓഫീസുകൾ ആലിലകളായി പാറിപ്പോകുന്നത് കാണാം എന്നെഴുതിയ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.ആയിരത്തിലധികം പേർ ഇതിനകം പോസ്റ്റ് ഷെയർ ചെയ്തുകഴിഞ്ഞു. എഴുനൂറിലേറെ കമന്റുകളും.
പോരാളി ഷാജി അക്കൗണ്ടിനെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരനും രംഗതെത്തിയിരുന്നു. സൈബർ സഖാക്കളാണ് പോരാളി ഷാജിയായി സോഷ്യൽ മീഡിയയിൽ നിറയുന്നതെന്ന ചർച്ച സജീവമായിരുന്നു. എന്നാൽ പല ഇടപെടലും പിന്നീട് സിപിഎമ്മിന് വിനയാകുകയും ചെയ്തു. പോരാളി ഷാജി അക്കൗണ്ടിനെതിരെ പരാതിയുമായി എൽഡിഎഫും രംഗത്തെത്തിയത് വാർത്തയായി.എന്നാൽ പ്രത്യക്ഷത്തിൽ പോരാളി ഷാജിയെ തള്ളി പറയുന്നതായിരുന്നില്ല ആ പരാതി.
പോരാളി ഷാജി എന്ന വ്യാജ അക്കൗണ്ടുകളിൽ ചെങ്ങന്നൂർ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് നിർമ്മിച്ച പോസ്റ്റുകളിലൂടെ നടത്തുന്ന അപവാദപ്രചരണം തരംതാഴ്ന്നതും സമുദായ സൗഹാർദം തകർക്കാൻ ബോധപൂർവ്വം നിർമ്മിച്ചതുമാണെന്ന് ആരോപിച്ചാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികൾ പരാതി നൽകിയത്. പോസ്റ്റിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ടിനടക്കം പരാതി നൽകിയിരുന്നു, തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് അഡ്വ ജോയിക്കു ട്ടി ജോസ്, സെക്രട്ടറി അഡ്വ പി വിശ്വംഭരപ്പണിക്കർ എന്നിവരാണ് പരാതിക്കാർയ
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തന്റെ ചിത്രംവെച്ച് അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് പോരാളി ഷാജി അക്കൗണ്ടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് ഇലക്ട്രറൽ ഓഫീസർക്കുമാണ് സുധീരൻ പരാതി നൽകിയത്. ഒരു നേതാക്കളേയും കടന്നാക്രമിക്കരുതെന്ന് സിപിഎം നേരത്തെ സൈബർ സഖാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അതൊന്നും നടപ്പായില്ല.
ആലപ്പുഴ മണ്ഡലത്തിലെ ബിജെപി. സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുന്നപ്ര രക്തസാക്ഷി സ്മാരകം സന്ദർശിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളെും സിപിഎമ്മിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സാമൂഹികമാധ്യമ വിഭാഗങ്ങൾക്ക് പാർട്ടി കർശന നിർദ്ദേശം നൽകിയത്. ഈ വിഷയത്തിൽ ചില 'സൈബർ സഖാക്കൾ' പൊങ്കാല തുടങ്ങിയയുടനെത്തന്നെ പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെടുകയും ചെയ്തു. വിവാദങ്ങൾക്ക് അപ്പുറം വികസനം ചർച്ചയാക്കാനായിരുന്നു നിർദ്ദേശം. എന്നാൽ പോരാളി ഷാജിയെ പോലുള്ള ഗ്രൂപ്പുകൾ ശൈലി മാറ്റത്തിന് തയ്യാറല്ല. ഈ സാഹചര്യത്തിലാണ് പോരാളി ഷാജിയുമായി യാതൊരു ബന്ധമില്ലെന്ന് തരത്തിൽ സിപിഎമ്മും പൊലീസിൽ പരാതി നൽകുന്നത്.
സിപിഎം അനുകൂല ഫേസ്‌ബുക്ക് പേജായ പോരാളി ഷാജിക്ക് എട്ട് ലക്ഷത്തിലേറെ ഫോളോവേഴ്സ് ആണുള്ളത്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയാണ് പേജിന്റെ പ്രൊഫൈൽ പിക്ചറായി നൽകിയിരിക്കുന്നത്. സിപിഎം കേരള സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cpimkerala.org ആണ് ഈ പേജിന്റെ വെബ്സൈറ്റായി നൽകിയിരിക്കുന്നത്. സിപിഐ.എം കേരള, എം. സ്വരാജ് - യുവതയുടെ അഭിമാനം, സഖാക്കൾ, നവകേരളം 2021, എൽ.ഡി.എഫ് കേരളം, സിപിഎം സൈബർ വാരിയേഴ്സ്, ദേശാഭിമാനി ഗ്രൂപ്പ്, ദേശാഭിമാനി വീക്കിലി റീഡേഴ്സ്, നമ്മൾ സഖാക്കൾ തുടങ്ങി 25-ഓളം ഗ്രൂപ്പുകൾ ഈ പേജുമായി ലിങ്ക് ചെയ്തിട്ടുണ്ട്
.
ടിപി ചന്ദ്രശേഖരൻ കൊലപാതകത്തെ അധിക്ഷേപിച്ചവർക്ക് പോലും പോരാളി ഷാജിയുടെ കടന്നാക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നു. കെകെ രമയെ പരിധി വിട്ട് അപമാനിച്ചു. കണ്ണൂരിലെ യുവമോർച്ച നേതാവ് ലസിതാ പാലയ്ക്കൽ എന്തെഴുതിയാലും അതിനെ സ്ത്രീത്വത്തെ അപമാനിക്കും വിധം ആക്രമിച്ചു. ഇങ്ങനെ ഒരു ഗ്രൂപ്പിന് പിന്നിൽ യുവതികളും ഉണ്ടെന്ന് പുറത്തു വന്നിരുന്നു. സിപിഎമ്മിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ ചിത്രം മോർഫ് ചെയ്തും അപമാനിച്ചു. പ്രകോപനകരവും, സാമുദായിക സ്പർദ്ദ വളർത്തുന്ന രീതിയിലുള്ള കമന്റുകളും പോസ്റ്റുകളും പ്രചരിപ്പിച്ചു.
രാഷ്ട്രീയ എതിരാളികളെ തുടർച്ചയായി തേജോവധം ചെയ്ത് ഇടത് മനസുകളെ കീഴടക്കിയായിരുന്നു പോരാളി ഷാജിയുടെ സൈബർ ലോകത്തെ ഗുണ്ടാപ്പണി. സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജുകൾ നോക്കാത്തവർ പോലും ഷാജിയെ കൃത്യമായി വീക്ഷിച്ചിരുന്നു.
പോരാളി ഷാജി എന്നത് സിപിഎം അനുഭാവികൾക്ക് ഒരു സൈന്യാധിപനായിരുന്നു. യാതൊരു തെളിവും ഇല്ലാതെയും ആരെയും ആക്ഷേപിക്കും. പച്ചത്തെറി പരസ്യമായി വിളിച്ചുമായിരുന്നു വളർച്ച. നാലാം കിട ക്രിമിനലുകളേക്കാൾ തരം താഴും. അസഭ്യ ഭാഷയിൽ പി.എച്ച്.ഡി എടുത്ത ഷാജിയുടെ പദപ്രയോഗങ്ങൾ മാന്യന്മാരായ സിപിഎം പോരാളികൾക്ക് പോലും അലോസരം ഉണ്ടാക്കിയിരുന്നു. അതിനപ്പുറം സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരെ പോലും ഷാജി അപമാനിച്ചു. വ്യക്തിഹത്യ നടത്തി. വെല്ലുവിളിച്ചു. നല്ലതായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെ കരിവാരിത്തേച്ചു. അങ്ങനെ സോഷ്യൽ മീഡിയയിലെ കുപ്രസിദ്ധനായി. പോരാളി ഷാജി തന്നെയാണ് ഏറെ നാളായി സിപിഎമ്മിന്റെ സൈബർ ഗുണ്ടകളുടെ ആക്രമണത്തിന്റെ പോർമുന.
മറുനാടന് മലയാളി ബ്യൂറോ